നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കൽ: പദ്ധതികൾ ഒന്നും നടപ്പായില്ല
text_fieldsമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ച നടപടികള്‍ പ്രാവര്‍ത്തികമാക്കാത്തതാണ് ചൊവ്വാഴ്ചത്തെ വെള്ളക്കെട്ടിന് കാരണമായതെന്ന് വിമർശനം
കൊച്ചി: നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതികൾ ഫലംകണ്ടില്ല. ആഗസ്റ്റ് രണ്ടാം വാരം നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി പി. രാജീവിന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.
ഇതിൽ നിർദേശിച്ച നടപടികള്‍ പ്രാവര്‍ത്തികമാക്കാത്തതാണ് ചൊവ്വാഴ്ചത്തെ വെള്ളക്കെട്ടിന് കാരണമായതെന്ന വിമർശനം പലഭാഗത്തുനിന്നും ഉയരുന്നു. മന്ത്രി പങ്കെടുത്ത യോഗ ശേഷം വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിനായി കലക്ടറുടെ അധ്യക്ഷതയിൽ പിന്നീട് അവലോകന യോഗം ചേര്‍ന്നിരുന്നു.
എന്നിട്ടും കാര്യമായ പ്രായോഗിക നടപടികളുണ്ടായില്ല. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊച്ചി സ്മാര്‍ട്ട് മിഷന്‍ പദ്ധതിയുടെ ഭാഗമായി സി.എസ്.എം.എല്‍ കാനകള്‍ നിര്‍മിച്ചിരുന്നു. ഇത് അശാസ്ത്രീയമാണെന്ന ആരോപണം അന്നേ ഉയർന്നിരുന്നു.
കോടികള്‍ ചെലവഴിച്ച് ജില്ല ഭരണകൂടം നടപ്പാക്കുന്ന ഓപറേഷന്‍ ബ്രേക്ക്ത്രൂ പദ്ധതിയുടെ വിശ്വാസ്യതയും ജനം ചോദ്യംചെയ്യുന്നുണ്ട്. വെള്ളക്കെട്ടുണ്ടാകുമ്പോള്‍ ഇടക്കിടെ യോഗം ചേരുന്നതല്ലാതെ ഒരു നടപടിയും പ്രാവര്‍ത്തികമാക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്ന് ജനങ്ങളും വ്യാപാരികളും കുറ്റപ്പെടുത്തുന്നു.
െഹെകോടതി പരിസരം, എം.ജി റോഡ്, ബാനര്‍ജി റോഡ്, മുല്ലശേരി കനാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചെന്നായിരുന്നു കഴിഞ്ഞ യോഗങ്ങളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ജോലികളുടെ ഭാഗമായി കനാൽ വൃത്തിയാക്കുകയും വെള്ളമൊഴുകി പോകുന്നതിന് കൂടുതല്‍ ഓവുകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ടെന്നും വിവിധ വകുപ്പുകള്‍ അവകാശപ്പെട്ടിരുന്നു. ഇതെല്ലാം അവകാശവാദങ്ങള്‍ മാത്രമാണെന്ന് ചൊവ്വാഴ്ച പെയ്ത മഴ തെളിയിച്ചു.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍, പൊതുമരാമത്ത് വകുപ്പ്, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ്, വിശാല കൊച്ചി വികസന അതോറിറ്റി, പൊലീസ്, അഗ്നിരക്ഷ സേന കൊച്ചി കോര്‍പറേഷന്‍ അധികൃതര്‍ തുടങ്ങിയവരായിരുന്നു കഴിഞ്ഞ ദിവസത്തെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.