നവകേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്.....
text_fieldsപറവൂർ
കുടിവെള്ളക്ഷാമം പരിഹരിക്കണം, മെച്ചപ്പെട്ട യാത്രാസൗകര്യമുണ്ടെങ്കിലും ഗ്രാമീണമേഖലയിൽ പൊതുഗതാഗതം ഭാഗികമാണ്. വേലിയേറ്റ ഭീഷണി മണ്ഡലത്തിലെ നാല് പഞ്ചായത്തിലായി നിലനിൽക്കുന്നു. കുടിവെള്ളപ്രശ്നം ചില മേഖലകളിലുണ്ട്.
• മണ്ഡലത്തിലെ പ്രധാന റോഡ് ദേശീയപാതയും ദേശസാൽകൃത റോഡുമാണ്. ഇടപ്പള്ളി മുതൽ മൂത്തകുന്നംവരെയുള്ള പുതിയ ദേശീയപാത 66ന്റെ നിർമാണം പുരോഗമിക്കുന്നു. നിലവിൽ 20 ശതമാനം പണി പൂർത്തിയായി. മറ്റൊരു പ്രധാന റോഡ് ആലുവ-പറവൂർ ദേശസാൽകൃത റോഡാണ്. അഞ്ചുവർഷം മുമ്പ് മികച്ച രീതിയിൽ ടാർചെയ്ത് നവീകരിച്ചതാണ്. എന്നാൽ നിലവിൽ ഈ പാത കുണ്ടും കുഴിയുമായി. എയർപോർട്ട് റോഡ് മികച്ച നിലവാരം പുലർത്തുന്നു. ജിഡയുടെ സഹകരണത്തോടെ ഏഴ് വർഷം മുമ്പ് ആരംഭിച്ച ചാത്തനാട് പാലം നിർമാണം പാതിവഴിയിലായിരുന്നു. മൂന്നുമാസം മുമ്പ് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കി. അപ്രോച്ച് റോഡിന്റെ പണി 60 ശതമാനം പൂർത്തിയായി. പൊതുമരാമത്ത് റോഡുകൾ മികച്ച നിലവാരം പുലർത്തുന്നതാണ്.
• തീരദേശ പഞ്ചായത്തുകളിൽ കുടിവെള്ളപ്രശ്നം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വടക്കേക്കര, ചിറ്റാറ്റുകര, പുത്തൻവേലിക്കര പഞ്ചായത്തുകളിലാണ് പ്രതിസന്ധി നേരിടുന്നത്. വൈദ്യുതി എത്താത്ത മേഖലകൾ മണ്ഡലത്തിൽ ഇല്ലെന്നുതന്നെ പറയാം. എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചുവരുന്നു.
• തീരദേശ പരിപാലന നിയമം എന്ന കടമ്പ നിലനിൽക്കുന്നതിനാൽ ലൈഫ് മിഷൻ പോലുള്ള ഭവന പദ്ധതികൾ തടസ്സപ്പെടുന്ന സാഹചര്യം മണ്ഡലത്തിലുണ്ട്. ലൈഫ് മിഷനിൽ വീട് ലഭിക്കാൻ അർഹതയുണ്ടായിട്ടും തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലാണ് സ്ഥലം എന്നതിനാൽ വീട് നിർമാണം തുടങ്ങാൻ കഴിയാത്ത നൂറുകണക്കിന് പേരുണ്ട്.
• ജില്ലയിൽ ഏറ്റവുമധികം രോഗികൾ ആശ്രയിക്കുന്ന പറവൂർ താലൂക്ക് ആശുപത്രി പുരോഗതിയുടെ പാതയിലാണ്. താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേൺ പ്രതിസന്ധിയും റേഡിയോളജി, അത്യാഹിത വിഭാഗങ്ങളിലെ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ ആശുപത്രികൾ തുടങ്ങിയവയുടെ നില താരതമ്യേന ഭേദമാണ്. അതേസമയം ആധുനിക കെട്ടിട സൗകര്യങ്ങൾ ഉണ്ടായിട്ടും ഡോക്ടർമാർ വേണ്ടത്ര ഇല്ലാത്തതിനാൽ കിടത്തിച്ചികിത്സ നടത്താൻ കഴിയാത്ത സാഹചര്യം താലൂക്ക് ആശുപത്രിയിലുണ്ട്. സീനിയർ സർജൻ, ജൂനിയർ ഒഫ്താൽമോളജിസ്റ്റ് ഒഴിവുകൾ നികത്താൻ നടപടിയില്ലാത്തത് രോഗികളെ വലക്കുന്നു.
• സ്കൂളുകളുടെ സ്ഥിതി പൊതുവെ മെച്ചമാണ്. പ്ലസ് ടു കോഴ്സുകളുടെ കുറവ് പലയിടത്തും നിലനിൽക്കുന്നു. കൂടുതൽ ഹൈസ്കൂളുകൾക്ക് പ്ലസ് ടു അനുവദിക്കേണ്ടത് അനിവാര്യമാണ്.
• പറവൂർ നഗരത്തിൽ സർക്കാർ കോളജ് ഇല്ലാത്തത് ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിയാണ്. ഒന്നാം പിണറായി സർക്കാർ കേസരിയുടെ പേരിൽ കോളജ് പ്രഖ്യാപിച്ച് വർഷം നാലായിട്ടും ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ല.
• വീടുകളിലെ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനം എവിടെയുമില്ല. പ്രധാന മാലിന്യ സംഭരണം വെടിമറയിലേതാണ്. എന്നാൽ പ്രദേശത്തെ ജനങ്ങൾ ആരോഗ്യ പ്രശ്നവും കുടിവെള്ള പ്രശ്നവും നേരിടുന്നു.
• പൊക്കാളി കൃഷി, മത്സ്യ കൃഷി രംഗത്ത് താരതമ്യേന ശരാശരി ഉൽപാദനം. ക്ഷീരമേഖലയിലും ചെറുധാന്യ കൃഷി ഉൽപാദന രംഗത്തും പുതിയ കർഷകർ വരുന്നത് മേഖല സജീവമാണെന്ന് സൂചിപ്പിക്കുന്നതാണ്. വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് പൊക്കാളി കൃഷി. നെല്ലിന്റെ വിപണനവും വെല്ലുവിളിയാണ്. പൊക്കാളി നെല്ല് ഏറ്റെടുത്ത വകയിൽ കർഷകർക്ക് പലയിടത്തും പണം കിട്ടാനുണ്ട്.
• മുസിരിസ് ടൂറിസം പദ്ധതികൾ നിലവിലുണ്ടെങ്കിലും പലതും നിർജീവമാണ്. മുസിരിസ് ബോട്ട് സർവിസുകൾക്ക് വേണ്ടത്ര യാത്രക്കാരില്ലാത്തത് ടൂറിസം പദ്ധതിയെ പിന്നോട്ടടിപ്പിക്കുന്നു.
• പ്രളയസാധ്യത കൂടുതലുള്ള പ്രദേശങ്ങളാണ് പുത്തൻവേലിക്കര, ചേന്ദമംഗലം വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകൾ. വൃശ്ചിക മാസത്തിലെ വെള്ളം കയറ്റം കുറച്ചുവർഷമായി രൂക്ഷമാണ്. വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്ന വെല്ലുവിളി നേരിടാനും അടിയന്തര സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനും സംസ്ഥാന ദുരന്തനിവാരണ വകുപ്പിനുകീഴിൽ വടക്കേക്കരയിൽ ബഹുനില കെട്ടിടം നിർമിച്ചിട്ടുണ്ട്.
ആലുവ
ബൈപാസ് കവലയിലെ ഗതാഗതക്കുരുക്കാണ് ആലുവയുടെയും പ്രധാന പ്രശ്നം. ഇതിന് പരിഹാരം കാണാൻ മാർത്താണ്ഡവർമ പാലത്തിന് സമാന്തര പാലമോ പുളിഞ്ചോട് കവലക്കും സെമിനാരിപ്പടിക്കും ഇടയിൽ എലിവേറ്റഡ് ഹൈവേയോ നിർമിക്കണം. ദേശീയപാതയുടെയും മറ്റു പ്രധാന റോഡുകളുടെയും വികസനം പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നു.
• നാടിന്റെ കുടിവെള്ള സ്രോതസ്സായ പെരിയാറിന്റെ മലിനീകരണമാണ് മറ്റൊരു പ്രശ്നം. മാലിന്യനിക്ഷേപവും കൈയേറ്റവും മൂലം നശിക്കുന്ന നദിയെ സംരക്ഷിക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ല.
• ആലുവ-മൂന്നാർ റോഡുകൾ നാലുവരിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് നാലുവർഷത്തിലധികമായി. ഈ റോഡുകൾ പല ഭാഗത്തും തകർന്നു.
• പഴയ വിതരണ പൈപ്പുകൾ മാറ്റാത്തത് കുടിവെള്ള പ്രശ്നത്തിന് കാരണമായി തുടരുന്നു.
• ഭവനരഹിതരും ഭൂരഹിതരും നിരവധിയുണ്ട്. പല പഞ്ചായത്തുകളിലും ലൈഫ് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി
• ആലുവ താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായത് പേരിൽമാത്രം. സൗകര്യങ്ങൾ പരിമിതമാണ്. ഹീമോഫീലിയ കേന്ദ്രം, ഡയാലിസിസ് കേന്ദ്രം തുടങ്ങിയവ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരോ മറ്റു ജീവനക്കാരോ ഇല്ല
• ചില വില്ലേജുകൾ സ്മാർട്ടാക്കിയെങ്കിലും പുതുതായി രൂപവത്കരിച്ച വില്ലേജുകൾക്ക് സ്വന്തം കെട്ടിടമില്ല.
• പരുന്തുറാഞ്ചി മണപ്പുറം വിനോദ സഞ്ചാര പദ്ധതി കടലാസിൽ ഒതുങ്ങി.
• പ്രളയബാധിതരുടെ പുനരധിവാസം നടപ്പാക്കാൻ ഏറക്കുറെ അധികൃതർക്കായിട്ടുണ്ട്.
അങ്കമാലി
ഗതാഗതക്കുരുക്കാണ് അങ്കമാലിയുടെ പ്രധാന പ്രശ്നം. പരിഹാരത്തിനായി ബൈപാസ് പദ്ധതി ആവിഷ്കരിച്ച് അലൈൻമെന്റും കുറ്റിയടിക്കലും പൂർത്തിയാക്കിയെങ്കിലും സ്ഥലം ഏറ്റെടുക്കൽ നടപടിയിൽനിന്ന് റവന്യൂ വകുപ്പ് പിന്നാക്കം പോയതോടെ പദ്ധതി നിലച്ചു
• മാഞ്ഞാലിത്തോട് നവീകരണ പദ്ധതി എങ്ങുമെത്തിയില്ല. മഴക്കാലത്തിന് മുമ്പേയുള്ള ശുചീകരണം മാത്രമാണ് നടക്കുന്നത്.
• കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ശോച്യാവസ്ഥയിൽ.
• കടുത്ത വേനലിൽ ഇടമലയാർ ഇടതുകര കനാലിൽ ജലലഭ്യത കുറയുന്നത് കുടിവെള്ള പ്രശ്നത്തിന് കാരണമാകുന്നു. ജലസേചന പദ്ധതികൾ പലതും കാലഹരണപ്പെട്ടു.
• ഭവനരഹിതരേക്കാൾ കൂടുതൽ ഭൂരഹിതരുണ്ട്. അയ്യമ്പുഴ, മഞ്ഞപ്ര, മൂക്കന്നൂർ, തുറവൂർ, കറുകുറ്റി പഞ്ചായത്തുകളിൽനിന്നാണ് കൂടുതൽ അപേക്ഷകർ.
• അങ്കമാലി താലൂക്കാശുപത്രിയിൽ രോഗികളുടെ എണ്ണത്തിന് അനുസരിച്ച് സൗകര്യങ്ങൾ കുറവാണ്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും കുറവ് ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. കാലടി സാമൂഹികാരോഗ്യകേന്ദ്രത്തിലും ജീവനക്കാരുടെ കുറവുണ്ട്. കാലടിയിൽ കിടത്തി ചികിത്സയില്ലാത്തതും രോഗികളെ വലക്കുന്നു. മഞ്ഞപ്ര, തുറവൂർ, കറുകുറ്റി എന്നിവിടങ്ങളിൽ കുടുംബാരോഗ്യകേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും ലക്ഷ്യമിട്ട സേവനങ്ങൾ നൽകാനാകുന്നില്ല.
• സ്കൂളുകളിൽ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് നികത്തണം
• അങ്കമാലി നഗരസഭ തുടക്കം കുറിച്ച മാലിന്യ സംസ്കരണ പദ്ധതി നാട്ടുകാർ കോടതിയെ സമീപിച്ചതോടെ മുടങ്ങി.
• മലയാറ്റൂർ, അയ്യമ്പുഴ, മൂക്കന്നൂർ, കറുകുറ്റി പഞ്ചായത്തുകളിൽ വന്യമൃഗ ശല്യം
• മലയോര മേഖലയിലെ ക്വാറികൾ ജനങ്ങൾക്ക് ഭീഷണിയാകുന്നു.
• ബാംബു കോർപറേഷൻ അടച്ചുപൂട്ടൽ ഭീഷണിയിൽ
• അങ്കമാലി പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഒരേക്കർ സർക്കാർ ഭൂമി പൊലീസും നഗരസഭയും തമ്മിൽ ഉടമസ്ഥാവകാശ തർക്കത്തിൽ. ഇത് വികസന പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നു.
• കാലടി പ്ലാന്റേഷൻ കേന്ദ്രീകരിച്ച് പരമ്പരാഗത തൊഴിലാളി കുടുംബങ്ങളുണ്ട്. ഇവർ ദുരിതത്തിലാണ്. കാട്ടാന ശല്യം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.