മുഖം മിനുക്കി ഇല്ലാതായ കെ.എസ്.ആര്.ടി.സി സ്റ്റാൻഡ്; അങ്കമാലി കെ.എസ്.ആര്.ടി.സി ടെർമിനലിൽ മാലിന്യവും വെള്ളക്കെട്ടും
text_fieldsഅങ്കമാലി: കേരള ട്രാന്‍സ്പോര്‍ട്ട് െഡവലപ്മെൻറ് ഫിനാന്‍സ് കോര്‍പറേഷനും (കെ.ടി.ഡി.എഫ്.സി ) കെ.എസ്.ആര്.ടി.സിയും കൈകോര്‍ത്ത് സംസ്ഥാനത്ത് അത്യാധുനിക രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ ബസ് ടെര്‍മിനലാണ് അങ്കമാലിയിലേത്. അത്യാധുനിക ഷോപ്പിങ് കോംപ്ലക്സിെൻറ വരവ് 'വികസനപ്പെരുമഴ' സൃഷ്ടിക്കുമെന്നായിരുന്നു അധികാരികളുടെ കണക്കുകൂട്ടല്‍. രണ്ടേക്കറോളം സ്ഥലത്ത് ഓടുമേഞ്ഞ പഴയ കെട്ടിടം പൊളിച്ച് ഹെക്ടര്‍കണക്കിന് മണ്ണ് നീക്കി 34 കോടി ചെലവില്‍ അതിവേഗം നിർമാണം പൂര്‍ത്തിയാക്കി.
2012 ജനുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ചത്. 300ഓളം ഇരുചക്ര വാഹനങ്ങളും 130 കാറുകളും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ബസ് ടെര്‍മിനലില്‍ മള്‍ട്ടിപ്ലസ് തിയറ്റര്‍ അടക്കം പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. എം.എൽ.എ ജോസ് തെറ്റയിലായിരുന്നു ഗതാഗതമന്ത്രി എന്നതിനാല്‍ അതിവേഗം നിർമാണം പൂര്‍ത്തിയാക്കി.
ടെര്‍മിനലിലെ കെട്ടിടങ്ങളുടെ വാടക കെ.ടി.ഡി.എഫ്.സിക്കായിരിക്കുമെന്ന വ്യവസ്ഥയിലാണ് ദീര്‍ഘകാല കരാറില്‍ ഒപ്പുവെച്ച് പദ്ധതി നടപ്പാക്കിയത്.
എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടതോടെ മള്‍ട്ടി പ്ലസ് തിയറ്ററില്‍ പുതിയ സിനിമകള്‍ കാണാന്‍ ആളുകള്‍ എത്തുന്നു എന്നല്ലാതെ കെ.എസ്.ആര്.ടി.സിയുടെ പ്രതാപം നഷ്ടമായത് മാത്രമായിരുന്നു ഫലം. കുറഞ്ഞ സ്ഥലത്താണ് സ്റ്റാന്‍ഡിെൻറ പ്രവര്‍ത്തനം തുടങ്ങിയത്. 'എല്‍' മാതൃകയിൽ ഒതുങ്ങിയ ബസ് സ്റ്റേഷന് അവഗണനകള്‍ ഓരോന്നായി നേരിടാൻ തുടങ്ങി.
സെപ്റ്റിക്ടാങ്കുകള് നിറഞ്ഞ് മാലിന്യം സ്റ്റാന്‍ഡിലും ദേശീയപാതയിലും ഒഴുകി. മഴക്കാലം വന്നാല്‍ ചളിക്കണ്ടുമായി. യാത്രക്കാര്‍ക്ക് മൂക്ക് പൊത്താതെ പ്രവേശിക്കാനാകാത്ത സ്ഥിതിയായി. ഒട്ടേറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അടുത്തിടെയാണ് ശൗചാലയങ്ങൾ സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്കി 'പേ ആൻഡ് യൂസ്' ആക്കി പ്രശ്നം പരിഹരിച്ചത്. ഇപ്പോള്‍ വെള്ളക്കെട്ടും മാലിന്യവും സാമൂഹിക വിരുദ്ധ ശല്യവുമാണ് സ്റ്റേഷന് നേരിടുന്ന പ്രധാന പ്രതിസന്ധികള്‍.
കൂടാതെ ആറു തവണയെങ്കിലും ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയിട്ടും പെട്രോള്‍ പമ്പിന് സമീപത്തെ ഗര്‍ത്തം ഒഴിവാക്കാനായിട്ടില്ല. കിഴക്കുവശത്തെ പ്രവേശന കവാടത്തില്‍ ഇരുവശവും മാലിന്യം നിറയുകയാണ്.
സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മറ്റൊരു ദുരിതമാണ്. വരാന്തകളില്‍ മദ്യപാനികളുടെ ശല്യവും ഭിക്ഷാടനവും രൂക്ഷമാണ്. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ യാത്രക്കാരുടെ പോക്കറ്റടിച്ച മൂന്ന് സംഭവങ്ങളുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.