ഗിഫ്റ്റ് സിറ്റി ഭാഗത്ത് ഉരുൾപൊട്ടൽ സാധ്യത: എറണാകുളം ജില്ല ദുരന്തനിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നൽകിയത്
text_fieldsഅയ്യമ്പുഴ: മലയോര മേഖലയായ അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി പദ്ധതി പ്രദേശത്ത് ഉരുൾപൊട്ടൽ മുന്നറിയിപ്പുമായി ജില്ല ദുരന്തനിവാരണ അതോറിറ്റി. സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും റിപ്പോർട്ട് പ്രകാരം ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ടതായ ഉരുൾപൊട്ടാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ ലിസ്റ്റിലാണ് ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്ന അയ്യമ്പുഴ പഞ്ചായത്തിലെ മുണ്ടോപുറം, താണിക്കൊട് ഭാഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ നോട്ടീസ് പ്രകാരം പദ്ധതി പ്രദേശത്തിന് പുറത്തുള്ള പഞ്ചായത്തിലെ തന്നെ അഞ്ചുസ്ഥലങ്ങളിൽ കൂടി മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്.
മുൻ വർഷങ്ങളിൽ മൂന്ന് പ്രാവശ്യം ഉരുൾപൊട്ടി മണ്ണിടിച്ചിൽ ഉണ്ടാകുകയും ആളുകളെ മാറ്റിപാർപ്പിക്കുകയും ചെയ്ത പ്രദേശത്തെ സംരക്ഷിക്കുന്നതിനോ, വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കരിങ്കൽ ക്വറികളെ നിയന്ത്രിക്കുന്നതിനോ ഒരു നടപടിയും സർക്കാർ-ഉദ്യോഗസ്ഥതലത്തിൽനിന്ന് ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. എല്ലാ നിയമങ്ങളും ലംഘിച്ച് എട്ടോളം വൻ പാറമടകളാണ് മേഖലയിൽ പ്രവർത്തിക്കുന്നത്. ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത് പരിസ്ഥിതിദുർബല പ്രദേശമാണെന്നും മുമ്പും ഇവിടെ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമുള്ള കാര്യങ്ങൾ തുടക്കം മുതലേ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും ആ വിഷയത്തിൽ മതിയായ കൂടിയാലോചനയോ, പഠനമോ നടത്താതെ തിടുക്കത്തിലുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയുമായി അധികൃതർ മുന്നോട്ടു പോകുകയായിരുന്നെന്ന് ജനകീയ മുന്നേറ്റ സമിതി കൺവീനർ ബിജോയ് ചെറിയാൻ പറയുന്നു.
2018ൽ ഉരുൾപൊട്ടിയപ്പോൾ വീട്ടിൽനിന്ന് മാറി താമസിച്ചിരുന്നെന്നും എന്നാൽ, അതിനുശേഷവും നിരവധി പരാതികൾ നൽകിയിട്ടും മണ്ണിടിച്ചിലുണ്ടായ പ്രദേശത്തുനിന്ന് മീറ്ററുകൾ മാത്രം ദൂരത്തിൽ പ്രവർത്തിക്കുന്ന ക്വറികളുടെ പ്രവർത്തനം നിർത്തുന്നതിന് തയാറായിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
അപകടമേഖലയിൽനിന്ന് സുരക്ഷിത ഇടങ്ങളിലേക്ക് മാറാമെന്ന് താമസക്കാർ അറിയിച്ചെങ്കിലും ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാതെ പിന്നെയും പ്രകൃതി ചൂഷണം േപ്രാത്സാഹിപ്പിക്കുന്ന തരത്തിലുള്ള സർക്കാർ നടപടിയിൽ, മുന്നറിയിപ്പ് നോട്ടീസ് നൽകാനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ പ്രതിഷേധം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.