ചക്രക്കസേരയിലിരുന്നും കട്ടിലിൽ കിടന്നും മിഥുൻ കോറിയിട്ട കവിതകൾ ആൽബമാകുന്നു
text_fieldsപള്ളുരുത്തി: ഏഴുവർഷം മുമ്പ് റോഡരികിലെ വൃക്ഷശിഖരം ഒടിഞ്ഞുവീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ മിഥുൻ എന്ന യുവാവ് എഴുതിയ ഗാനങ്ങൾ ആൽബമായി പുറത്തിറങ്ങുന്നു. സുഹൃത്തിന്റെ ബൈക്കിന് പിന്നിലിരുന്ന് ജോലിക്ക് പോകുന്നതിനിടെയാണ് പള്ളുരുത്തിയിൽ സംസ്ഥാന പാതയോരത്തുനിന്ന തണൽ വൃക്ഷത്തിെൻറ ശിഖരം ഒടിഞ്ഞുവീണ് നട്ടെല്ലിന് പരിക്കേറ്റത്.
സംഭവം മിഥുെൻറ ജീവിതംതന്നെ മാറ്റിമറിച്ചു. ലക്ഷങ്ങൾ ചെലവഴിച്ച് ചികിത്സ നടത്തിയെങ്കിലും അസുഖം ഭേദമായില്ല. ഒരേ കിടപ്പായിരുന്നു. അടുത്തിടെയാണ് വീൽചെയറിൽ ഇരിക്കാൻ പോലുമായത്. ഏഴുവർഷത്തെ ഏകാന്തതയിൽനിന്ന് മിഥുൻ പതിയെ എഴുന്നേൽക്കുകയാണ്. പലപ്പോഴായി വെള്ളപേപ്പറുകളിൽ മിഥുൻ കോറിയിട്ട വരികൾക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് അയൽവാസിയും സുഹൃത്തുമായ ഷിലിനായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ മിഥുെൻറ കവിതകൾ പുതുവെളിച്ചം കണ്ടു. പലതും വൈറലായി. ഇതിൽ മികച്ചത് ഏതെന്ന് കൂട്ടുകാർക്കും തിരിച്ചറിയാൻ പ്രയാസമായി. സുഹൃത്ത് ഷിലിൻ അതിൽനിന്ന് ഒരു പാട്ട് ചിട്ടപ്പെടുത്തി മിഥുനെ കേൾപ്പിച്ചു. പാട്ട് കേട്ടുതീരുന്നതിനുമുമ്പേ മിഥുെൻറ കണ്ണുകൾ നിറഞ്ഞൊഴുകി. ആ പാട്ടിൽ മിഥുെൻറ ജീവിതംതന്നെ എഴുതിയിട്ടത് കൂട്ടുകാർപോലും അപ്പോഴാണ് തിരിച്ചറിഞ്ഞത്.
പിന്നെ വൈകിയില്ല, കവിതകൾ ഉൾപ്പെടുത്തി കൂട്ടുകാരുടെ കൂട്ടായ്മ ആൽബമാക്കുകയായിരുന്നു. 'മൗനം' എന്ന ആൽബത്തിൽ ഗായകൻ ബിമൽ പങ്കജ് പാട്ടുകൾ ആലപിച്ചു. ജീമോൻ കുമ്പളങ്ങി ചിത്രസന്നിവേശവും സംവിധാനവും നിർവഹിച്ചു. പ്രകാശനം ഞായറാഴ്ച വൈകീട്ട് മൂന്നിന് കോതകുളങ്ങര ശാസ്താ ക്ഷേത്രമൈതാനിയിൽ കെ. ബാബു എം.എൽ.എ നിർവഹിക്കും. കൗൺസിലർ രഞ്ജിത് മാസ്റ്റർ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.