നിരോധനത്തിന് പുല്ലുവില; അങ്കമാലിയെ വലച്ച് അനധികൃത പാർക്കിങ്
text_fieldsഅങ്കമാലി: പട്ടണത്തിലെ ഗതാഗതസ്തംഭനം തീരാദുരിതമായതോടെ ടൗണിലെ എസ്.ബി.ഐക്ക് സമീപത്തെ ബസ് സ്റ്റോപ്പ് മുന്നോട്ട് മാറ്റി റോഡിന്റെ വശങ്ങളിൽ പാർക്കിങ് നിരോധിച്ച് ബോർഡുകൾ സ്ഥാപിച്ചെങ്കിലും നോക്കുകുത്തിയായതായി ആക്ഷേപം. എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന അങ്കമാലി ടൗണിലെ റോഡിന്റെ വശങ്ങളിൽ അനധികൃത പാർക്കിങ് വീണ്ടും വില്ലനാവുകയാണ്.
ടൗണിലുടനീളം ‘നോ പാർക്കിങ്’ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആരും വകവെക്കുന്നില്ല. അങ്കമാലിയിലേക്ക് വരുന്നതിനും പറവൂർ, മാള, കണക്കൻകടവ് ഭാഗങ്ങളിലേക്ക് പോകുന്നതിനുമുള്ള പ്രധാന ബസ്സ്റ്റോപ്പിനാണ് ഈ ദുരവസ്ഥ. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരം ജോസ് ജ്വല്ലറിക്ക് മുൻഭാഗത്താണ് ബസ് സ്റ്റോപ്പ് അനുവദിച്ചിരുന്നത്. ബസുകൾ നിർത്തിയിരുന്നതും അവിടെയായിരുന്നു. കാൽനടക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ അശാസ്ത്രീയ ബസ് കാത്തുനിൽപുകേന്ദ്രം നഗരസഭ ഇടപെട്ടാണ് അടുത്തിടെ പൊളിച്ചുമാറ്റിയത്. അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടി എടുക്കാത്തതിനാൽ പലപ്പോഴും ബസുകൾക്ക് റോഡിൽതന്നെ നിർത്തിയിടേണ്ട അവസ്ഥയാണ്.
ഗതാഗത മന്ത്രിയുടെ നിർദേശത്തെതുടർന്ന് എം.സി റോഡിൽനിന്ന് തൃശൂർ ഭാഗത്തേക്ക് സെൻട്രൽ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രകാരം 30 സെക്കൻഡ് സമയം അനുവദിച്ചിരുന്നത് ഇപ്പോൾ 15 ആക്കി കുറച്ചു. ഇതുമൂലം ഗതാഗതക്കുരുക്ക് ഒലിയാൻ കപ്പേള വരെ നീളുകയാണ്. അനധികൃത പാർക്കിങ് ഒഴിവാക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി മേഖല പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.