കുട്ടപ്പനാശാെൻറ വിയോഗം: അരങ്ങൊഴിഞ്ഞത് ബ്ലാവേലി കലാകാരൻ
text_fieldsഅങ്കമാലി: ബ്ലാവേലി എന്ന പാരമ്പര്യനാടന് കലാരൂപത്തെ ജനകീയവത്കരിച്ച അങ്കമാലി തുറവൂർ കളപ്പുരപ്പറമ്പിൽ കുട്ടപ്പനാശാന് (89) അരങ്ങൊഴിഞ്ഞു. ബ്ലാവേലി വായന നടത്തുന്ന അപൂർവം കലാകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.
തൃപ്പൂണിത്തുറ നാരായണനിൽനിന്നാണ് 12--ാം വയസ്സിൽ കുട്ടപ്പനാശാൻ ബ്ലാവേലി വായന പഠിച്ചത്. 70 വർഷത്തിലധികമായി എറണാകുളം, തൃശൂർ ജില്ലകളിലെ ഹൈന്ദവ കുടുംബങ്ങളിൽ കർക്കടക മാസത്തിലും ആലുവ ശിവരാത്രി മണപ്പുറത്തും ബ്ലാവേലി വായന നടത്തിപ്പോരുന്നു.
ചുരുൾചിത്രകലാരൂപമായ ബ്ലാവേലി വായനയെ മ്ലാവേലി വായന, ഡാവേലി വായന, രാവേലി വായന എന്നൊക്കെ വിളിക്കാറുണ്ട്. പരദേശിയുടെ വേഷത്തിലെത്തുന്ന ശിവൻ എന്ന സങ്കൽപമുള്ളതിനാൽ ഭക്തിയോടെയാണ് വീടുകളിൽ ബ്ലാവേലി വായനക്കാരനെ വരവേൽക്കുന്നത്.
പണ്ടുകാലത്ത് മ്ലാവിൻ തോലിൽ ചിത്രങ്ങൾ വരച്ചിരുന്നതിനാൽ മ്ലാവേലിപ്പാട്ട് എന്നും ഈ കലാരൂപം അറിയപ്പെട്ടിരുന്നു. കിടാവിനെ ബലികൊടുത്ത പാട്ടായതിനാൽ കിടാവലിപ്പാട്ട് എന്നും പേരുണ്ട്.
വീരശൈവ വിഭാഗത്തിൽപെട്ടവരാണ് ബ്ലാവേലി കലാകാരന്മാർ. വായനവേളയിൽ കുടുംബങ്ങളിൽനിന്ന് കിട്ടുന്ന ദക്ഷിണയാണ് കുട്ടപ്പനാശാെൻറ ഉപജീവനമാർഗം. മലയാള സർവകലാശാല, സംസ്കൃത സർവകലാശാല എന്നിവിടങ്ങളിൽ ചരിത്രം, മലയാളം വിഭാഗങ്ങളിലെ നിരവധി ഗവേഷക വിദ്യാർഥികൾ പഠനത്തിെൻറ ഭാഗമായി കുട്ടപ്പനാശാനെ തേടിയെത്താറുണ്ട്. ഭാര്യ: പരേതയായ അമ്മിണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.