വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണു; 90കാരിയെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി
text_fieldsഅങ്കമാലി: വീടിനോട് ചേർന്ന 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ 90കാരിയെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ അതിസാഹസികമായി രക്ഷിച്ചു. പാറക്കടവ് പുളിയനം കോട്ടപ്പടി വീട്ടിൽ ലക്ഷ്മിക്കാണ് അനിൽ മോഹെൻറ സമയോചിത ഇടപെടൽമൂലം ജീവൻ തിരിച്ചുകിട്ടിയത്. ലക്ഷ്മിക്ക് അടുക്കളയോട് ചേർന്ന കിണറ്റിൽനിന്ന് സ്വന്തം ആവശ്യത്തിന് വെള്ളം കോരി എടുക്കാറുണ്ട്.
വെള്ളം കോരുന്നതിനിടെയാണ് കിണറ്റിൽ വീണത്. കിണറ്റിെൻറ അവസാനത്തെ കെട്ടിൽ പിടിച്ച് കഴുത്തോളം വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ അയൽവാസിയായ സജേഷ് എന്ന യുവാവ് കിണറ്റിൽ കയർ കെട്ടി ഇറങ്ങിയെങ്കിലും കൈകാലുകൾക്ക് പരിക്കേറ്റ് കിണറ്റിൽ അധികം ഇറങ്ങാനായില്ല. അതോടെയാണ് കിലോമീറ്ററുകളോളം ദൂരത്ത് താമസിക്കുന്ന അനിൽ മോഹനനെ നാട്ടുകാർ വിവരം അറിയിച്ചത്.
അപകടാവസ്ഥ മനസ്സിലാക്കിയ അനിൽ അങ്കമാലിയിൽനിന്ന് അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പെ വടം ഉപയോഗിച്ച് കിണറ്റിലിറങ്ങി മടിയിൽ കസേര വെച്ച് ലക്ഷ്മിയെ സംരക്ഷിച്ച് ഇരുത്തുകയായിരുന്നു. അപ്പോഴേക്കും അസി. സ്റ്റേഷൻ ഓഫിസർ എൻ. ജിജിയുടെ നേതൃത്വത്തിൽ സേന എത്തുകയും സുരക്ഷാവല ഉപയോഗിച്ച് രക്ഷപ്പെടുത്തി മുകളിലേക്ക് കയറ്റുകയുമായിരുന്നു.
അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ച ലക്ഷ്മി അപകടനില തരണം ചെയ്തിട്ടുണ്ട്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ അബ്ദുൽ നാസർ, സേനാംഗങ്ങളായ ബെന്നി അഗസ്റ്റിൻ, അജിത് കുമാർ, ടി.ആർ. ഷിബു, എം.ആർ. അരുൺ, സാജൻ സൈമൺ, രജിത് കുമാർ, ഉദയേന്ദ്ര, എൽ റെയ്സൺ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.