അങ്കമാലിയിൽ നാല് പേർ മരിക്കാനിടയായ വീട് പൊലീസ് ഏറ്റെടുത്തു
text_fieldsഅങ്കമാലി: പറക്കുളം റോഡിൽ എട്ടും, അഞ്ചും വയസ്സുള്ള കുട്ടികളടക്കം നാല് പേർ ദാരുണമായി മരിക്കാനിടയായ വീട്ടിൽ പരിശോധനയും, അന്വേഷണവും കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പൊലീസ് കാവൽ ഏർപ്പെടുത്തി. തീപിടിത്തമുണ്ടായ രണ്ടാം നിലയിലെ കിടപ്പുമുറി സീൽ ചെയ്തു. അങ്കമാലിയിലെ പരമ്പരാഗത മലഞ്ചരക്ക് വ്യാപാരി കുടുംബാംഗവും, പ്രധാന വ്യാപാരിയുമായ അയ്യമ്പിള്ളി വീട്ടിൽ കൊച്ചുമോൻ എന്ന ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ മത്തായി (39), മകൾ ജുവാന, മകൻ ജസ് വിൻ എന്നിവരാണ് കിടപ്പുമുറിക്ക് തീപിടിച്ച് ശനിയാഴ്ച പുലർച്ചെ മരിച്ചത്. ബിനീഷിന്റെ അമ്മ ചിന്നമ്മ (76) മാത്രമാണ് വീടിനകത്ത് താഴെ മുറിയിലുണ്ടായിരുന്നത്.
ഞായറാഴ്ച ഉച്ചക്ക് അങ്കമാലി യാക്കോബായ കത്തീഡ്രൽ പള്ളിയിലെ കുടുംബ കല്ലറയിലാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. അമ്മ ചിന്നമ്മ തൊട്ടടുത്തുള്ള മൂത്ത മകൻ ബിനോയിയുടെ വീട്ടിലേക്ക് താമസം മാറ്റി. കൂടുതൽ അന്വേഷണവും, തെളിവുകളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം വീടിന്റെ സംരക്ഷണം പൊലീസ് ഏറ്റെടുത്തത്. പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അത് പരിശോധനക്ക് അയച്ചിരിക്കുകയുമാണ്. അതിന്റെ ഫലം വന്നാൽ മാത്രമേ അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കൂ.
ബിനീഷിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി സൂചന
അങ്കമാലി: എം.സി റോഡിൽ ടൗൺ ജുമാമസ്ജിദിന് സമീപവും, വീടിനോട് ചേർന്നും വർഷങ്ങളായി മലഞ്ചരക്ക് മൊത്ത വ്യാപാരം നടത്തി വന്ന ബിനീഷിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി സൂചനയുണ്ട്. വീടിന്റെ ഓഹരി വീതം വെച്ച ശേഷം ഒരേക്കറിലധികമുള്ള സ്ഥലത്തെ വീട്ടിലാണ് ബിനീഷും കുടുംബവും താമസിച്ചിരുന്നത്. വർഷങ്ങളായി ലക്ഷങ്ങളുടെ ഇടപാടാണ് നടത്തിവന്നിരുന്നത്. വടക്കേ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്കാണ് മലഞ്ചരക്കുകൾ കയറ്റി അയച്ചിരുന്നത്. ബിനീഷിന്റെ രണ്ട് സ്ഥാപനങ്ങളിലുമായി 15ഓളം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിൽ ഇടപാട് കൃത്യമായി മുന്നോട്ട് കൊണ്ടു പോകാൻ ബിനീഷ് ക്ലേശിച്ചിരുന്നതായി സൂചനയുണ്ട്.
ബിസിനസ് സംബന്ധിച്ചും, സ്വകാര്യ വിഷയങ്ങളും ഉള്ള് തുറന്ന് പറയാത്ത പ്രകൃതക്കാരനായിരുന്നു. അതിനാൽ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നുവോ എന്ന കാര്യത്തിൽ കൂടുതൽ അടുപ്പമുള്ളവർക്കും അറിവില്ല. അതേ സമയം ബിനീഷിന് ജീവിത നൈരാശ്യത്തിലേക്കെത്തും വിധത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നില്ലെന്നാണ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.