ആരോട് പറയണം, അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ കാര്യം?
text_fieldsഅങ്കമാലി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കുഴികൾ ചളിക്കുളമായി. വർഷങ്ങളായി ബസ് സ്റ്റാൻഡ് ശോച്യാവസ്ഥയിലായിട്ടും അധികൃതർ അറിഞ്ഞമട്ടില്ല. വകുപ്പ് മന്ത്രിമാരും ഉന്നത അധികാരികളും മറ്റും പലതവണ സ്റ്റാൻഡ് സന്ദർശിച്ച് അവസ്ഥ ബോധ്യപ്പെട്ടതാണെങ്കിലും ഇതുവരെ പരിഹാരനടപടികൾ സ്വീകരിച്ചിട്ടില്ല.
ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പട്ടണവും ജില്ല അതിർത്തിയും കൂടിയായതിനാൽ അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനെ ആശ്രയിക്കുന്ന യാത്രക്കാർ നിരവധിയാണ്. ബസുകൾ സ്റ്റാന്‍ഡിൽ പ്രവേശിക്കുന്ന വഴിയിലും പുറപ്പെടുന്ന വഴിയിലും പാർക്ക് ചെയ്യുന്ന ഭാഗങ്ങളിലും ഭീമൻ കുഴികളാണ്.
സ്റ്റാൻഡിൽ പ്രവേശിക്കുമ്പോൾ മുതൽ ബസിലെ യാത്രക്കാർ ആടിയാടി സഞ്ചരിക്കേണ്ട ഗതികേടിലാണ്. തിരക്കുള്ള ബസുകളിൽ കുട്ടികളെ തോളിലേറ്റി സഞ്ചരിക്കുന്ന സ്ത്രീകൾ, വയോധികർ അടക്കമുള്ളവർ പലപ്പോഴും വീഴുകയാണ്. കഴിഞ്ഞ ദിവസം ഇങ്ങനെ സഞ്ചരിച്ച ബസിൽ തൃശൂർ സ്വദേശിനിയായ വീട്ടമ്മ അപകടത്തിൽപെട്ടെങ്കിലും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതേച്ചൊല്ലി ബസ് ഡ്രൈവറും യാത്രക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി.
ജോസ് തെറ്റയിൽ ഗതാഗത മന്ത്രിയായിരിക്കെ കെ.ടി.ഡി.എഫ്.സിയുമായി സഹകരിച്ച് പണിതീർത്ത കെ.എസ്.ആർ.ടി.സി വ്യാപാര സമുച്ചയമാണിത്. 2012 മേയ് 17ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനം ചെയ്ത് മാസങ്ങൾ കഴിഞ്ഞപ്പോൾതന്നെ സ്റ്റാൻഡിനകത്തെയും വ്യാപാര സമുച്ചയങ്ങളിലെയും മലിനജലം പുറന്തള്ളാനാകാത്ത അവസ്ഥയുണ്ടായിരുന്നു. ശൗചാലയങ്ങളിലെ മലിനജലംപോലും സ്റ്റാൻഡിനകത്ത് കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നു. ഇതേച്ചൊല്ലി സമരങ്ങളും പരാതികളും വ്യാപകമായി.
പിന്നീട്, ഏറെ നവീകരണങ്ങൾ നടന്നു. ഒടുവിൽ വെള്ളക്കെട്ടിന് പരിഹാരമായി സ്റ്റാൻഡിലുടനീളം ടൈലുകൾ പാകി. ഈ പ്രവൃത്തി പാതിവഴിയിലായപ്പോഴേക്കും ഗുണനിലവാരം കുറഞ്ഞതാണെന്ന ആരോപണവും വന്നു. ഇപ്പോൾ സ്റ്റാൻഡിലുടനീളം ടൈലുണ്ടെങ്കിലും കുഴിയിൽ ടൈലുകൾ നിരത്തിയ അവസ്ഥയിലാണ്.
സ്റ്റാൻഡ് നവീകരണം: സർക്കാർ അനുമതി നൽകുന്നില്ലെന്ന് എം.എൽ.എ
അങ്കമാലി: ശോച്യാവസ്ഥ നേരിടുന്ന അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണത്തിന് എം.എൽ.എ ഫണ്ട് വിനിയോഗിക്കാൻ സർക്കാർ അനുമതി നൽകുന്നില്ലെന്ന് റോജി എം. ജോൺ എം.എൽ.എ. ജൂൺ 25ന് ശിപാർശക്കത്തും എസ്റ്റിമേറ്റും അനുബന്ധ രേഖകളും സമർപ്പിച്ച് 75 ലക്ഷത്തിന്റെ നവീകരണ പദ്ധതിക്കാണ് സർക്കാറിന്റെ അനുമതി തേടിയത്.
എന്നാൽ, 2018ലെ സർക്കാർ ഉത്തരവ് പ്രകാരം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണത്തിന് എം.എൽ.എ ഫണ്ട് വിനിയോഗം അനുവദിച്ചില്ല. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവംമൂലമാണ് മഴക്കാലമാകുമ്പോള്‍ വെള്ളം കയറി യാര്‍ഡ് മുഴുവന്‍ കുണ്ടുംകുഴിയുമാകുന്നത്.
പരിതാപകരമായ അവസ്ഥ കണക്കിലെടുത്ത് പലപ്പോഴും ഗതാഗതമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. അതിനൊന്നും പരിഹാരം കാണാതെ വന്നതോടെയാണ് എം.എല്‍.എ ഫണ്ടുപയോഗിക്കാൻ തയാറായത്.
ശോച്യാവസ്ഥ മാറ്റാൻ മാർഗങ്ങൾ ഇനിയും തേടുമെന്നും എം.എല്‍.എ ഫണ്ട് വിനിയോഗിക്കുന്നതിന് പ്രത്യേകാനുമതി തേടി സർക്കാറിനെ വീണ്ടും സമീപിക്കുമെന്നും റോജി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.