ഇൻഫോപാർക്ക് മേഖലയിൽ പ്രാണിശല്യം
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭയിൽ പ്രാണിശല്യം രൂക്ഷമാകുന്നു. ഇൻഫോ പാർക്കിനടുത്ത് ഇടച്ചിറയിലാണ് ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ പ്രാണികൾ എത്തിയത്. ഇവയുടെ ആക്രമണത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റു. ആക്രമണമേറ്റ ഭാഗങ്ങളിലെ തൊലി പോകുകയും കറുത്ത നിറം വ്യാപിക്കുകയും ചെയ്യുന്നതായി ഇവർ പറഞ്ഞു.
ഇടച്ചിറയിലെ സ്കൈലൈൻ ഫ്ലാറ്റിലെ അന്തേവാസികൾക്കാണ് കഴിഞ്ഞ ദിവസം പ്രാണിയുടെ ആക്രമണമേറ്റത്. മെഡിക്കൽ റെപ്രസേൻററ്റിവായ സിജോ ഉൾെപ്പടെ നാലുപേർക്ക് പരിക്കേറ്റു. സിജോയുടെ കൈയിൽ വന്നിരുന്ന പ്രാണികളെ ആട്ടിയോടിക്കുന്നതിനിടെ പുറത്തുവന്ന ലായനി പറ്റിയ സ്ഥലങ്ങളിൽ ചൊറിച്ചിലുണ്ടാക്കുകയും തൊലി പോകുകയുമായിരുന്നു. ചിലരുടെ കൈകളിൽ കറുത്ത പാടുകളും ഉണ്ടായിട്ടുണ്ട്.
വാർഡ് കൗൺസിലർമാരായ അനിത ജയചന്ദ്രൻ, അബ്ദു ഷാന അബ്ദു എന്നിവർ വിവരമറിയിച്ചതിനെത്തുടർന്ന് നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ റാഷിദ് ഉള്ളംപള്ളി എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം സ്ഥലത്തെത്തി. പ്രാണികളെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ സതീഷ് വിവരമറിയിച്ചതിനെത്തുടർന്ന് ഡിസ്ട്രിക്ട് വെറ്ററിനറി കൺട്രോൾ യൂനിറ്റ് (ഡി.വി.സി) സ്ഥലത്തെത്തി പ്രാണിയുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് റാഷിദ് ഉളള്ളംപള്ളി പറഞ്ഞു. കൗൺസിലർമാരായ യൂനുസ്, സി.സി. വിജു എന്നിവരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജികുമാർ, സത്താർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.