കോസ്റ്റ് ഗാർഡ് ഭവനപദ്ധതി: ചെത്തിക്കോട്ട് ജനരോഷം
text_fieldsഅങ്കമാലി: അശാസ്ത്രീയമായ കോസ്റ്റ് ഗാർഡ് ഭവനപദ്ധതിയെത്തുടർന്ന് വെള്ളക്കെട്ടിൽ അകപ്പെട്ട ചെത്തിക്കോട് നിവാസികൾ സി.പി.എം നേതൃത്വത്തിൽ കോസ്റ്റ് ഗാർഡ് ഓഫിസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. വെള്ളക്കെടുതിയിൽ അകപ്പെട്ട പ്രദേശത്ത് ഡ്രെയിനേജ് സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജനരോഷം.
17.4 ഏക്കർ സ്ഥലമാണ് ജനവാസ കേന്ദ്രത്തിൽ കോസ്റ്റ് ഗാർഡ് ഏറ്റെടുത്തിട്ടുള്ളത്. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന സ്ഥലം നെൽവയലായിരുന്നു. അത് നികത്തി അഞ്ചടി ഉയരത്തിൽ മണ്ണിട്ട് പൊക്കിയാണ് നിർമാണം. ചുറ്റുമതിലിന് നാലുവശവും ഡ്രെയിനേജ് കെട്ടി വെള്ളം തൊട്ടടുത്തുള്ള ചെങ്ങൽ തോട്ടിലേക്ക് ഒഴുക്കിയാലേ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാനാവൂ.
കലക്ടറുടെ ചേംബറിൽ 2020ൽ നടത്തിയ ചർച്ചയുടെ ഭാഗമായി ഡ്രെയിനേജ് ഉറപ്പുനൽകിയതാണ്. വാർഡ് വികസന സമിതി വിദഗ്ധ എൻജിനീയറുടെ സഹായത്താൽ നൽകിയ മാസ്റ്റർ പ്ലാൻ കോസ്റ്റ് ഗാർഡ് അംഗീകരിച്ചതുമാണ്. കഴിഞ്ഞ രണ്ടുമാസത്തിലേറെയായി പെയ്ത മഴയിൽ പ്രദേശം വെള്ളക്കെട്ടിലായിട്ടും അധികൃതർ നിഷേധാത്മക നിലപാട് സ്വീകരിച്ചതോടെയാണ് മാർച്ച് സംഘടിപ്പിച്ചത്.
കോസ്റ്റ് ഗാർഡ് ഗേറ്റിനുമുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. യോഗം സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. സൗത്ത് ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ കെ. കുട്ടപ്പൻ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, സഹകരണ ബാങ്ക് പ്രസിഡൻറ് ടി.ജി. ബേബി, മുൻ കൗൺസിലർ വിനിത ദിലീപ്, മുൻ നഗരസഭാധ്യക്ഷ വത്സല ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. അതിനിടെ പ്രതിഷേധത്തിനുശേഷം കോസ്റ്റ് ഗാർഡ് എൻജിനീയറും ഓഫിസർമാരുമായി സി.പി.എം നേതാക്കൾ നടത്തിയ ചർച്ചയിൽ ഡ്രെയിനേജ് നിർമാണം ചൊവ്വാഴ്ച ആരംഭിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.