സാമൂഹിക നീതിക്കുവേണ്ടി പൊരുതിയ അയ്യപ്പൻ
text_fieldsകൊച്ചി: 1928 ജൂലൈ 19 മുതൽ 1951 ഏപ്രിൽ നാലുവരെ കൊച്ചി നിയമസഭയിൽ അംഗമായിരുന്നു സഹോദരൻ അയ്യപ്പൻ. കൊച്ചിയിൽ ആദ്യമായി ലെജിസ്ലേറ്റിവ് കൗൺസിൽ രൂപവത്കരിച്ചത് 1925 ലാണ്. അന്ന് നിശ്ചിത തുക നികുതി നൽകുന്നവർക്ക് മാത്രമായിരുന്നു വോട്ടവകാശം.
തനിക്ക് ചുറ്റുമുണ്ടായിരുന്ന മനുഷ്യത്വവിരുദ്ധമായ ലോകത്തെ ചികിത്സിക്കാനിറങ്ങിയ അയ്യപ്പൻ ആദ്യ തെരെഞ്ഞടുപ്പിൽ അന്തിക്കാട് പൊതുമണ്ഡലത്തിലാണ് മത്സരിച്ചത്. ചേലൂർ ഇട്ടി രവി നമ്പൂതിരിയായിരുന്നു എതിർ സ്ഥാനാർഥി. കർഷകരും വേലക്കാരുമായ യഥാർഥ ജനങ്ങൾക്ക് വോട്ടില്ലെന്ന് അയ്യപ്പൻ പത്രത്തിലെഴുതി. ചില പ്രത്യേക സമുദായങ്ങൾക്ക് ഗുണവും തീയർ മുതലായ സമുദായങ്ങൾക്ക് ദോഷവുമാണെന്ന് സഹോദരൻ പറഞ്ഞു. ആദ്യ തെരഞ്ഞെടുപ്പിൽ അദ്ദേഹം തോറ്റു.
രണ്ടാം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സഹോദരൻ പത്രത്തിൽ എഴുതിയ ലേഖനത്തിൽ അയ്യപ്പൻ പ്രായപൂർത്തിയായ വോട്ടവകാശം വേണമെന്ന് വാദിച്ചു. തെരഞ്ഞെടുപ്പിൽ നായന്മാരും ക്രിസ്ത്യാനികളും കൂടി നടത്തുന്ന മത്സരം കണ്ടുനിൽക്കാനെ ഈഴവർക്ക് കഴിയൂവെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. അതിനാൽ 1928ൽ കൊച്ചി നിയമസഭയിലേക്ക് തേക്കേ ഈഴവ നിയോജക മണ്ഡലത്തിൽനിന്ന് അദ്ദേഹം മത്സരിച്ചു ജയിച്ചു.
അയ്യപ്പൻ ആദ്യമായി നിയമസഭയിൽ പ്രസംഗിച്ചത് ചരിത്രപരമായി അടിഞ്ഞുകൂടിയ ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയുമെന്ന മാലിന്യത്തെ തുടച്ചു നീക്കുന്നതിനെക്കുറിച്ചായിരുന്നു. സോഷ്യലിസ്റ്റ് ധാർമികമൂല്യങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. കൊച്ചിയിലെ പുലയർക്ക് മറ്റുള്ളവർക്ക് നൽകുന്ന അവകാശം നൽകണമെന്നും അവരെ മനുഷ്യരായി കണക്കാക്കണമെന്നും അദ്ദേഹം വാദിച്ചു. അവർക്കായി അധികൃതർ 50,000 രൂപ മാത്രം ബജറ്റിൽ നീക്കിവെച്ചത് പോരെന്നും ചൂണ്ടിക്കാട്ടി.
സാമൂഹിക നീതിക്കായി വാദിച്ച അയ്യപ്പൻ 1931 ലെ തെരഞ്ഞെടുപ്പിൽ അയ്യപ്പൻ ഈഴവ നിയോജകമണ്ഡലത്തിൽനിന്ന് എതിരില്ലാതെ വിജയിച്ചു. സഭയിൽ അദ്ദേഹം അവതരിപ്പിച്ച ബില്ലുകൾ എല്ലാം സാമൂഹ്യ പരിഷ്കരണത്തിന് സഹായകമായി. സ്ത്രീകൾക്ക് പുരുഷന്മാരോടൊപ്പം അവകാശം ലഭിക്കുന്നതിന് അവതരിപ്പിച്ച മക്കത്തായ ബില്ലിന് വലിയ എതിർപ്പുണ്ടായി. കൊച്ചി നിയമസഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് അയ്യപ്പനാണ്. അദ്ദേഹത്തിെൻറ പന്തിഭോജനം ജാതിരഹിതമായ സമൂഹത്തിനായുള്ള ഭാവി പദ്ധതിയായിരുന്നു. സാമൂഹികമായി ബഹിഷ്കരിക്കപ്പെട്ട സമൂഹത്തോടൊപ്പം ഇരുന്നാണ് അദ്ദേഹം ആഹാരം കഴിച്ചത്. സഭയിലും അദ്ദേഹം ആ നിലപാട് തുടർന്നു. കൊച്ചിയുടെ ചരിത്രത്തിൽ ജനാധിപത്യവത്കരണത്തിന് സമാനതകളില്ലാത്ത സംഭാവന നൽകിയ അദ്ദേഹം ഉയർത്തിപ്പിടിച്ച മാനവികതയുടെ രാഷ്ട്രീയ സന്ദേശം ഇന്നും പ്രസക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.