മണക്കാട് പാറമട സ്ഫോടനം; നഷ്ടപരിഹാരം ആറാഴ്ചക്കുള്ളിൽ തിട്ടപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsഅങ്കമാലി: മൂക്കന്നൂർ മണക്കാട് പാറമടയിൽ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കുമ്പോഴുണ്ടായ സ്ഫോടനത്തിൽ നാശനഷ്ടം സംഭവിച്ച വീടുകൾക്ക് ആറാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം തിട്ടപ്പെടുത്തി നൽകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടറോട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
നാശനഷ്ടം തിട്ടപ്പെടുത്തിയ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടികൾ പൂർത്തിയാക്കി നഷ്ടപരിഹാരം അനുവദിക്കണമെന്നും സ്വീകരിച്ച നടപടികൾ രണ്ടുമാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും ജില്ല കലക്ടറോടും കമീഷൻ ആവശ്യപ്പെട്ടു. സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയപ്പോൾ മൂക്കന്നൂർ, അയ്യമ്പുഴ, തുറവൂർ പഞ്ചായത്തുകളിലെ ഇരുന്നൂറോളം വീടുകൾക്കാണ് ഭീമമായ തോതിൽ വിള്ളലുണ്ടായത്.
തുറവൂർ മഞ്ഞിക്കാട് പ്രവർത്തിച്ചിരുന്ന പാറമടയിൽ കഴിഞ്ഞ മേയ് മൂന്നിന് സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയപ്പോൾ മൂക്കന്നൂർ വില്ലേജിലെ 21 വീടുകൾക്കും തുറവൂർ വില്ലേജിലെ ഒമ്പത് വീടുകൾക്കുമാണ് നാശനഷ്ടം സംഭവിച്ചത്. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലപരിശോധന നടത്തിയിരുന്നു.
നാശം സംഭവിച്ച വീടുകളുടെ നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിന് അപേക്ഷ നൽകിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, മറുപടി ലഭിച്ചില്ല. മഞ്ഞപ്ര, അയ്യമ്പുഴ വില്ലേജുകളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ല കലക്ടറിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. അങ്കമാലി സ്വദേശി ഷൈജു വർഗീസ് സമർപ്പിച്ച പരാതിയിലാണ് കമീഷൻ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.