മൂക്കന്നൂരിൽ പടക്കങ്ങൾ നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; നിരവധി വീടുകൾക്ക് നാശനഷ്ടം
text_fieldsഅങ്കമാലി: പൊലീസ് പിടിച്ചെടുത്ത പടക്കങ്ങളും ഗുണ്ടുകളുമടക്കമുള്ള സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും മറ്റ് വസ്തു വകകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. നാല് കിലോമീറ്റർ ചുറ്റളവിലാണ് നാശനഷ്ടമുണ്ടായത്. ആളപായമില്ല. മൂക്കന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് ദേവഗിരിയിലെ പ്രവർത്തന രഹിതമായ ‘വി.പി.ജി’ എന്ന പാറമടയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വിഷുവിന് അങ്കമാലിയിലെ വിവിധ ഭാഗങ്ങളിലെ പടക്ക മൊത്ത വിൽപ്പന കേന്ദ്രങ്ങളിലും നിർമാണ കേന്ദ്രങ്ങളിലും അനധികൃതമായി സൂക്ഷിച്ച ടൺ കണക്കിന് പടക്കങ്ങളും ഗുണ്ടുകളുമാണ് നിർവീര്യമാക്കാനുണ്ടായിരുന്നത്.
പാറയുടമയുടെ ലോറിയിൽ അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിലാണ് നിർവീര്യമാക്കൽ പ്രക്രിയ അരങ്ങേറിയത്. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന പടക്കങ്ങളും സ്ഫോടക വസ്തുക്കളും ജനവാസമില്ലാത്ത പ്രദേശങ്ങളിലാണ് നിർവീര്യമാക്കാറുള്ളത്. എന്നാൽ, അത്തരത്തിൽ കൊണ്ടുവന്ന പടക്കങ്ങളും ഗുണ്ടുകളും ഒരുമിച്ച് നിർവീര്യമാക്കാനുള്ള ശ്രമമാണ് നാശനഷ്ടങ്ങൾക്കിടയാക്കിയതെന്നാണ് പരാതി. പടക്കങ്ങളും ഗുണ്ടുകളും നിർവീര്യമാക്കുന്നത് സംബന്ധിച്ച് സമീപവാസികളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലത്രെ. ഭൂമി കിലുക്കം പോലെ പൊടുന്നനെയാണ് അത്യുഗ്ര ശബ്ദമുയർന്നത്. എന്താണ് സംഭവിച്ചതെന്നറിയാത ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. വളർത്ത് മൃഗങ്ങൾ ഭയന്ന് വിറച്ചോടി. പല വീടുകളുടെയും ഭിത്തികൾക്കും മേൽക്കൂരകൾക്കും വിള്ളൽ സംഭവിച്ചു. കിണറുകളും വിണ്ടുകീറി. നിർവീര്യമാക്കൽ പ്രക്രിയ പൂർത്തിയായ ശേഷം നാട്ടുകാർ പ്രതിഷേധവുമായി പാറമടയിലേക്കെത്തി. നിശ്ചിത അളവിൽ പടക്കങ്ങൾക്ക് തീ കൊളുത്തി നിർവീര്യമാക്കുന്ന രീതി പ്രയോഗിക്കാതെ കല്ല് പൊട്ടിക്കുന്ന രീതിയിൽ വൻ പടക്ക ശേഖരം ഒരേസമയം തുറസായിടത്ത് കൂട്ടിയിട്ട് നശിപ്പിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതാകാം നാശനഷ്ടങ്ങൾക്ക് വഴിയൊരുക്കിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
മണിക്കൂറുകളോളം നീണ്ട പ്രതിഷേധമറിഞ്ഞ് ആലുവ ഡി.വൈ.എസ്.പി എ. പ്രസാദും അങ്കമാലി പൊലീസും സ്ഥലത്തെത്തി. എന്നാൽ, കലക്ടർ സ്ഥലത്തെത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കോടതിയുടെ അനുവാദത്തോടെയാണ് പാറമടയിൽ കൊണ്ട് വന്ന് പടക്കങ്ങൾ നിർവീര്യമാക്കിയതെന്നാണ് പൊലീസ് പറയുന്നത്. മണിക്കൂറുകളോളം നീണ്ട നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ താലൂക്ക്, റവന്യൂ അധികൃതരും സ്ഥലത്തെത്തി. വില്ലേജ് അധികൃതർ ഇടപെട്ട് നാശനഷ്ടങ്ങളുടെ പരാതികൾ സ്വീകരിച്ച് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ നൽകിയ ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.