സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ബസിനടിയിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികന് പരിക്ക്
text_fieldsഅങ്കമാലി: എം.സി റോഡിൽ സ്വകാര്യബസുകളുടെ മത്സരയോട്ടത്തെ തുടർന്ന് ബൈക്ക് യാത്രികൻ ബസിനടിയിൽപെട്ടു. സാരമായ പരിക്കുകളോടെ തലനാരിഴക്ക് രക്ഷപ്പെട്ട ബൈക്ക് യാത്രികൻ കാക്കനാട് പൗർണമി നിവാസിൽ ഹരിയെ (26) അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 11.40ഓടെയാണ് അങ്കമാലി-വേങ്ങൂർ ഡബിൾ പാലത്തിന് സമീപമായിരുന്നു അപകടം. അങ്കമാലിയിൽനിന്ന് കാലടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുകളുടെ മത്സരയോട്ടമാണ് അപകടം വരുത്തിെവച്ചത്.
അങ്കമാലി ടൗണിൽനിന്ന് ബസുകൾ പുറപ്പെട്ട നിമിഷം മുതൽ മറ്റ് വാഹനങ്ങളെയോ യാത്രികരെയോ വകവെക്കാതെ നിലക്കാത്ത ഹോൺ മുഴക്കി മരണപ്പാച്ചിൽ നടത്തുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. കിടങ്ങൂർ കവലയിലെ നിരന്തര അപകടമുണ്ടാകുന്ന പ്രധാന ഭാഗമാണ് വേങ്ങൂർ ഡബിൾ പാലം. നിയന്ത്രണം വിട്ട ബസ് മറ്റൊരു കാറിലും ഇടിച്ചശേഷമാണ് നിന്നത്. അങ്കമാലി- മലയാറ്റൂർ റൂട്ടിൽ സർവിസ് നടത്തുന്ന ‘ജീസസ്’ ബസാണ് അപകടമുണ്ടാക്കിയത്.
അപകടത്തെത്തുടർന്ന് രോഷാകുലരായ നാട്ടുകാരും ബസ് യാത്രികരും റോഡിലിറങ്ങി ബസ് തടഞ്ഞിട്ടു. അപകടം സംഭവിച്ചയുടൻ ബസ് ജീവനക്കാർ ഓടിമറഞ്ഞു. ബസ് തടഞ്ഞിട്ട നാട്ടുകാർ റോഡ് ഉപരോധിക്കുകയും ചെയ്തു. സംഭവം അറിയിച്ചെങ്കിലും പൊലീസ് വൈകിയാണ് സംഭവസ്ഥലത്ത് എത്തിയതെന്നും ആരോപണമുയർന്നു. പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ ബസ് ജീവനക്കാരെ ന്യായീകരിക്കുകയും ചെയ്തു.
അതോടെ നാട്ടുകാർ കൂടുതൽ ക്ഷുഭിതരായി. അങ്കമാലിയിൽനിന്ന് കൂടുതൽ പൊലീസെത്തി ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ റോഡിൽനിന്ന് നീക്കിയത്. തുടർന്ന് ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നതായി യാത്രക്കാർ സംശയം ഉന്നയിച്ചതോടെ ഓടിമറഞ്ഞ ഡ്രൈവറെ ഉടൻ പിടികൂടി വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.