അങ്കമാലി നഗരസഭയിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കോൺഗ്രസിന് നഷ്ടമായി
text_fieldsഅങ്കമാലി: നഗരസഭയിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം കോൺഗ്രസിന് നഷ്ടമായി. സി.പി.എമ്മിലെ ടി.വൈ. ഏല്യാസ് തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് ഭരിക്കുന്ന അങ്കമാലി നഗരസഭയിൽ മുൻധാരണ പ്രകാരം നിലവിലെ ആരോഗ്യ, ക്ഷേമ, വികസന സ്ഥിരം സമിതി അധ്യക്ഷന്മാരായ കോൺഗ്രസിലെ യഥാക്രമം സാജു നെടുങ്ങാടൻ, ലിസി, ബാസ്റ്റിൻ.ഡി. പാറയ്ക്കൽ എന്നിവർ കഴിഞ്ഞദിവസം രാജി വക്കുകയും പകരം യഥാക്രമം ജെസി ജിജോ, ജാൻസി അരീയ്ക്കൽ, പോൾ ജോവർ എന്നിവരെ തെരഞ്ഞെടുക്കാനുമാണ് നേതൃത്വം ധാരണയിലെത്തിയിരുന്നത്.
ആരോഗ്യ, ക്ഷേമകാര്യ സ്ഥിരം സമിതികളുടെ തെരഞ്ഞെടുപ്പ് യഥാസമയം നടക്കുകയും ജെസിയും, ജാൻസിയും സ്ഥിരം സമിതി അധ്യക്ഷരായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ രാവിലെ 10.30ന് നടക്കേണ്ട വികസനകാര്യ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് സമയത്ത് ആകെയുള്ള അഞ്ച് അംഗങ്ങളിൽ എൽ.ഡി.എഫിലെ ടി.വൈ. ഏല്യാസും അജിത ഷിജോയും മാത്രമാണ് ഹാജറുണ്ടായിരുന്നത്. ബാസ്റ്റിനും, പോൾ ജോവറും, മറ്റൊരു അംഗമായ ഷൈനി മാർട്ടിനും ഹാജരായിരുന്നില്ല. ബാസ്റ്റിനും, പോൾ ജോവറും ഷൈനിയെ കാത്ത് ഹാളിന് പുറത്ത് നിൽക്കുകയായിരുന്നു. എന്നാൽ 10.32 ആയപ്പോൾ വരണാധികാരി ഹാളിന്റെ വാതിൽ അടക്കുകയും തെരഞ്ഞെടുപ്പ് നടപടിക്രമം പൂർത്തിയാക്കി അജിത നിർദേശിച്ച പ്രകാരം പ്രതിപക്ഷ നേതാവ്കൂടിയായ സി.പി.എമ്മിലെ ടി.വൈ. ഏല്യാസിനെ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു.
യഥാർഥത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബാസ്റ്റിനും, പോൾ ജോവറും ഹാളിൽ പ്രവേശിച്ചിരുന്നതാണെങ്കിലും ക്വാറം തികയാതെ വോട്ടെടുപ്പ് നടക്കില്ല എന്ന ധാരണയിൽ ഷൈനി വരുമ്പോൾ ഹാളിൽ കടക്കാം എന്ന് കരുതി പുറത്തേക്കിറങ്ങിയതാണ് വിനയായത്. നേതൃത്വത്തിന്റെ പിടിപ്പുകേടാണ് നഗരസഭയിൽ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും വികസനകാര്യ സമിതി അധ്യക്ഷ സ്ഥാനം നഷ്ടമാക്കിയതെന്നാണാക്ഷേപം. കോൺഗ്രസിലെ തമ്മിലടി മൂലം പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷസ്ഥാനവും മാസങ്ങൾക്ക് മുമ്പ് എൽ.ഡി.എഫ്. പിടിച്ചെടുത്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.