എറണാകുളം ജില്ലയിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ ദുരിതവും ദുർഗന്ധവും
text_fieldsകൊച്ചി: ചോർന്നൊലിക്കുന്ന കെട്ടിടങ്ങൾ, യാത്രക്കാർക്ക് മഴ നനയാതെ ബസ് കയറാൻ വയ്യാത്ത സാഹചര്യം, ദുർഗന്ധം വമിക്കുന്ന ശൗചാലയങ്ങൾ... ദിവസേന ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന ജില്ലയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്.
കുഴികൾ നിറഞ്ഞ് അങ്കമാലി
അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ചാറ്റൽ മഴ പെയ്താൽ പോലും ‘കുള’മാകും. യാത്രക്കാർ കയറിയിറങ്ങുന്ന സ്റ്റാൻറിനകത്തും ബസുകൾ കയറിയിറങ്ങുന്ന കവാടങ്ങളിലും വൻ കുഴികളുമുണ്ട്. നിരവധി തവണ അപകടങ്ങളുണ്ടായിട്ടുണ്ട്. നാഥനില്ലാത്ത അവസ്ഥയാണ്. വർഷങ്ങളായി പല പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല. വെള്ളം ഒഴുകി പോകാത്ത അവസ്ഥയാണ് പ്രശ്നം. പരാതികൾ നൽകിയിട്ടും പരിഹാരമില്ലാത്ത അവസ്ഥയാണ്. നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇവിടെ പ്രശ്നങ്ങൾക്ക് കാരണമെന്ന് നേരത്തെ തന്നെ ആക്ഷേപങ്ങളുയർന്നിരുന്നു.
ചീഞ്ഞുനാറി എറണാകുളം
സംസ്ഥാനത്ത് തന്നെ ഏറ്റവും മോശം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലൊന്നാണിത്. ശോച്യാവസ്ഥ സംബന്ധിച്ച മുറവിളികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ശോച്യാവസ്ഥയിലായ കെട്ടിടം, വൃത്തിഹീനമായ പരിസരം എന്നിവയെല്ലാം ഒറ്റമഴയിൽ പോലും വെള്ളത്തിൽ മുങ്ങുന്ന സ്റ്റാൻഡിന്റെ ‘പ്രത്യേകത’കളാണ്. പുനരുദ്ധാരണത്തിന് നിരവധി പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ജലരേഖയായി. കഴിഞ്ഞയാഴ്ച ഗതാഗതമന്ത്രി നേരിട്ട് വന്ന് നടത്തിയ പ്രഖ്യാപനങ്ങളാണ് ഒടുവിലത്തേത്. സ്റ്റാൻഡിന്റെ ശോച്യാവസ്ഥ മെട്രോ നഗരിക്ക് തന്നെ നാണക്കേടാണ്.
‘വള്ള’മിറക്കണം, കൂത്താട്ടുകുളം സ്റ്റാൻഡിലെത്താൻ
തിരമാലകൾക്ക് മുകളിലൂടെ തുഴഞ്ഞെത്തുന്ന വള്ളങ്ങൾ പോലെയാണ് ബസുകൾ കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്നത്. ഒരു വർഷത്തിലേറെയായി സ്റ്റാൻഡിന്റെ തെക്ക് ഭാഗത്ത് നിറയെ കുഴികളാണ്. ബസ് സ്റ്റാൻഡിലെത്തണമെങ്കിൽ മുട്ടോളം താഴ്ചയുള്ള കുഴികൾ താണ്ടണം. മഴക്കാലം എത്തിയതോടെ നടന്നെത്തുന്ന യാത്രക്കാർ കുഴികളിൽ വീഴുന്നത് നിത്യസംഭവമാണ്. അധികൃതർ ഇത് കണ്ടില്ലെന്ന മട്ടിലാണ്. നൂറുകണക്കിന് ബസുകളാണ് ദിവസേന സ്റ്റാൻഡിൽ കയറി പോകുന്നത്. സീറ്റിലിരുന്ന് ഉറങ്ങി എത്തുന്ന ദീർഘദൂര യാത്രക്കാർ കുഴികളിൽ ചാടി ബസ് സ്റ്റാൻഡിലേക്കെത്തുമ്പോൾ അവരെ വിളിച്ചുണർത്തേണ്ടതില്ലന്നാണ് ട്രോളുകൾ! പരാതികളും നിവേദനങ്ങളും നിരവധി നൽകിയെങ്കിലും അവഗണന ബാക്കി.
കളമശ്ശേരിയിൽ ബസുകളെത്തിയില്ല
ഏഴ് വർഷം മുമ്പ് നഗരസഭ നിർമിച്ച ബസ് സ്റ്റാൻഡിലേക്ക് ഇനിയും ബസുകളെത്തിയില്ല. 2017 ഡിസംബറിൽ കിൻഫ്രയിൽ നിന്നും സൗജന്യമായി ലഭിച്ച 70 സെന്റ് ഭൂമിയിൽ നാല് കോടിയോളം രൂപ ചെലവിട്ട് നിർമിച്ചതാണ് സ്റ്റാൻഡ്. ടെർമിനലിലെ ബങ്കുകൾ എല്ലാം നഗരസഭ മൂന്ന് വർഷം മുമ്പ് ലേലത്തിന് നൽകി. ഇവകളുടെ പ്രവർത്തനമാണ് സ്റ്റാൻഡിൽ നടക്കുന്നത്. ടെർമിനലിൽ സ്റ്റാൻഡിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. ബസുകൾ കയറാനാവശ്യമായ പ്രവർത്തനങ്ങളും മുന്നോട്ട്പോയില്ല. നിലവിൽ ആംബുലൻസുകളുടേയും മറ്റു വാഹനങ്ങളുടെയും പാർക്കിങ് കേന്ദ്രമായിരിക്കുകയാണ്.
മൂവാറ്റുപുഴയിൽ നിർമാണം പാതിവഴിയിൽ
മധ്യകേരളത്തിലെ പ്രധാന കെ.എസ്.ആർ.ടി.സി ഡിപ്പോയായ മൂവാറ്റുപുഴയിൽ സ്റ്റാൻഡിന്റെ നിർമാണം പാതിവഴിയിൽ മുടങ്ങിയിട്ട് വർഷങ്ങളായി. വികസനത്തിന്റെ പേരിൽ പഴയ കെട്ടിടം പൊളിച്ചുനീക്കി കോടികൾ ചെലവഴിച്ചു 2014 നവംബറിലാണ് പുതിയ ബസ് സ്റ്റാൻഡിന്റയും ഷോപിങ് കോംപ്ലക്സിന്റെയും നിർമാണം ആരംഭിച്ചത്. ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾ 2019 മാർച്ചിൽ പൂർത്തിയാക്കി തുറന്നുനൽകി. പത്ത് വർഷം പിന്നിടുമ്പോഴും തുടർ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല.
അടിസ്ഥാനസൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ഡിപ്പോയിൽ യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾക്കായി ശുചിമുറികളില്ല, ബസ് കാത്തു നിൽക്കാനും ഇരിക്കാനും സൗകര്യങ്ങളില്ല. രാത്രിയിലെത്തുന്ന സ്ത്രീകളടക്കമുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സംവിധാനങ്ങളില്ല, വൈദ്യുതീകരണം പൂർത്തിയായിട്ടില്ല, ശുദ്ധജലം ലഭിക്കാൻ സംവിധാനങ്ങളില്ല. മഴ നനയാതെ ബസിൽ കയറാൻ കഴിയില്ല. പണികൾ തീർത്ത് ഷോപ്പിങ് കോംപ്ലക്സിലെ മുറികൾ വാടകക്ക് നൽകിയാൽതന്നെ നല്ലൊരു വരുമാനം ലഭിക്കും. സ്റ്റാൻഡ് നിലവിൽ കാടുകയറിയ അവസ്ഥയിലാണ്. ദീർഘദൂര ബസുകളടക്കം നൂറുകണക്കിന് ബസുകളാണ് പ്രതിദിനം ഇവിടെയെത്തുന്നത്.
പെരുമ്പാവൂരെത്തിയാൽ മൂക്ക് പൊത്തണം
നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് കെട്ടിടം അപകടാവസ്ഥയിലാണ്. കെട്ടിടത്തിന്റെ മുകള്‍ ഭാഗം അടര്‍ന്നുവീഴുന്ന സാഹചര്യമുണ്ട്. ഒരു വര്‍ഷം മുമ്പ് സിമന്റ് കട്ട തലയില്‍ ചാടി യാത്രകാരിക്ക് പരിക്കേറ്റിരുന്നു. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ചും അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാവശ്യപ്പെട്ടും നിരവധി നിവേദനങ്ങള്‍ പല സംഘടനകളും നല്‍കിയിട്ടും നടപടികളുണ്ടായിട്ടില്ല. ദിനംപ്രതി ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പടെ കയറിയിറങ്ങി പോകുന്ന സ്റ്റാൻഡാണിത്.
ടോയ്ലറ്റ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലെല്ലാം പാളിച്ചകളാണ്. ശൗചലായത്തിൽനിന്ന് മലിനജലം പുറത്തേക്കൊഴുകുകയാണ്. മാസങ്ങളായി കുടിവെള്ള ടാങ്ക് ശുചീകരണമില്ല. അന്തര്‍ സംസ്ഥാനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ രാത്രിയും പകലും തങ്ങുന്ന സ്റ്റാൻഡില്‍ സുരക്ഷ ജീവനക്കാരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.