പുലർന്നു; നൊമ്പരക്കാഴ്ചകളിലേക്ക്..
text_fieldsഅങ്കമാലി: വീടിന് മുകളിൽ കത്തിയാളിയെ അഗ്നിയെ വകഞ്ഞുമാറ്റിയായിരുന്നു ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ കെ.ജി. ജിഥിൽരാജും ഫയർ ഓഫിസർ പി.ബി. രാജേഷും രക്ഷാപ്രവർത്തനം നടത്തിയത്. ജീവൻരക്ഷാ പ്രവർത്തനത്തിനിടെ ഇത്രയും സാഹസികവും ദയനീയാവസ്ഥയുമുള്ള ഇടപെടൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്ന് ഇരുവരും പറഞ്ഞു. അങ്കമാലി അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോൾ വീടിന്റെ രണ്ടാം നിലയിൽ തീ പടർന്ന നിലയിലായിരുന്നു. നാട്ടുകാർ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇരുവരും വീടിന്റെ മുകളിൽ കയറിയത്. തീ കണ്ട വഴികളിലെല്ലാം വെള്ളം പമ്പ് ചെയ്ത് കെടുത്തി.
ഒടുവിൽ കത്തിജ്വലിച്ച മുറിയുടെ മുന്നിലുമെത്തി. ജീവൻ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് മുന്നേറിയതെങ്കിലും നിരാശമാത്രമായിരുന്നു ബാക്കി. ഇരുമ്പ് അലമാര ഒഴികെ മുറിക്കകത്തെ ഫർണിച്ചർ അടക്കം ചാമ്പലായി. അതോടൊപ്പം നാല് മനുഷ്യശരീരങ്ങളും കത്തിയമർന്നു. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് സ്ഥലത്ത് എത്തിയ റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു. ശാസ്ത്രീയ പരിശോധനയും വിരലടയാള വിദഗ്ദരുടെ പരിശോധനയും പൂർത്തിയാക്കിയ ശേഷം ആവശ്യമെങ്കിൽ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ പരിശോധനയും ഏർപ്പെടുത്തും. ഷോർട്ട് സർക്യൂട്ടോ മറ്റെതെങ്കിലുമാണോയെന്നത് അന്വേഷണത്തിന് ശേഷമേ പറയാനാകൂ. റോജി എം. ജോൺ എം.എൽ.എയും വിവരങ്ങൾ എസ്.പിയുമായി പങ്കുവെച്ചു. മുൻ മന്ത്രി ജോസ് തെറ്റയിൽ, നഗരസഭ ചെയർമാൻ മാത്യു തോമസ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് തുടങ്ങിയവരും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.