അഗ്രോ സർവിസ് സെന്ററിലെ കാർഷികോപകരണങ്ങൾ നശിക്കുന്നു
text_fieldsഅങ്കമാലി: ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ തുറവൂർ പഞ്ചായത്തിലെ കിടങ്ങൂരിൽ അര ഏക്കർ സ്ഥലത്തെ ആഗ്രോ സർവീസ് സെന്റർ മാലിന്യ സംഭരണകേന്ദ്രമാകുന്നതായി ആക്ഷേപം. തെരുവ് നായ്ക്കൾ പെറ്റുപെരുകുന്നതായും നാഥനില്ലാത്ത അവസ്ഥയാണെന്നുമാണ് ആക്ഷേപം. കർഷകർക്ക് കൃഷിചെയ്യുന്നതിനാവശ്യമായ കാർഷിക ഉപകരണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക ലക്ഷ്യത്തോടെ ആരംഭിച്ച സെന്റർ ശോച്യാവസ്ഥയുടെ രൂക്ഷാവസ്ഥ നേരിടുകയാണ്.
കാർഷിക യന്ത്രങ്ങളധികവും തുരുമ്പെടുത്ത് നശിക്കുകയാണ്. സെന്ററിന് സമീപം വനിത വികസനകേന്ദ്രത്തിന്റെ പേരിൽ ആരംഭിച്ച സിമൻറ് കട്ട നിർമ്മാണ യൂനിറ്റ് ഒന്നര വർഷമായി അടച്ചുപൂട്ടിയിരിക്കുകയാണ്. അരക്കോടിയോളം മുടക്കി വാങ്ങിയ കൊയ്ത്ത് മെതിയന്ത്രം, ട്രാക്ടർ,ടില്ലർ, കളപറിക്കുന്നതിനും കുഴിയെടുക്കുന്നതിനും മറ്റും ഉപയോഗിക്കാനുള്ള യന്ത്രങ്ങളടക്കം ഉപയോഗശൂന്യമായി കിടന്ന് തുരുമ്പെടുത്ത് നശിക്കുകയുമാണ്.
കാർഷിക ഉപകരണങ്ങൾ കർഷകർക്ക് ഉപയോഗപ്പെടുത്തുന്നതിനും നോക്കി നടത്തുന്നതിനും മറ്റും നേരത്തെ ചുമതലക്കാരു ണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നില്ല. പല പരമ്പരാഗത കർഷകരും കാർഷിക ഉപകരണങ്ങളില്ലാത്തതിനാൽ വലയുകയാണ്. സ്വകാര്യ വ്യക്തികൾ വാടകക്ക് നൽകുന്ന യന്ത്രങ്ങൾ ഭീമമായ തുകക്ക് നൽകിയെടുത്താണ് എടുക്കേണ്ട സ്ഥിതിയാണ്. ഉപകരണങ്ങളുടെ അപര്യാപ്തതമൂലം ഏക്കർകണക്കിന് തരിശിടങ്ങളിലെ നെൽകൃഷിയും മറ്റു വിവിധ കൃഷികളും പലയിടത്തും നിലച്ചിരിക്കുകയാണ്.
ആഗ്രോ സർവീസ് സെന്ററിലെ യന്ത്രങ്ങളുടെ വാടകയിനത്തിൽ ലഭിച്ച 20 ലക്ഷം രൂപ അങ്കമാലി അർബൻ സഹകരണ സംഘത്തിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ബാങ്കിൽ തിരിമറി നടന്നതോടെ സെൻറർ വക ഫണ്ടും പ്രതിസന്ധിയിലായി. സ്ഥാപനത്തിന്റെ ശോച്യാവസ്ഥയും നിരുത്തരവാദത്തവും കർഷകർ അടക്കമുള്ളവർ ചൂണ്ടിക്കാണിച്ചിട്ടും ബന്ധപ്പെട്ട അധികാരികൾ ഗൗനിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതേത്തുടർന്ന് പ്രക്ഷോഭ സമരത്തെക്കുറിച്ച് ആലോചിക്കുകയാണ് കർഷകരും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.