കാട്ടാനപ്പേടിയിൽ മൂക്കന്നൂർ കട്ടിങ് ഗ്രാമം, ആനക്കൂട്ടം കൃഷി നശിപ്പിച്ചു
text_fieldsഅങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്തിലെ കട്ടിങ് ഗ്രാമം കാട്ടാനപ്പേടിയിൽ. കഴിഞ്ഞ ദിവസം രാത്രി സമീപത്തെ കാട്ടിൽനിന്ന് കൂട്ടത്തോടെയെത്തിയ ആനക്കൂട്ടം കാർഷികവിളകൾ നശിപ്പിച്ച് മടങ്ങി. ആളപായമുണ്ടായില്ല. അടുത്ത കാലത്തായി മൂക്കന്നൂര്‍ പഞ്ചായത്തിെൻറ വടക്കന്‍ മേഖലകളിലെ ജനവാസകേന്ദ്രങ്ങളില്‍നിന്ന് അകലം പാലിച്ചിരുന്ന കാട്ടാനകള്‍ വെള്ളിയാഴ്ച രാത്രി ഗ്രാമത്തിലെത്തി തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ കൃഷികളടക്കം നശിപ്പിക്കുകയായിരുന്നു.
കട്ടിങ്ങിൽ മൂക്കന്നൂര്‍-ഏഴാറ്റുമുഖം റോഡിനോട് ചേർന്ന പരണംകുന്നേല്‍ വാസു, ചാങ്ങയില്‍ വേണുഗോപാല്‍ എന്നിവരുടെ പറമ്പിലാണ് രാത്രി കാട്ടാനയെത്തിയത്. തൈതെങ്ങുകളും കുലവാഴകളുമാണ് കൂടുതലായും നശിപ്പിച്ചത്. ആന വന്ന വിവരം രാത്രി നാട്ടുകാരറിഞ്ഞില്ല. നശിപ്പിച്ച കൃഷിയിടങ്ങളില്‍ ആനയുടെ കാല്‍മുദ്രയും പിണ്ഡവുമുണ്ട്.
ഒലിവേലിച്ചിറ വനത്തോട് ചേര്‍ന്നുള്ള ഒലിവേലി, എടലക്കാട്, കട്ടിങ് ഭാഗത്ത് സമീപകാലത്തായി കാട്ടുപന്നി, കുരങ്ങ്, മലയണ്ണാന്‍ എന്നിവയുടെ ശല്യം രൂക്ഷമാണ്. കാര്‍ഷികവിളകള്‍ പൂര്‍ണമായും നശിപ്പിക്കുകയാണ്. ചേന, ചേമ്പ്, പച്ചക്കറി, നെല്ല് തുടങ്ങിയ വിളകള്‍ കാട്ടുപന്നികളും വൃക്ഷങ്ങളിലുള്ള ജാതിക്ക, തേങ്ങ, ചക്ക, മാങ്ങ എന്നിവ മലയണ്ണാന്മാരും വ്യാപകമായി നശിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. വനത്തിന് സമീപത്തുള്ള ജനവാസ മേഖലകളില്‍ ജനജീവിതം ദുസ്സഹമായി മാറുകയാണ്.
വനപാലകരുടെ നിരുത്തരവാദ നടപടിയിൽ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ടി.എം. വര്‍ഗീസ് പ്രതിഷേധിച്ചു. അടിയന്തരമായി വനാതിര്‍ത്തിയില്‍ വൈദ്യുതിവേലി നിര്‍മിക്കാനും കിടങ്ങുകള്‍ സ്ഥാപിക്കാനും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.