അങ്കമാലിയിലെ കുടുംബത്തിലെ മൂന്നു പേർ മരിച്ച സംഭവം: രക്ഷിച്ചിട്ടും ജീവൻ നഷ്ടപ്പെട്ട് ആസ്തിക്; കണ്ണീരു മായാതെ സിജോ ജോസ്
text_fieldsഅങ്കമാലി: ജീവൻ നഷ്ടപ്പെട്ട മാതാപിതാക്കൾക്കരികിൽനിന്ന് ശരീരം വെന്തുരുകിയ കുരുന്നുമക്കളെയുംകൊണ്ട് സാഹസികമായി കാറോടിച്ച് ആശുപത്രിയിലെത്തിച്ചതിന്‍റെ നടുക്കം വിട്ടുമാറാതെയിരിക്കുകയായിരുന്നു അങ്കമാലി പുളിയനത്തെ മേലാപ്പിള്ളി സിജോ ജോസ്. താൻ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച കുരുന്നുബാലൻ ആസ്തിക്കിന് ഒന്നും പറ്റരുതേയെന്ന പ്രാർഥന ശനിയാഴ്ച രാത്രി വിഫലമായതോടെ അദ്ദേഹത്തിന്‍റെ ദു:ഖം ഇരട്ടിയായി. ഏറെ സാഹസികമായാണ് അദ്ദേഹം പുളിയനത്തെ സനലും സുമിയും മരിച്ച വീട്ടിൽ നിന്ന് ഇവരുടെ മക്കളായ 11കാരൻ അശ്വതിനെയും തൊട്ടുപിറകെ ആറുവയസ്സുകാരനായ ആസ്തിക്കിനെയും ആശുപത്രിയിലെത്തിച്ചത്. തീപടർന്ന് വെന്തുരുകിയ നിലയിലായിരുന്നു ആസ്തിക് എങ്കിലും ജീവൻ രക്ഷിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.
പിടയുന്ന മനസ്സോടെയാണ് അദ്ദേഹം സംഭവം വിവരിച്ചത്. പുളിയനത്ത് ശനിയാഴ്ച പുലർച്ച 12.30ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം. തൊട്ടടുത്ത വീട്ടിലെ കുട്ടികൾ വാവിട്ട് കരയുന്നതുകേട്ട് കിടപ്പുമുറിയുടെ ജനൽ തുറന്നുനോക്കിയതോടെ വീടിനകത്തുനിന്ന് തീയും പുകയും ഉയരുന്നുണ്ടായിരുന്നുവെന്ന് അങ്കമാലി കിഴക്കെപള്ളിക്ക് സമീപത്തെ ‘ഫ്ലൈറ്റ് പാർക്ക്’ ട്രാവൽസ് ഉടമയായ സിജോ ജോസ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്നറിയാതെ സിജോ അവിടെ ഓടിയെത്തിയെങ്കിലും മുൻവശത്തെ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു.
വാതിൽ ചവിട്ടിത്തുറന്നപ്പോൾ ഓടുമേഞ്ഞ വീടിന്‍റെ മേൽക്കൂരയിൽ ഗൃഹനാഥനായ സനലിനെ തൂങ്ങി മരിച്ചനിലയിലും തീയും പുകയും നിറഞ്ഞ തൊട്ടടുത്ത മുറിയിൽ സനലിന്‍റെ ഭാര്യ സുമി കത്തിക്കരിഞ്ഞ് മരിച്ചനിലയിലും കാണപ്പെടുകയായിരുന്നു. അപ്പോഴേക്കും സമീപവാസികൾ തിങ്ങിനിറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ ജാഗരൂകരാകുന്നതിനിടയിലാണ് സനലിന്‍റെ മക്കളായ അശ്വതും തൊട്ടുപിറകെ ആസ്തിക്കും പുറത്തേക്ക് ഓടിയെത്തിയത്. അശ്വതിന് നിസ്സാര പൊള്ളലാണ് ഏറ്റത്.
ഗുരുതര പൊള്ളലേറ്റ ആസ്തിക്കിനെ പിടിക്കാനോ ഇരുത്താനോ കിടത്താനോ സാധിക്കാത്ത ദയനീയാവസ്ഥയായിരുന്നു. അതോടെ മറ്റൊന്നും നോക്കാതെ സമീപവാസിയായ ആദർശിന്‍റെ സഹായത്തോടെ രണ്ട് കുട്ടികളെയുംകൊണ്ട് സിജോ തന്‍റെ കാറിൽ പിടയുന്ന മനസ്സോടെ വിറക്കുന്ന കൈകളുമായി വളയംപിടിച്ച് അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലേക്ക് ഡ്രൈവ് ചെയ്ത് പോകുന്നതിനിടയിൽ വേദനകൊണ്ട് പുളഞ്ഞ ആസ്തിക്ക് ആശുപത്രി എത്തിയോ എന്ന് അന്വേഷിച്ചുകൊണ്ടിരുന്നത് നൊമ്പരപ്പെടുത്തുന്ന അനുഭവമായിരുന്നുവെന്ന് സിജോ പറഞ്ഞു. എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ അവിടെനിന്ന് മടക്കി.
പൊതിഞ്ഞ ശരീരത്തോടെ ആസ്തിക്കിനെ എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ആംബുലൻസിൽ സിജോ മാത്രമാണുണ്ടായിരുന്നത്, ജീവനോടെ തിരിച്ചുകിട്ടണേയെന്നു മാത്രമായിരുന്നു അന്നേരം പ്രാർഥന. ആസ്തിക്കിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും അശ്വതിനെ ഡിസ്ചാർജ് ചെയ്യുകയും ചെയ്ത് ആറ് മണിക്കൂറോളം അവിടെ ചെലവാക്കിയശേഷം തളർന്ന് അവശനായാണ് സിജോ വീട്ടിലെത്തിയത്. എന്നാൽ രാത്രിയോടെ ആ കുരുന്നു ബാലന്‍റെ മരണവാർത്തയറിഞ്ഞ് ഇദ്ദേഹം പാടെ തളർന്നുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.