അങ്കമാലിയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം; സ്വകാര്യ ബസുകൾ സമരത്തിലേക്ക്
text_fieldsഅങ്കമാലി: ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ടും സ്വകാര്യ ബസുകൾക്കെതിരെ അന്യായമായി പിഴയീടാക്കുന്നതിലും മുന്നറിയിപ്പില്ലാതെ സർവിസ് നിർത്തി പ്രതിഷേധിക്കാനൊരുങ്ങുന്നു.
ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന അങ്കമാലി പട്ടണത്തിലും പരിസരത്തും വളരെയധികം ക്ലേശം സഹിച്ചാണ് സർവിസ് മുന്നോട്ട് കൊണ്ടുപോകുന്നത്.
റോഡ് ശോച്യാവസ്ഥയും ഗതാഗതക്കുരുക്ക് രൂക്ഷവുമായതിനാൽ നിലനിൽപ്പുപോലും ഭീഷണിയിലാണെന്ന് അങ്കമാലി, കാലടി, അത്താണി മേഖല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി. ഒ. ഡേവീസ് എന്നിവർ ചൂണ്ടിക്കാട്ടി. മണിക്കൂറുകൾ ക്യൂവിൽ കിടന്ന് ഇഴഞ്ഞുനീങ്ങേണ്ട സ്ഥിതിയാണ് ബസുകൾക്ക്. പൊലീസും മോട്ടോർ വാഹന വകുപ്പും ബസുകളോടും ജീവനക്കാരോടും പീഡന സമീപനമാണ് സ്വീകരിക്കുന്നതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളിലെ റോഡുകൾ പുനർനിർമിക്കുന്നതിന് മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
കരയാംപറമ്പ് മുതൽ മൂക്കന്നൂർ, പൂതംകുറ്റി, മുന്നൂർപ്പിള്ളി റോഡ് നിർമാണം മൂന്ന് വർഷമായി ഇഴയുന്നതും അങ്ങാടിക്കടവ് റെയിൽവേ അടിപ്പാത നിർമാണവും മൂലം ബസുകൾക്കും ട്രിപ് പൂർത്തിയാക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഗതാഗത രൂക്ഷമാകുമ്പോൾ പല ബസുകൾക്കും സ്റ്റാൻഡിൽ പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
കാലടി ഭാഗത്തുനിന്ന് വരുന്ന ബസുകൾ എൽ.എഫ് ആശുപത്രിക്ക് സമീപമാണ് പ്രധാനമായും കുരുക്കിൽ അകപ്പെടുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഭീമമായ പിഴ ചുമത്തുന്നതായും ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
ക്യാമ്പ് ഷെഡ് റോഡിൽ അങ്ങാടിക്കടവ് സിഗ്നൽവരെ ഇരുവശത്തും അനധികൃത പാർക്കിങ്ങും രൂക്ഷമാണ്. അങ്കമാലി നഗരസഭ ചെയർമാൻ വിളിച്ച യോഗത്തിൽ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നടപടിയെടുക്കുമെന്നതടക്കമുള്ള തീരുമാനമൊന്നും നടപ്പാക്കിയിട്ടില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പില്ലാതെ സർവിസ് നിർത്തിവെച്ച് ബസ് ഉടമകൾ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.