അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ ദീർഘദൂര സർവീസ് ഹബ് ആകുന്നു
text_fieldsഅങ്കമാലി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ ദീർഘദൂര സർവീസ് ഹബ് ആകുന്നു. ഈ മാസം അവസാനമോ, ജനുവരി ആദ്യത്തിലോ തീരുമാനം നടപ്പാക്കാനാണ് സാധ്യത. അതിനായി നടപടി ഊർജിതമാക്കുകയാണ്. മുന്നോടിയായി ഷെഡ്യൂളുകൾ മറ്റ് ഡിപ്പോകൾക്കു വീതിച്ചു നൽകുന്ന നടപടി പൂർത്തിയാക്കി. ജീവനക്കാരെ വിന്യസിക്കുന്നതിനുള്ള നടപടികളും പൂർത്തിയായി വരുകയാണ്. അങ്കമാലി യൂനിറ്റിൽ തുടരാൻ താൽപര്യമുള്ള ഡ്രൈവർ, കണ്ടക്ടർമാർക്ക് ട്രാൻസിറ്റ് ഹബ് ആക്കുന്നതിന്‍റെ ഭാഗമായി അങ്കമാലി യൂനിറ്റിൽ തുടരാനാകും. എന്നാൽ ഈ യൂനിറ്റിൽ നിന്ന് തുടങ്ങുന്ന ഏത് ദീർഘദൂര സർവീസുകളിലും ജോലി ചെയ്യാൻ ജീവനക്കാർ സന്നദ്ധരാണെന്ന് ഉറപ്പാക്കുന്ന സർക്കുലറും ഇറങ്ങിയിട്ടുണ്ട്.
അതേസമയം, ട്രാൻസിറ്റ് ഹബ് ആകുന്നതോടെ തത്വത്തിൽ പഴയ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തനം പോലെയാകും. നിലവിലെ എ.ടി.ഒ ക്ളസ്റ്റർ ഓഫീസറാകും. അദ്ദേഹത്തിന് ആലുവ, ചാലക്കുടി, മാള സ്റ്റേഷനുകളുടെ ചുമതലകൾ കൂടി നൽകിയിട്ടുണ്ട്. അങ്കമാലി ഹബ്ബാകുന്നതോടെ ഇവിടെ നിന്നുള്ള ബസുകളുടെ ഓപ്പറേറ്റിങ് സംവിധാനം ഇല്ലാതാകും. നിലവിലെ 32 സർവീസുകളും ക്ളസ്റ്ററിൽപ്പെടുന്ന ബസ് സ്റ്റേഷനുകളിലേക്ക് വീതിച്ച് നൽകും. ചാലക്കുടി, ആലുവ, അയ്യമ്പുഴ, ദേവഗിരി, ഒലിവ്മൗണ്ട്, പ്ലാന്റേഷൻ, മാള, ഏലൂർ, അമൃത, തോപ്പുംപടി, എറണാകുളം ജെട്ടി, മഞ്ഞപ്ര, ആനപ്പാറ, മുളങ്കുഴി, വല്ലംകടവ് ഫെറി തുടങ്ങിയവയാണവ. അങ്കമാലിയിൽ നിന്ന് പുറപ്പെടുന്ന ലോക്കൽ സർവീസുകളുണ്ടാകില്ല.
ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ അഞ്ചെണ്ണം ചാലക്കുടി ഡിപ്പോയിൽ നിന്നും രണ്ടെണ്ണം ആലുവയിൽ നിന്നുമായിരിക്കും സർവീസ് നടത്തുക. തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന രണ്ട് ബസുകൾ ഇരിങ്ങാലക്കുട, തൃശൂർ ഡിപ്പോകളിലേക്കും മാറ്റും. ഓപ്പറേറ്റിങ് സംവിധാനം ഇല്ലാതാകുന്നതോടെ അങ്കമാലിയിൽ നിന്ന് മഞ്ഞപ്ര, അയ്യമ്പുഴ, മൂക്കന്നൂർ തുടങ്ങിയ ഉൾഗ്രാമങ്ങളിലേക്ക് സർവീസുണ്ടാകുമെന്ന് ഉറപ്പില്ല.
അതിനാൽ കാലങ്ങളായി കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്ന പ്രദേശവാസികളായ യാത്രക്കാരിൽ ആശങ്കയുയർന്നിരിക്കുകയാണ്. എന്നാൽ, അങ്കമാലി ഡിപ്പോയിൽ നിന്ന് ഇപ്പോൾ നിലവിലുള്ള സമയക്രമത്തിൽ തന്നെ ലോക്കൽ സർവീസുകൾ നടത്തുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ ജനപ്രതിനിധികൾക്കും യാത്രക്കാർക്കും മറ്റും ഉറപ്പ് നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.