അങ്കമാലി ടെൽക്കിന് 289 കോടിയുടെ ഓർഡർ ലഭിച്ചു; 38 ട്രാൻസ്ഫോർമറുകൾക്കാണിത്
text_fieldsഅങ്കമാലി: കേരള സർക്കാരിെൻറയും, എൻ.ടി.പി.സിയുടെയും സംയുക്ത സംരഭമായ അങ്കമാലി ടെൽക്കിന് 289 കോടിയുടെ ഓർഡർ ലഭിച്ചതായി ടെൽക്ക് ചെയർമാൻ അഡ്വ. പി.സി.ജോസഫും, മാനേജിങ് ഡയറക്ടർ നീരജ് മിത്തലും വാർത്തക്കുറിപ്പിൽ അറിയിച്ചു. ടെൽക്കിെൻറ ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന തുകയുടെ ഓർഡറാണിതെന്നും ഇരുവരും പറഞ്ഞു. വിവിധ കപ്പാസിറ്റിയുള്ള 38 ട്രാൻസ്ഫോർമറുകൾക്കാണ് ഓർഡർ ലഭിച്ചിട്ടുള്ളത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിൽ നിന്നാണ് ഇതാദ്യമായി വമ്പൻ ഓർഡർ ലഭിച്ചിട്ടുള്ളത്. മധ്യപ്രദേശിലെ എം.പി. ഇൻട്രാ സ്റ്റേറ്റ് ട്രാൻസ്മിഷൻ പാക്കേജ് ഒന്നിന് വേണ്ടിയാണിത്. മൾട്ടി നാഷണൽ കമ്പനികളുടെയും, മറ്റ് ഇന്ത്യൻ കമ്പനികളുടെയും കടുത്ത മത്സരത്തെ അതിജീവച്ചാണ് ടെൽക്ക് മികച്ച രീതിയിലുള്ള ഉന്നതമായ ഓഡർ കരസ്ഥമാക്കിയത്.
ടെൽക്കിന്റെ ബിസിനസ് മോട്ടോ ആയ 'ക്വാളിറ്റി ബിഫോർ ക്വാണ്ടിറ്റി, പീപ്പിൾ ബിഫോർ പ്രോഫിറ്റ്' എന്ന തത്വത്തിലൂന്നിയ നിലപാടാണ് ടെൽക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡർ ലഭിക്കാനിടയായതെന്നും ഇരുവരും പറഞ്ഞു. ഓർഡർ ലഭിച്ച ട്രാൻസ്ഫോർമറുകൾ ജനുവരി മുതൽ ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിച്ച് കൈമാറണം.
നിലവിൽ 353 കോടിയുടെ ഓർഡറുകളാണ് ടെൽക്കിനുള്ളത്. പുതുതായി ലഭിച്ച ഓർഡറും ഉൾപ്പെടുമ്പോൾ ഓർഡർ നില 642 കോടിയിലേക്കുയരും. പങ്കെടുത്ത മത്സരാധിഷ്ടിത ടെൻഡറുകളിലും ഓർഡറുകൾ ലഭിക്കാവുന്ന വിധത്തിൽ പല ശക്തമായ നിലയിലാണ് കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. ഇതോടൊപ്പം ട്രാൻസ്ഫോമർ റിപ്പയർ മേഖലയിൽ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇതര ട്രാൻസ്ഫോമർ കമ്പനികളുടെ ട്രാൻസ്ഫോമറുകൾ റിപ്പയർ ചെയ്യുന്നതിനും കമ്പനിയുടെ സേവനം ലഭ്യമാക്കുമെന്നും മാനേജ്മെൻറ് വ്യക്തമാക്കി.അതിന്റെ ഭാഗമായി എൻ.പി.സി.ഐ.എൽ, എൻ.എൽ.സി, എൻ.ടി.പി.സി തുടങ്ങിയ പ്രമുഖ കമ്പനികളിൽ നിന്ന് 16 കോടിയുടെ റിപ്പയർ ഓർഡറുകൾ ഉടനെ പ്രതീക്ഷിക്കുന്നു.
ഓർഡറുകൾ പൂർത്തീകരിക്കുന്നതിനായുളള അധിക പ്രവർത്തന മൂലധനത്തിനായി ബാങ്കുകളിൽ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പ ലഭ്യമാക്കുന്നതിന് 40 കോടിയുടെ സർക്കാർ ഗ്യാരണ്ടി കേരള സർക്കാർ കമ്പനിക്ക് നൽകിയിട്ടുണ്ട്. അതിനായി താൽപ്പര്യമുളള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ ലഭ്യമാക്കാൻ നടപടികൾ തുടങ്ങിയതായും മാനേജ്മെൻറ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.