നാണക്കേടിന്റെ നേർക്കാഴ്ച; അങ്കമാലി താലൂക്ക് ആശുപത്രിയിൽ ആംബുലൻസും ‘മോർച്ചറി’യിൽ
text_fieldsഅങ്കമാലി: മൂന്നര പതിറ്റാണ്ടുമുമ്പ് കണ്ടംചെയ്ത താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് എന്തുചെയ്യണം, എങ്ങോട്ട് നീക്കണമെന്നറിയാതെ ആശുപത്രി അധികൃതർ. പതിറ്റാണ്ടുകളായി ആശുപത്രിയുടെ ചുറ്റുവശങ്ങളിൽ പലയിടത്തായി പാർക്ക് ചെയ്തിരുന്ന ആംബുലൻസ് ഇപ്പോൾ മോർച്ചറിക്ക് സമീപത്തേക്കാണ് നീക്കിയിരിക്കുന്നത്. ആംബുലൻസിൽ പട്ടിയും പാമ്പും ക്ഷുദ്രജീവികളുമടക്കം വിഹരിക്കുന്നത് രോഗികൾക്കും ആശുപത്രിയിലെത്തുന്ന മറ്റുള്ളവർക്കും ഭീഷണിയാണ്.
എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന അങ്കമാലി ടൗണിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ ആശുപത്രികളെപ്പോലും വെല്ലുന്ന സൗകര്യമുള്ള അങ്കമാലി താലൂക്ക് ആശുപത്രി നാൾക്കുനാൾ പുരോഗതി കൈവരിച്ചുവരുകയാണ്. എന്നാൽ, 35 വർഷംമുമ്പ് ഉപേക്ഷിച്ച തുരുമ്പായിത്തീർന്ന ആംബുലൻസ് ആശുപത്രി വളപ്പിൽനിന്ന് നീക്കംചെയ്യാത്തത് നാണക്കേടിന്റെ നേർക്കാഴ്ചയാണ്.
പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവർത്തനം ആരംഭിച്ചകാലം മുതൽ ഉപയോഗിച്ചിരുന്ന ആംബുലൻസ് സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തിയപ്പോഴും അനേകങ്ങൾക്ക് സാന്ത്വനമേകിയിയിരുന്നു. മറ്റഡോർ കമ്പനിയുടെ ആംബുലൻസ് മാറ്റി ആധുനിക രീതിയിലുള്ള ആംബുലൻസ് നൽകാമെന്ന് സർക്കാർ നൽകിയ ഉറപ്പിലാണ് പ്രവർത്തനം നിർത്തിവെച്ചതും അറ്റകുറ്റപ്പണി നടത്താതിരുന്നതും.
എന്നാൽ, വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സർക്കാറിൽനിന്ന് ആംബുലൻസിന് പകരം ലഭിച്ചത് ജീപ്പായിരുന്നുവത്രേ. ആംബുലൻസ് നൽകുന്നത് സംബന്ധിച്ച് പിന്നീട് ഒരറിയിപ്പുമുണ്ടായില്ല. എന്നാൽ, കട്ടപ്പുറത്തായ ആംബുലൻസ് എന്ത് ചെയ്യണമെന്ന കാര്യത്തിൽ നിർദേശമുണ്ടായില്ല.
പിന്നീടുള്ള കാലം ഉപേക്ഷിക്കപ്പെട്ട ആംബുലൻസ് എന്തുചെയ്യണമെന്ന നിർദേശം സർക്കാറിൽനിന്ന് ലഭിക്കാൻ മാറിമാറി വരുന്ന ആശുപത്രി സൂപ്രണ്ടുമാർ ഡി.എം.ഒക്ക് എഴുതുന്നുണ്ടെങ്കിലും നാളിതുവരെ ഒരു പരിഹാര നിർദേശവുമുണ്ടായിട്ടില്ലത്രേ. ലേലം ചെയ്ത് നീക്കുകയോ ആരോഗ്യ വകുപ്പ് തിരിച്ചെടുക്കുകയോ താലൂക്കാശുപത്രിയുടെ ഭരണച്ചുമതലയുള്ള നഗരസഭക്ക് പരിഹാരനടപടി സ്വീകരിക്കുന്നതിനോ ഒരു നിർദേശവും ലഭിക്കുന്നില്ലത്രേ.
ആശുപത്രിക്ക് നാണക്കേടായിത്തീർന്ന ആംബുലൻസ് നീക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പിനും ബന്ധപ്പെട്ട അധികാരികൾക്കും എഴുതിയ കത്തുകൾക്ക് കണക്കില്ലെന്നാണ് താലൂക്ക് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ ചാർജെടുത്ത മെഡിക്കൽ സൂപ്രണ്ടും ആംബുലൻസ് നീക്കാൻ കത്തെഴുതിയിരുന്നു.
ജില്ല അതിർത്തിയിലെ സർക്കാർ ആതുരാലയം എന്നനിലയിൽ മന്ത്രിമാരടക്കം സന്ദർശിക്കുമ്പോഴും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ദേശീയ, സംസ്ഥാന, ജില്ലതല പരിപാടികൾക്ക് പ്രമുഖരെത്തുമ്പോഴും ആംബുലൻസ് ആശുപത്രിക്ക് നാണക്കേടായിരിക്കുകയാണ്. വെള്ളിയാഴ്ച എയ്ഡ്സ് ദിനാചരണ ജില്ലതല ഉദ്ഘാടനവും അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.