പൊലീസിൽ വിവരം കൈമാറിയതിന്റെ വൈരാഗ്യം; വധഭീഷണിയുമായി കഞ്ചാവ് മാഫിയ
text_fieldsഅങ്കമാലി: തിരുനായത്തോട് ക്ഷേത്ര പരിസരത്തുനിന്ന് കഴിഞ്ഞ ദിവസം പൊലീസ് സംഘം വൻതോതിൽ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അടക്കമുള്ളവർക്ക് നേരെ കഞ്ചാവ് മാഫിയ വധഭീഷണി ഉയർത്തിയതായി പരാതി. കവരപ്പറമ്പ്, ജോസ് പുരം പ്രദേശങ്ങളിലെത്തിയാണ് ഭീഷണിപ്പെടുത്തിയത്. കഞ്ചാവ് വിൽപന സംബന്ധിച്ച് ആരൊക്കെയാണ് പൊലീസിനെ വിവരം അറിയിച്ചെന്നാരോപിച്ച് യുവാക്കളുടെ നേരെ അകാരണമായി തർക്കത്തിലേർപ്പെടുകയും അത് ചോദ്യം ചെതോടെ ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അടക്കമുള്ളവർക്ക് നേരെ കത്തിവീശി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നുമാണ് പരാതി.
പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഇടപെട്ടതിനാലാണ് സംഘർഷം ഒഴിവായത്. നായത്തോട് പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെന്റ് നടക്കുന്നതിനിടെയാണ് കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങൾ സംഘർഷം സൃഷ്ടിച്ചതെന്നാണ് പരാതി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്രിമിനൽ സംഘങ്ങളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രദേശത്തെ മയക്കുമരുന്ന് വിൽപന കേന്ദ്രങ്ങൾ കണ്ടെത്തണമെന്നും അങ്കമാലി നഗരസഭ കൗൺസിലർമാരായ ടി.വൈ. ഏല്യാസും രജിനി ശിവദാസനും ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.