അങ്കമാലിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പൊലിഞ്ഞത് രണ്ടു ജീവൻ; 'അജ്ഞാത' വാഹനങ്ങൾ കണ്ടെത്താനാകാതെ പൊലീസ്
text_fieldsഅങ്കമാലി: ദേശീയപാത അത്താണിയിൽ വെള്ളിയാഴ്ചയും പിറ്റേന്ന് ശനിയാഴ്ച അങ്കമാലി ടെൽക്കിന് സമീപവും അജ്ഞാത വാഹനങ്ങൾ ഇടിച്ചുണ്ടായ അപകടങ്ങളിൽ രണ്ടു പേരാണ് മരിച്ചത്. റോഡിലുടനീളം നിരീക്ഷണ ക്യാമറകളും സുരക്ഷ ക്രമീകരണങ്ങളും പലവിധ ജാഗ്രത സേനകളുണ്ടായിട്ടും അപകടങ്ങളുണ്ടാക്കുന്ന വാഹനങ്ങൾ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.
വെള്ളിയാഴ്ച രാത്രി അങ്കമാലി ബദ്രിയ്യ ഹോട്ടൽ ഉടമ മാഞ്ഞാലി സ്വദേശി എ.എ ഹാഷിമും (52), ശനിയാഴ്ച കളമശ്ശേരി അപ്പോളോ ടയേഴ്സിലെ സെക്യൂരിറ്റി ജീവനക്കാരൻ തിരുവനന്തപുരം വാമനപുരം നെല്ലനാട് സ്വദേശി ആർ. രതീഷുമാണ് അതിദാരുണമായി മരിച്ചത്. സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹാഷിം ദേശീയപാതയിലെ ഭീമൻ കുഴിയിൽ വീണ് എതിർവശത്തെ ട്രാക്കിൽ തെറിച്ചു വീഴുകയും ഈ സമയം അജ്ഞാത വാഹനം ദേഹത്ത് കയറിയിറങ്ങിയാണ് മരിച്ചത്.
രതീഷ് പട്ടാപകലാണ് അപകടത്തിൽപ്പെട്ടത്. ഉച്ചക്ക് 2.15ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ ടെൽക്കിനും അഗ്നി രക്ഷ സേന ഓഫീസിനും മധ്യേ ഹമ്പ് കടക്കുന്നതിനിടെയാണ് അതിദാരുണമായി മരിച്ചത്. അജ്ഞാത വാഹനം ബൈക്കിൽ കൊളുത്തി മുന്നോട്ട് വലിച്ചിഴച്ച നിലയിലായിരുന്നു. കമിഴ്ന്ന് വീണ് കിടന്നിരുന്ന രതീഷിന്റെ നെഞ്ച് മുതൽ മുട്ടുകാൽ വരെ തൊലി ഉരഞ്ഞ നിലയിലായിരുന്നു. തിങ്ങിനിറഞ്ഞ വാഹനങ്ങൾ നിർത്തി ഹമ്പുകൾ കടക്കുന്ന സമയത്തായിരുന്നു ദുരന്തം. മൂന്ന് ദിവസം കഴിഞ്ഞിട്ടും അജ്ഞാത വാഹനം കണ്ടെത്താനായിട്ടില്ല.
ദേശീയപാതയിൽ കറുകുറ്റി മുതൽ ദേശം മംഗലപ്പുഴപ്പാലം വരെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ അജ്ഞാത വാഹനങ്ങൾ തട്ടിയുണ്ടായ ഗണത്തിൽ നിരവധി അപകടങ്ങളാണുണ്ടായിട്ടുള്ളത്. അതിൽ അധിക കേസുകളും ജീവഹാനിക്കിടയാക്കിയിട്ടുള്ളവയാണ്. അങ്കമാലി, ചെങ്ങമനാട്, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം രണ്ടര വർഷങ്ങൾക്കുള്ളിൽ ഇത്തരത്തിൽ 36 ഓളം അപകടങ്ങളുണ്ടായിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെയും, വിവിധ ഏജൻസികളുടെയുമടക്കം വ്യാപകമായ നിരീക്ഷണ ക്യാമറകൾ, സജീവമായി നിലയുറപ്പിക്കുന്ന ഹൈവെ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, മറ്റ് സുരക്ഷ ഏജൻസികൾ, ദേശീയപാതയിലെ ജാഗ്രത സേനകൾ അടക്കം ഉണ്ടായിട്ടും അപകടങ്ങൾക്ക് അറുതി വരുത്താനോ, അജ്ഞാത വാഹനങ്ങൾ കണ്ടെത്താനോ സാധിക്കുന്നില്ല. അപകടം നടന്ന് കഴിയുമ്പോഴാണ് നിരീക്ഷണ ക്യാമറകൾ പണിമുടക്കിയിരിക്കുകയാണെന്ന കാര്യം അധികൃതർ പോലും അറിയുന്നത്.
ജീവൻ പൊലിയുന്നവരുടെ ആശ്രിതരുടെ രോദനത്തിന് ആശ്വാസമാകുന്ന ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കാതെ വർഷങ്ങളോളം കാത്തിരുന്ന് കേസ് മാഞ്ഞ് പോകുന്ന അവസ്ഥയാണുള്ളത്. ദേശീയപാതയിലും, പൊതുമരാമത്ത് റോഡുകളിലും ദിനേന ഉണ്ടാകുന്ന അപകടങ്ങൾക്ക് ബന്ധപ്പെട്ട അധികാരികളിൽനിന്നും റോഡ് നിർമ്മാണ കരാറുകാരിൽനിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നാണ് പുതുതായി മുറവിളി ഉയരുന്നത്. അപകടങ്ങളുണ്ടാക്കുന്ന അജ്ഞാത വാഹനങ്ങൾ കണ്ടെത്താൻ സാധിക്കാതെ വന്നാൽ പൊലീസിൽ നിന്നോ, ബന്ധപ്പെട്ട ഏജൻസികളിൽ നിന്നോ നഷ്ട പരിഹാരം ഈടാക്കി ഇരകളുടെ ആശ്രിതർക്ക് നൽകണമെന്നുമാണ് ആവശ്യം ഉയരുന്നത്. ഇതിനായി പലരും ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അടക്കം സമീപിച്ചതായാണറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.