ബ്ലാക്ക് ഫംഗസിൽനിന്ന് മുക്തി; രമണി പുതുജീവിതത്തിലേക്ക്
text_fieldsഅങ്കമാലി: ബ്ലാക്ക് ഫംഗസ് ബാധിച്ച് അവശനിലയിൽ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അങ്കമാലി മൂക്കന്നൂർ കഞ്ചുകൂട്ടം വീട്ടിൽ അപ്പുവിെൻറ ഭാര്യ രമണി (45) പൂർണസുഖം പ്രാപിച്ച് മടങ്ങി.
ഏപ്രിൽ 30ന് കോവിഡ് പോസിറ്റിവാകുകയും നാലുദിവസം കഴിഞ്ഞ് നെഗറ്റിവാകുകയും ചെയ്ത രമണിക്ക് തുടർന്നുള്ള ആഴ്ചയിൽ മൂക്കിെൻറ വലതുവശത്തുനിന്ന് രക്തസ്രാവവും വേദനയും അനുഭവപ്പെട്ടു. വലതു കൺപോളയിൽ വേദനയും നീർക്കെട്ടും മരവിപ്പും തലവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് സമീപത്തെ ആശുപത്രിയിൽ രണ്ടുദിവസം ചികിത്സ നടത്തിയെങ്കിലും ഭേദമാകാതെവന്നതോടെ ഈ മാസം 11നാണ് എൽ.എഫിൽ എത്തിയത്. ആശുപത്രിയിലെ ഇ.എൻ.ടി തലവൻ ഡോക്ടർ പ്രശോഭ് സ്റ്റാലിൻ, ജനറൽ മെഡിസിനിെല ഡോ. തോമസ് രാജുപോൾ എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ കറുത്തനിറത്തിെല വ്യതിയാനങ്ങൾ കണ്ടതിനെത്തുടർന്ന് എം.ആർ.ഐ സ്കാനിങ്ങിന് വിധേയമാക്കി. തുടർ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മുകോർമൈകോസിസ് എന്ന ഗുരുതര രോഗമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ യുദ്ധകാലാടിസ്ഥാനത്തിൽ രമണിയെ താക്കോൽദ്വാര ശസ്ത്രക്രിയക്ക് വിധേയമാക്കി. മുഖത്ത് പാടുകളൊന്നുമില്ലാതെ മൂക്കിലെയും സൈനസിലെയും കണ്ണിനോട് ചേർന്ന ഭാഗത്തെ രക്തയോട്ടം നിലച്ച ഭാഗങ്ങളിൽനിന്ന് ഫംഗസിനെ നീക്കിയശേഷം ഫംഗസിനെ നശിപ്പിക്കുന്ന ലിപൊസോമൽ അംഫോടെറിസിൻ-ബി ഇൻജക്ഷൻ നൽകി.
രോഗിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാൽ രോഗം കൃത്യമായി കണ്ടുപിടിക്കാനും സുഖപ്പെടുത്താനും സാധിച്ചതായി എൽ.എഫ് ഡയറക്ടർ ഫാ. ഡോ. വർഗീസ് പൊട്ടയ്ക്കലും മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫും പറഞ്ഞു. രമണിയും കുടുംബവും ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ജീവനക്കാർക്കും നന്ദി പ്രകാശിപ്പിച്ചാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.