ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്ക് കോടികള്‍ 'ചതുപ്പിലാക്കി പിന്മാറ്റം'
text_fieldsകാഞ്ഞിരമറ്റം: രാജ്യാന്തരതലത്തില്‍ ഇലക്ട്രോണിക്സ് വ്യവസായ നഗരങ്ങളുടെ പട്ടികയിലേക്ക് ആമ്പല്ലൂരിനെ പിടിച്ചുയര്‍ത്തുന്ന സ്വപ്നപദ്ധതിയായിരുന്നു അമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്ക്. എന്നാല്‍, ആമ്പല്ലൂര്‍ നിവാസികളുടെ സ്വപ്നങ്ങള്‍ തകര്‍ത്തുകൊണ്ടാണ് കഴിഞ്ഞ ദിവസം മന്ത്രി പി. രാജീവ് പ്രഖ്യാപനം നടത്തിയത്. പദ്ധതിപ്രദേശം ചതുപ്പുനിലമാണെന്നും ഇത്തരം വ്യവസായ പാര്ക്കിന് അനുയോജ്യമല്ലെന്നും പകരം പെരുമ്പാവൂരില്‍ സ്ഥാപിക്കാനുള്ള സാധ്യത കണ്ടെത്തുമെന്നുമായിരുന്നു മന്ത്രിയുടെ അറിയിപ്പ്. അതേസമയം 2010ല്‍ കൊട്ടിഗ്ഘോഷിച്ച് പദ്ധതി അവതരിപ്പിക്കുമ്പോഴും ഈ സ്ഥലം ചതുപ്പുനിലം തന്നെയായിരുന്നു. ഇവിടെത്തന്നെയാണ് ഇലക്ട്രോണിക്സ് പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതിലൂടെ 10,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പദ്ധതി എത്രയുംവേഗം നടപ്പാക്കുമെന്നും സര്‍ക്കാറുകൾ ആവര്‍ത്തിച്ച് പറഞ്ഞത്.
ആദ്യഘട്ടത്തില്‍ 1149 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനായിരുന്നു തീരുമാനം. 600 കോടി രൂപ ചെലവിട്ട് ആമ്പല്ലൂര്‍, ഉദയംപേരൂര്‍ പഞ്ചായത്തുകളിലായി വലിയ വ്യവസായസാമ്രാജ്യം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സ്ഥലത്തില്‍ ഭൂരിഭാഗവും അന്താരാഷ്ട്രതലത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാനുള്ള 'റംസാര്‍ ഉടമ്പടി'യില്‍ പെട്ടതായതോടെ പദ്ധതിക്ക് തിരിച്ചടിയായി. അതോടെ 1149 ഏക്കര്‍ എന്ന തീരുമാനം 100 ഏക്കറായി ചുരുങ്ങി. ഇതില്‍ 12 ഏക്കറിനടുത്ത് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. 55 കോടി സ്ഥലമേറ്റെടുക്കലിനായി ചെലവഴിക്കുകയും ചെയ്തു.
പദ്ധതിയുമായി സ്ഥലമേറ്റെടുപ്പ് തുടങ്ങിയപ്പോഴേ പല കോണുകളില്‍നിന്നായി പരിസ്ഥിതി പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടതിനെതുടര്ന്ന് മൂന്നുതവണ റീസര്‍വേ നടത്തിയിരുന്നു.
പദ്ധതി അനിശ്ചിതമായി നീണ്ടപ്പോള്‍ തരിശുകിടക്കുന്ന ചതുപ്പ് ഉള്‍പ്പെടെയുള്ള ഭൂമി മരങ്ങള്‍ വളര്‍ന്ന് കൊടുംകാടായി.
വെള്ളക്കെട്ടും വിഷജന്തുക്കളുടെ ശല്യവുംമൂലം ഇതിനിടയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണമായി. ഇവര്‍ക്ക് ഈ ഭൂമി വില്‍ക്കാനും കഴിയാത്ത സ്ഥിതിയായി. ഇലക്ട്രോണിക്സ് പാര്‍ക്കിെൻറ പേരുപറഞ്ഞ് ഭൂമാഫിയകളും മുതലെടുപ്പ് നടത്തി. മൂന്നുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ മേയിലും മന്ത്രി പി. രാജീവ് ഉറപ്പുനല്‍കിയിരുന്നു. പദ്ധതി ആമ്പല്ലൂരില്‍നിന്ന് മാറ്റുകയാണെന്ന സര്‍ക്കാർ സമീപനം യുവജനങ്ങളുടെ പ്രതീക്ഷകളെ തകിടംമറിക്കുന്നതാണെന്നും തീരുമാനത്തിൽനിന്ന് പിന്മാറണമെന്നും അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.