കെ-റെയിൽ: എളവൂരിൽ സർവേക്കല്ലുകൾ വീണ്ടും സ്ഥാപിച്ചത് പൊലീസ് സംരക്ഷണയിൽ
text_fieldsഅങ്കമാലി: കെ-റെയിൽ പദ്ധതിക്കായി പാറക്കടവ് പഞ്ചായത്തിലെ എളവൂരിൽ വൻ പൊലീസ് സംരക്ഷണയിൽ സ്വകാര്യപറമ്പിൽ സർവേക്കല്ലുകൾ സ്ഥാപിച്ചു. സംഭവസ്ഥലത്ത് പ്രതിഷേധക്കാർ സംഘടിച്ചിരുന്നെങ്കിലും അനിഷ്ഠസംഭവങ്ങളുണ്ടായില്ല. ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന സ്പെഷൽ ബ്രാഞ്ച് പൊലീസിന്‍റെയും മറ്റും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രതിഷേധക്കാരെ നേരിടാൻ ആലുവ ഡിവൈ.എസ്.പിയുടെയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെയും നേതൃത്വത്തിൽ വനിത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പൊലീസുകാർ സ്ഥലത്ത് കേന്ദ്രീകരിച്ചിരുന്നു.
സർവേക്കല്ലുകളും കുഴിമാന്തി ഉപകരണങ്ങളും മറ്റുമായി കെ- റെയിൽ പദ്ധതി തൊഴിലാളികളും ഉദ്യോഗസ്ഥരും പൊലീസ് വലയത്തിലാണ് സ്ഥലത്തെത്തിയത്. പാറക്കടവ് പഞ്ചായത്തിലെ 18-ാം വാർഡിലെ എളവൂർ സെന്‍റ് മേരീസ് താഴെ പള്ളി ഭാഗത്തെ പരേതനായ ബാബു പാത്താടന്‍റെ മക്കൾക്ക് അവകാശമായി ലഭിച്ച ഒന്നര ഏക്കർ വരുന്ന പറമ്പിന്‍റെ ഗേറ്റ് ചാടിക്കടന്നാണ് കെ-റെയിൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഏതാനും സർവേക്കല്ലുകൾ സ്ഥാപിച്ചത്.
ആകാശ സർവേ പ്രകാരമാണ് കല്ലിടാനെത്തിയതെങ്കിലും റേഞ്ചില്ലാതിരുന്നതിനാൽ കല്ലുകൾ സ്ഥാപിക്കാൻ തടസ്സം നേരിട്ടു. പിന്നീട് വിവിധ ഭാഗങ്ങളിൽ ശ്രമം നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെ ഏതാനും കല്ലുകൾ മാത്രം സ്ഥാപിച്ച് ഉദ്യോഗസ്ഥർ മടങ്ങി. ബാബുവിന്‍റെ മക്കൾ വിദേശത്താണെന്നും അവരുടെ അനുവാദമില്ലാതെയാണ് ഉദ്യോഗസ്ഥർ പറമ്പിൽ പ്രവേശിക്കുകയും കല്ലുകൾ സ്ഥാപിച്ചതെന്നും ആരോപണമുണ്ട്.
സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് പ്രതിഷേധക്കാർ തടയാതിരിക്കാൻ സംഭവസ്ഥലത്ത് അങ്കമാലി സി.ഐ സോണി മത്തായിയുടെ നേതൃത്വത്തിൽ ഗേറ്റിന് സമീപവും പൊലീസ് കേന്ദ്രീകരിച്ചിരുന്നു. തടയുകയോ മറ്റോ ചെയ്താൽ ജാമ്യമില്ലാ കേസെടുക്കാൻ നിർദേശം ഉള്ളതായി പ്രതിഷേധക്കാരെ പൊലീസ് മുൻകൂട്ടി വിവരം അറിയിച്ചിരുന്നു.
കെ-റെയിൽ പദ്ധതിക്കും സർവേക്കല്ലുകൾ സ്ഥാപിക്കുന്ന നടപടിക്കുമെതിരെ ജനാധിപത്യരീതിയിൽ ഇവർ താഴെപ്പള്ളി കവലയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. പിന്നീട് സംഭവസ്ഥലത്തേക്ക് പ്രതിഷേധറാലിയുമായെത്തിയെങ്കിലും സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
സർക്കാർ പിന്മാറുന്നതുവരെ സമരം -സംയുക്ത സമരസമിതി
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ കെ-റെയിൽ പദ്ധതിയിലൂടെ അതിന് വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ- റെയിൽ പദ്ധതിക്കെതിരെ എളവൂർ താഴെപ്പള്ളി കവലയിൽ സംഘടിപ്പിച്ച ജനകീയ സംയുക്ത സമരസമിതി യോഗം മുന്നറിയിപ്പ് നൽകി. സർക്കാർ പിന്മാറുന്നതുവരെ ഇരകളെ ഒപ്പം നിർത്തി പ്രതിഷേധിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ജോസ് ഉദ്ഘാടനം ചെയ്തു.
പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെസി ജോസ്, നിഥിൻ സാജു, ജനകീയ സമിതി ഭാരവാഹികളായ പൗലോസ് അറക്കലാൻ, ടോമി പോൾ, ഭൂവുടമ പ്രതിനിധി തോമസ് കല്ലേലി, വിവിധ കക്ഷിനേതാക്കളായ, എം.പി. നാരായണൻ, സി.പി. ദേവസി, സി.പി. ഡേവിസ്, ജെയിൻ പാത്താടൻ, നസീർ അലി, വി.കെ. മോഹനൻ, എ.ഐ. പൗലോസ്, കെ.ഒ. ആന്റണി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.