അത്താണി–പറവൂർ റോഡ് വികസനം: സഫലമാകാത്ത സ്വപ്നം
text_fieldsചെങ്ങമനാട്: ഇരുപതോളം ചെറുതും വലുതുമായ തലങ്ങും വിലങ്ങും റോഡുകളുള്ള അത്താണി- പറവൂർ റോഡ് വികസനം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്വപ്നമായി അവശേഷിക്കുകയാണ്. വെടിമറ മുതൽ കുന്നുകര വരെ ഏതാനും വർഷം മുമ്പ് റോഡ് വികസിപ്പിച്ചെങ്കിലും കുന്നുകര മുതൽ അത്താണി വരെ റോഡ് വികസനം നടപ്പായിട്ടില്ല. അത്താണിയിൽനിന്ന് വരുമ്പോൾ കരിവളവ്, കെ.എസ്.ഇ.ബി വളവ്, പുത്തൻതോട് വളവ്, ഗ്യാസ് വളവ്, ഇന്ത്യൻ ബാങ്ക് ഇറക്കം, ശ്രീരംഗം വളവ്, മുനിക്കൽ കവല വളവ്, ആശുപത്രിക്കവല, പാലപ്രശ്ശേരിക്കവല, പള്ളി ഇറക്കം, ചുങ്കം വളവ്, തടിക്കക്കടവ് കവല, അടുവാശ്ശേരിക്കവല, കുടിൽപീടിക, കുറ്റിയാൽ, കൊല്ലാറ, കുറ്റിപ്പുഴ, ജെ.ബി.എസ് വളവ്, കപ്പേളപ്പടി വളവ് എന്നിവിടങ്ങൾ അപകടസാധ്യതയേറിയ പ്രദേശങ്ങളാണ്.
വീതിക്കുറവും കുത്തനെയുള്ള വളവുകളും കയറ്റവും ഇറക്കവും കുണ്ടും കുഴികളും നിറഞ്ഞ പ്രദേശങ്ങളാണിവിടം. പലയിടങ്ങളിലും ജീവൻ പൊലിഞ്ഞിട്ടുണ്ട്. 'എൽ' ആകൃതിയിലുള്ള ചുങ്കം വളവിൽ ദുരന്തങ്ങൾ പതിവായതോടെ സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഇടപെട്ട് മുന്നറിയിപ്പ് ബോർഡുകൾ, റിഫ്ലക്ടറുകൾ, ഇരുമ്പ് പോസ്റ്റുകൾ തുടങ്ങിയവ ഏർപ്പെടുത്തിയശേഷമാണ് അപകടങ്ങൾക്ക് ശമനമായത്.
ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള അത്താണി-പുത്തന്‍തോട്-ഗ്യാസ് വളവുകളില്‍ മാത്രം രണ്ടര വർഷത്തിനുള്ളിൽ സ്ത്രീകളും യുവാക്കളുമടക്കം എട്ട് പേർക്കാണ് ജീവഹാനി സംഭവിച്ചത്. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം യാഥാര്‍ഥ്യമായതോടെ ദീര്‍ഘദൂര ബസ് സര്‍വിസുകള്‍, ടോറസ് അടക്കമുള്ള ഭാരവാഹനങ്ങള്‍, തീർഥാടകരുടെ വാഹനങ്ങള്‍, വിമാനത്താവളത്തില്‍ വന്നുപോകുന്നതടക്കമുള്ള വാഹനങ്ങള്‍ എന്നിവ ആശ്രയിക്കുന്ന റോഡാണിത്.
അത്താണി മുതല്‍ ചെങ്ങമനാട് വരെ പ്രധാനമായും കുപ്പിക്കഴുത്ത് ആകൃതിയില്‍ ആറ് കുത്തനെയുള്ള വളവുകളാണുള്ളത്. പുത്തന്‍തോട് വളവുകളില്‍ കുത്തനെ വളവുതിരിയുമ്പോള്‍ നിയന്ത്രണം തെറ്റിയാണ് അപകടങ്ങളുണ്ടാകുന്നതെങ്കില്‍ ഗ്യാസ് വളവില്‍ വളവ് അറിയാതെ ദിശതെറ്റി നിയന്ത്രണം വിട്ടാണ് അപകടങ്ങളുണ്ടാകുന്നത്. കൂടുതലായും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ചവര്‍ക്കാണ് ജീവഹാനി സംഭവിച്ചിട്ടുള്ളത്.
ഉന്നതങ്ങളിലെ സ്വാധീനമാണ് റോഡ് വികസനത്തിന് ഉദ്യോഗസ്ഥര്‍ക്ക് തടസ്സമാകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡിെൻറ വശങ്ങള്‍ പലയിടത്തും സ്വകാര്യവ്യക്തികള്‍ ൈകയേറിയിരിക്കുകയാണ്. അതിനാല്‍ പുത്തന്‍തോട് വളവില്‍ മാത്രം ഒതുക്കാതെ അത്താണി മുതല്‍ ചെങ്ങമനാട് വരെയുള്ള ഇരുവശത്തെയും പുറമ്പോക്ക് വീണ്ടെടുക്കണമെന്നും അതിന് സർവേ പൂര്‍ത്തിയാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ ഇടപെടല്‍മൂലം സ്ഥലം അക്വയര്‍ ചെയ്ത് പുത്തന്‍തോട് ഗ്യാസ് വളവ് നിവര്‍ത്തി റോഡ് വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച 2.5 കോടിക്ക് അടുത്തിടെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, അതിന് മുന്നോടിയായി ജില്ല കലക്ടറുടെ റവന്യൂ അനുമതി, അന്വേഷണ റിപ്പോര്‍ട്ട്, അൈലന്മെൻറ് ഉണ്ടാക്കല്‍, നോട്ടിഫിക്കേഷന്‍ തുടങ്ങിയ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ വളവ് നിവര്‍ന്ന് കാണാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.