എങ്ങനെയിറങ്ങും ഞങ്ങളീ മണ്ണിൽനിന്ന്...
text_fieldsതാരതമ്യേന ജനവാസം കുറഞ്ഞ മേഖലയിലൂടെയാണ് അങ്കമാലി-കുണ്ടന്നൂർ ബൈപാസ് കടന്നുപോവുകയെന്ന അവകാശവാദം ശരിയല്ല. ആലുവ താലൂക്കിലെ കാഞ്ഞൂർ പഞ്ചായത്തിൽ മാത്രം 250ഓളം കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ
‘‘എന്റെ അമ്മച്ചി അന്നമ്മക്ക് 86 വയസ്സുണ്ട്. പ്രായക്കൂടുതലിന്റേതായ അസുഖങ്ങളുണ്ട്. വർഷങ്ങളായി ഈ നാട്ടിലാണ് ഞങ്ങൾ ജീവിച്ചുപോന്നിരുന്നത്. വരാൻപോകുന്ന ഹൈവേയെക്കുറിച്ചോ നമ്മളിവിടുന്ന് വീട് മാറേണ്ടിവരുന്നതിനെപ്പറ്റിയോ ഒന്നും അമ്മയോട് പറയാൻ പറ്റില്ല. അവരതെങ്ങനെ ഉൾക്കൊള്ളുമെന്ന പേടിയാണ് കാരണം. ആധി കേറി അമ്മക്ക് വല്ലതും സംഭവിച്ചാലോ എന്നാണ് ടെൻഷൻ’’ -പറയുന്നത് നിർദിഷ്ട അങ്കമാലി-കുണ്ടന്നൂർ ബൈപാസ് കടന്നുപോകാനിരിക്കുന്ന പട്ടിമറ്റം സ്വദേശി ഷിബു ജോസഫാണ്. പട്ടിമറ്റം ടൗണിനോട് ചേർന്ന് നിർദിഷ്ട പാത കടന്നുപോകുമ്പോൾ ഇദ്ദേഹത്തിന്റെ വീടും തൊട്ടടുത്ത് അനുജന് ബോബി ജോസഫിന്റെ പേരിലുള്ള തറവാടുവീടും നഷ്ടമാകും. തന്റെ വീടും സ്ഥലത്തിന്റെ ഒരു ഭാഗവും നഷ്ടപ്പെടുമെങ്കിലും അവശേഷിക്കുന്ന ഭാഗത്ത് വീട് പണിയാനാവുമോ എന്നും പണിയാമെങ്കിൽതന്നെ എത്രകാലം കാത്തിരിക്കേണ്ടി വരുമെന്നും പട്ടിമറ്റം വില്ലേജ് ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡൻറ് ഷിബു ആശങ്കപ്പെടുന്നു. എൻ.എച്ച് റോഡിന്റെയും സർവിസ് റോഡിന്റെയും പണി പൂർത്തിയായാലേ ഈ സ്ഥലത്തേക്കുള്ള വഴിയൊരുങ്ങൂ.
ഇത് ഒരു ഷിബുവിന്റെയോ ബോബിയുടെയോ മാത്രം ആധിയല്ല. താരതമ്യേന ജനവാസം കുറഞ്ഞ മേഖലയിലൂടെയാണ് ഗ്രീൻഫീൽഡ് കടന്നുപോവുകയെന്ന അവകാശവാദം ശരിയല്ല. ആലുവ താലൂക്കിലെ കാഞ്ഞൂർ പഞ്ചായത്തിൽ മാത്രം 250ഓളം കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ. ഏറ്റവും കൂടുതൽ പേർക്ക് കിടപ്പാടം നഷ്ടപ്പെടുന്നതും ഈ മേഖലയിൽതന്നെ. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളാണ് ഇവിടം. കാഞ്ഞൂരിന്റെ മറ്റൊരു പ്രത്യേകത ഒരു ഭാഗത്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും മറുഭാഗത്ത് പെരിയാർനദിയും വരുന്നുവെന്നാണ്. വീടുകളുടെയും സ്ഥലങ്ങളുടെയും ആധാരമുൾപ്പെടെ രേഖകൾ വീടുനിർമാണത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി ബാങ്കുകളിൽ സമർപ്പിച്ച നിരവധി കുടുംബങ്ങൾ ഇക്കൂട്ടത്തിലുണ്ട്. നഷ്ടപരിഹാരം കിട്ടിയാൽതന്നെ ബാങ്ക് വായ്പ തീർത്തുകഴിഞ്ഞാൽ കൈയിൽ വല്ലതും കിട്ടുമോയെന്നാണ് ഇവരുടെ ചോദ്യം. ഉയർന്ന പലിശ നിരക്കിൽ വായ്പയെടുത്ത് കൊച്ചു വീട് പണിത്, അന്നന്നത്തെ നിത്യവൃത്തിക്കായി കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരുൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്.
വെങ്ങോല പഞ്ചായത്തിലെ പോഞ്ഞാശ്ശേരി ചെമ്പാരത്തുകുന്നിലെ എ.കെ. അഫ്സലിന് നഷ്ടമാകുന്നത് വീടു മാത്രമല്ല, തന്റെ വീടിനോട് ചേർന്ന് 30 വർഷം മുമ്പ് സ്ഥാപിച്ച മെറ്റൽ ക്രഷർ യൂനിറ്റ് കൂടിയാണ്. തന്റെ കുടുംബത്തിന്റെ ഉപജീവനം കൂടാതെ 15 പേർക്ക് നേരിട്ടും അത്രതന്നെ പേർക്ക് നേരിട്ടല്ലാതെയും ജോലി നൽകുന്ന സ്ഥാപനം ഇല്ലാതാവുമ്പോൾ മാറിയ നിയമങ്ങളുടെ സാഹചര്യത്തിൽ പുതിയതൊന്ന് തുടങ്ങാനുള്ള നൂലാമാലകൾ ഓർത്തിട്ടുകൂടിയാണ് ഇദ്ദേഹത്തിന്റെ ഉറക്കം നഷ്ടപ്പെടുന്നത്.
30 വർഷം മുമ്പ് നിർമിക്കുകയും അടുത്തിടെ വലിയ തുക ചെലവഴിച്ച് നവീകരിക്കുകയും ചെയ്ത വീട് നഷ്ടപ്പെടുന്നതിന്റെ വേദനയാണ് തിരുവാണിയൂർ പഞ്ചായത്തിലെ വണ്ടിപ്പേട്ട കുമ്പപ്പിള്ളിയിലെ വെറ്ററിനറി വകുപ്പ് റിട്ട. ജോയൻറ് ഡയറക്ടർ ഡോ. മറിയാമ്മക്കും മിൽമ സീനിയർ മാനേജറായി വിരമിച്ച ഭർത്താവ് വി.പി. മാത്യുവിനും പറയാനുള്ളത്.
ഇവരുടെ 350 മീറ്റർ ചുറ്റളവിൽ 20 വീടും പത്തോളം കടകളും ഗ്രീൻഫീൽഡിന്റെ വരവോടെ ഇല്ലാതാകും.
തലമുറകളായി താമസിച്ചുപോരുന്ന, വൈകാരിക ബന്ധമുള്ള ഭൂമിയിൽനിന്ന് പ്രിയപ്പെട്ടവരുള്ള പള്ളി ഇടവകയിൽനിന്നുമെല്ലാം സകലതും ഉപേക്ഷിച്ച് പോകേണ്ടിവരുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചിട്ടില്ലെന്ന് അവർ പറയുമ്പോൾ വാക്കുകളിൽ നിരാശക്കൊപ്പം വേദനയും കലർന്നിരുന്നു.
ഗ്രീൻഫീൽഡായതിനാൽ വീടുകളെ അധികം ബാധിക്കാതെ പാടം വഴിയാണ് ഈ ഭാഗത്ത് റോഡ് വരുകയെന്ന പ്രതീക്ഷയിലായിരുന്നു പലരും. എന്നാൽ, അലൈൻമെൻറ് കണ്ടപ്പോൾ സകലരും ഞെട്ടി.
ചിലരുടെ വീടിന്റെ മുൻഭാഗം നഷ്ടപ്പെടുമ്പോൾ ബാക്കി ഭാഗം ഉപയോഗശൂന്യമാവും. ചിലരുടെ വീടിന്റെ പിറകുവശത്തുനിന്ന് സ്ഥലമേറ്റെടുക്കുമ്പോഴും ഇതുതന്നെ സ്ഥിതി. എന്നാൽ, അവശേഷിക്കുന്ന സ്ഥലം ഉപയോഗശൂന്യമാവുമ്പോൾ ഈ ഭാഗത്തിനുള്ള നഷ്ടപരിഹാരം തന്നില്ലെങ്കിലോ എന്ന ആശങ്കയാണ് പലരെയും അലട്ടുന്നത്. ഇതുകൂടാതെ വരാൻ പോകുന്ന നടപടിക്രമങ്ങളെക്കുറിച്ച് ഒരു അറിവുമില്ലാത്ത, സ്വന്തമായി പാൻകാർഡോ ബാങ്ക് അക്കൗണ്ടോപോലുമില്ലാത്തവരും ഇവരിൽപെടുന്നു.
വീടോ സ്ഥലമോ കെട്ടിടമോ ഒക്കെ നഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം ആശങ്ക വർധിപ്പിക്കുന്ന മറ്റൊരു ഘടകമുണ്ട്; ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് കൃത്യമായ ആശയവിനിമയമോ വിശദീകരണമോ ലഭിക്കുന്നില്ലെന്നതാണത്. അതേക്കുറിച്ച് നാളെ...
((തുടരും...))
വ്യാപാരികളുടെ മുന്നിൽ ഇരുട്ടുമാത്രം
പുതിയ പാതക്കായി വീടുകളും ഭൂമിയും മാത്രമല്ല, നഷ്ടപ്പെടുന്നതിൽ കടകളും വ്യാപാര-വ്യവസായ സ്ഥാപനങ്ങളുമെല്ലാമുണ്ട്. അതും ഒന്നും രണ്ടുമല്ല, ആയിരത്തിനടുത്ത് സ്ഥാപനങ്ങളാണ് ഇത്തരത്തിൽ ഇല്ലാതാവുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ് ചൂണ്ടിക്കാട്ടി.
ഏതൊരു വികസന പദ്ധതിക്കും ആദ്യം ഒഴിപ്പിക്കപ്പെടുന്നത് വ്യാപാരികളാണ്. നഷ്ടം ഏറ്റവും കൂടുതൽ തങ്ങൾക്കാണെങ്കിലും നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ തങ്ങളോട് വിവേചനമാണ്. നിലവിൽ എൻ.എച്ച് 66 പദ്ധതിക്കുവേണ്ടി ഒഴിപ്പിക്കപ്പെട്ടവർക്കുപോലും നഷ്ടപരിഹാരം ലഭിക്കാത്തതിനെത്തുടർന്ന് കേസുകൾ നടന്നുകൊണ്ടിരിക്കുകയാണ്.
റോഡ് കുണ്ടന്നൂരിൽ അവസാനിക്കുന്ന നെട്ടൂർ മാർക്കറ്റിന്റെ പുറത്ത് ഇരുവശത്തുമായി 60ലേറെ സ്ഥാപനങ്ങൾ പൊളിച്ചുമാറ്റാനിടയുണ്ടെന്ന് ജില്ലാ സെക്രട്ടറിയും നെട്ടൂർ യൂനിറ്റ് പ്രസിഡൻറുമായ കെ.എസ്. നിഷാദ് പറഞ്ഞു. ഇക്കൂട്ടത്തിൽ ചെറിയ പലചരക്കുകട മുതൽ ഓട്ടോമൊബൈൽ ആക്സസറീസ് ഷോപ് വരെയുണ്ട്.
നെട്ടൂർ ഭാഗത്തെ മാത്രം കണക്കാണിത്, മറ്റിടങ്ങളിലായി നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങൾ വേറെയും നഷ്ടപ്പെടുന്നുണ്ട്. ഇതിൽതന്നെ 95 ശതമാനവും വാടക നൽകി കച്ചവടം ചെയ്യുന്നവരാണ്.
കെട്ടിട ഉടമക്ക് തരക്കേടില്ലാത്ത നഷ്ടപരിഹാരം കിട്ടിയാലും കട നടത്തുന്നവർക്ക് ഇതിൽ നാമമാത്ര തുകയേ ലഭിക്കൂവെന്നാണ് ഇവരുടെ പരാതി.
ഒരുപാട് പ്രതീക്ഷയോടെ ബാങ്ക് വായ്പയെടുത്തും ഭാര്യയുടെ കെട്ടുതാലി വരെ പണയം വെച്ചും തുടങ്ങിയ സ്ഥാപനങ്ങൾ ഇക്കൂട്ടത്തിലുണ്ടെന്ന് വ്യാപാരിനേതാക്കൾ കൂട്ടിച്ചേർത്തു. ദേശീയപാത കുണ്ടന്നൂരിനടുത്ത് നെട്ടൂരിൽ അവസാനിക്കുന്ന ഭാഗത്താണ് ഏറ്റവും കൂടുതൽ കടകൾ നഷ്ടപ്പെടുന്നത്.
തങ്ങളുടെ മാത്രമല്ല, കടയിൽ ജോലി ചെയ്യുന്നവരുടെകൂടി ഉപജീവനമാർഗമാണ് നഷ്ടപ്പെടാൻ പോവുന്നത്. നിലവിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടമാകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിനൊപ്പം കൃത്യമായ രീതിയിൽ പുനരധിവസിപ്പിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കലക്ടർക്കും എം.എൽ.എക്കുമുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.