'ഡബിൾ ഫീലാ' ഈ ബസ് യാത്ര:കെ.എസ്.ആര്.ടി.സിയുടെ ഡബിള്‍ഡക്കര്‍ ബസ് അങ്കമാലിയിലെത്തിയിട്ട് 10 വര്‍ഷം
text_fieldsഅങ്കമാലി: 'ആനവണ്ടി'ക്കൂട്ടത്തിലേക്ക് കൗതുകമുണര്‍ത്തി 2011ലാണ് രണ്ട് ഡബിള്‍ഡക്കര്‍ ബസുകളെത്തിയത്. കെ.എസ്.ആര്.ടി.സിയില്‍ നടപ്പാക്കിയ നവീന പരിഷ്കാരങ്ങളുടെ ഭാഗമായി അന്നത്തെ മന്ത്രി ജോസ് തെറ്റയിലിെൻറ ഇടപെടലാണ് നിമിത്തമായത്. തിരുവനന്തപുരം, അങ്കമാലി ഡിപ്പോകള്‍ക്കാണ് ഡബിള്‍ ഡക്കറുകള്‍ അനുവദിച്ചത്. ഏപ്രില്‍ 23നാണ് അങ്കമാലിയില്‍ സര്‍വിസ് ആരംഭിച്ചത്. ഏറെ കൊട്ടിഘോഷിച്ചായിരുന്നു ഉദ്ഘാടനം. മന്ത്രിയും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, മാധ്യമ പ്രവര്‍ത്തകരുമടക്കം കന്നിയാത്രയില്‍ പങ്കാളികളായി. കെ.എസ്.ആര്.ടി.സി ബസിന് മുകളില്‍ മറ്റൊരു ബസ് കയറ്റി നിര്‍ത്തിയ പോലെയാണ് തലയെടുപ്പ്. കാഴ്ചപോലെ ആനന്ദം പകരുന്നതാണ് ബസില്‍ കയറിയുള്ള യാത്രയും. അക്കാലത്ത് ഡബിള്‍ ഡക്കര്‍ ബസ് കാണാനും, അതില്‍ യാത്ര ചെയ്യാനും വടക്കന്‍ ജില്ലകളില്‍ നിന്നടക്കം അനേകം പേരാണ് നിത്യവും അങ്കമാലിയില്‍ എത്തിയിരുന്നത്. അശോക് ലൈലാന്‍ഡ് കമ്പനിയുടെ ടൈറ്റാന്‍ മോഡല്‍ ഓര്‍ഡിനറി ബസാണിത്. രണ്ട് നിലകളിലായി 73 സീറ്റുകളുണ്ട്. പ്രത്യേകം പരിശീലനം ലഭിച്ച ഡ്രൈവര്‍മാരാണ് ഓടിക്കുന്നത്.
താഴെ നിന്ന് ടിക്കറ്റെടുത്ത ശേഷമായിരിക്കണം മുകളില്‍ കയറേണ്ടത്. മുകളില്‍ നിന്ന് യാത്രയും അനുവദിക്കില്ല. ഡ്രൈവറുടെ കാബിന് പ്രത്യേകം സുരക്ഷിതമാക്കിയിരിക്കുന്നതിനാല്‍ ഡ്രൈവര്‍ക്കോ, യാത്രക്കാര്‍ക്കോ പരസ്പരം ഇരുഭാഗങ്ങളിലേക്കും പ്രവേശിക്കാനാകില്ല. സാധാരണ ബസുകള്‍ക്ക് സംഭവിക്കാറുള്ള ചില തകരാറുകളുണ്ടായിട്ടുണ്ടെങ്കിലും അനിശ്ചിതകാലം കട്ടപ്പുറത്തിരിക്കേണ്ട ഗതികേട് ഇതുവരെയുണ്ടായിട്ടില്ല. ഡബിള്‍ ഡക്കര്‍ ബസ് കാഴ്ചയും യാത്രയുമെല്ലാം സുഖമാണെങ്കിലും കലക്ഷെൻറ കാര്യം കഷ്ടമാണ്. യാത്രക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞ് വരുകയാണ്. നിലവില്‍ അങ്കമാലിയില്‍നിന്ന് ആലുവ, ഇടപ്പള്ളി ബൈപാസുകള്‍ വഴി കുണ്ടന്നൂര്‍, വൈറ്റില വഴി തോപ്പുംപടിയിലേക്ക് നിത്യവും രണ്ട് സര്‍വിസുകളാണുള്ളത്. രണ്ട് സര്‍വിസുകള്‍ക്കുമായി പ്രതിദിനം ഡീസലിന് മാത്രം 6000 രൂപയെങ്കിലും വേണ്ടിവരും.
ജീവനക്കാരുടെ ശമ്പളമടക്കം മറ്റ് ചെലവുകള്‍ വേറെയും. എന്നാല്‍ ഇന്ധന തുക പോലും പലപ്പോഴും കലക്ഷന്‍ ലഭിക്കാറില്ലെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ധന ചാര്‍ജുപോലും കിട്ടാത്ത ബസുകള്‍ റൂട്ട് മാറ്റുകയോ, സമയം ക്രമീകരിക്കുകയോ വേണമെന്ന് മാനേജ്മെന്റ് കര്‍ക്കശമായി നല്കിയ മുന്നറിയിപ്പ് കണക്കിലെടുത്ത് അടുത്താഴ്ച മുതല്‍ അങ്കമാലിയില്‍നിന്ന് പുറപ്പെടുന്ന സമയം രാവിലെ 6.15 എന്നുള്ളത് 45 മിനിറ്റ് നീട്ടി ഏഴിലേക്ക് മാറ്റാനും വൈകീട്ട് 4.10ന് പുറപ്പെടുന്ന സമയം അഞ്ചിലേക്കാക്കാനുമാണ് ഉദ്ദേശിക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ എന്നന്നേക്കുമായി സമയം ഇത്തരത്തിലാക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.