ദേശീയപാത വികസനം; മൂത്തകുന്നത്ത് കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി
text_fieldsപറവൂർ: ദേശീയപാത 66 നിർമാണത്തിന് മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കിത്തുടങ്ങി. കലക്ടർ ജാഫർ മാലിക്കിന്റെ സാന്നിധ്യത്തിൽ വടക്കേക്കര വില്ലേജിലെ ലേബർ കവലയിലെ വീടാണ് ആദ്യം പൊളിച്ചത്.
ഭൂമിയേറ്റെടുക്കൽ അന്തിമഘട്ടത്തിൽ എത്തിയതായി കലക്ടർ പറഞ്ഞു. 30 ഹെക്ടറോളം ഏറ്റെടുത്തു. ഒന്നര ഹെക്ടറിൽ താഴെ മാത്രമേ ഇനി ഏറ്റെടുക്കാനുള്ളു. വടക്കൻ ജില്ലകളിൽ നിർമിതികൾ പൊളിച്ചു നീക്കിയശേഷം റോഡ് നിർമാണത്തിലേക്ക് കടന്നു. മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ആയിരത്തി ഇരുന്നൂറോളം നിർമിതികളാണ് പൊളിച്ചു നീക്കേണ്ടത്. രണ്ടര മാസത്തിനുള്ളിൽ പൂർത്തിയാക്കി മഴക്കാലം കഴിയുന്നതോടെ റോഡ് നിർമാണത്തിലേക്ക് കടക്കും.
നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഭൂമിയുടെ രേഖകൾ നൽകാൻ ബുധനാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. പരമാവധി പണം ഭൂമിയേറ്റെടുക്കൽ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിൽനിന്നും നൽകാനാണ് ശ്രമം. 250 കോടിയിൽ താഴെ രൂപ മാത്രമേ ഇനി കൊടുക്കാനുള്ളൂ. 1300 കോടിയോളം രൂപ കൊടുത്തു കഴിഞ്ഞതായി കലക്ടർ പറഞ്ഞു. സ്വന്തം നിലയിൽ കെട്ടിടം പൊളിച്ചവരുണ്ട്. ഉടമകൾ പൊളിക്കുമ്പോൾ കെട്ടിടത്തിന്റെ സാമഗ്രികൾ അവർക്ക് എടുക്കാം.
കരാറുകാരനാണ് പൊളിക്കുന്നതെങ്കിൽ കെട്ടിടത്തിലെ വസ്തുക്കൾ കരാറുകാരൻ കൊണ്ടുപോകും. വരും ദിവസങ്ങളിൽ നിർമിതികൾ പൊളിക്കാൻ കൂടുതൽ യൂനിറ്റുകൾ എത്തും.
സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, എൻ.എച്ച്.എ.ഐ മാനേജർ ദേബാ പ്രസാദ് സാഹു, ലെയ്സൺ ഓഫിസർ എം.ബി. അനിൽകുമാർ, എൽ.എ തഹസിൽദാർമാരായ സരിത പ്രഭാകർ, കെ. രാധാകൃഷ്ണൻ, ലാൻഡ് അക്വിസിഷൻ ഉദ്യോഗസ്ഥർ, സീനിയർ സൂപ്രണ്ട് ബേസിൽ എ. കുരുവിള എന്നിവരും സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.