രാസമാലിന്യമുപയോഗിച്ച് ഭൂമി നികത്തുന്നതായി പരാതി
text_fieldsഅങ്കമാലി: നായത്തോട് സൗത്തിൽ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ രാസാവശിഷ്ടമടങ്ങിയ മാലിന്യമുപയോഗിച്ച് ഭൂമി നികത്തുന്നതായി പരാതി. പ്ലൈവുഡ് കമ്പനിയുടേതടക്കമുള്ള വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഭൂമിയാണ് വ്യാപകമായി പുറന്തള്ളിയ രാസമാലിന്യങ്ങളടക്കം ഉപയോഗിച്ച് നികത്തുന്നത്രെ. മഴ പെയ്താൽ സമീപ കുളത്തിലേക്കും പൊതു തോട്ടിലേക്കും ഉറവയായി മാലിന്യമെത്തുമെന്നും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നുമാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. നായത്തോടിന്റെ പ്രധാന ജലസ്രോതസ്സാണിത്.
തോടിന് സമീപമാണ് അങ്കമാലി നഗരസഭ വക പൊതു കുളം സ്ഥിതി ചെയ്യുന്നതും. ഈ കുളത്തിൽ നിന്നാണ് സമീപ പ്രദേശത്തെ കിണറുകളിലേക്ക് നീരുറവയെത്തുന്നത്. പ്രാദേശിക വാടകഗുണ്ടകളുടെ മേൽനോട്ടത്തിലാണ് യഥേഷ്ടം ഭൂമി നികത്തൽ അരങ്ങേറുന്നത്. കുളത്തിനു സമീപം നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. മാലിന്യം കുമിഞ്ഞുകൂടിയതോടെ പ്രദേശത്ത് അസഹ്യ ദുർഗന്ധമാണ് അനുഭവപ്പെടുന്നതെന്ന് സമീപവാസികൾ പറയുന്നു. ഗത്യന്തരമില്ലാതെ വന്നതോടെ, പ്രദേശവാസികൾ സംഘടിച്ച് നിവേദനം തയാറാക്കി ഒപ്പ് ശേഖരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. നഗരസഭയിൽ നിന്നും വില്ലേജ് ഓഫിസിൽ നിന്നും മാലിന്യം നീക്കം ചെയ്യണമെന്നുകാട്ടി ഭൂവുടമകൾക്ക് നോട്ടീസ് നൽകിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ബന്ധപ്പെട്ട ജനപ്രതിനിധികളും പരാതിക്കാരും പൊതു പ്രവർത്തകരും വിഷയത്തിൽ ഇടപെട്ടിട്ടും മാലിന്യം നീക്കം ചെയ്യാൻ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
അതിനിടെ, രാസമാലിന്യം ഉടൻ മാറ്റിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് സി.പി.എം നായത്തോട് സൗത്ത് ബ്രാഞ്ച് കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. ബ്രാഞ്ച് സെക്രട്ടറി വി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റിയംഗങ്ങളായ ടി.വൈ. ഏല്യാസ്, ജിജോ ഗർവാസീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.