പിച്ചവെച്ചത് ദുർഘട രോഗവഴികളിൽ, വിസ്മയമായി പിഞ്ചുകുഞ്ഞ്
text_fieldsകൊച്ചി: പിറന്നതിെൻറ പിറ്റേന്നുതന്നെ കുഞ്ഞിളംമെയ്യില്‍ വലിയ ശസ്ത്രക്രിയ. തുടര്‍ന്ന് രണ്ടാഴ്ചയോളം വെൻറിലേറ്ററില്‍. നാലാഴ്ചയോളം ജീവിതം ഓക്സിജന്‍ സഹായത്തില്‍. പാല് കുടിക്കാന്‍ തുടങ്ങിയപ്പോഴേക്കും കടുത്ത ഛര്‍ദി. വലുപ്പം കുറഞ്ഞ ആമാശയം, കൂടാതെ ഗാസ്ട്രോ ഇസോഫാഗല്‍ റിഫ്ലക്സ്. ഒടുവില്‍ 51ാം ദിവസം സുഖം പ്രാപിച്ച് വീട്ടിലേക്ക്.
ആലുവ സ്വദേശികളായ മോബി-കപില്‍ ദമ്പതികളുടെ രണ്ടാമത്തെ കൺമണിയാണ് ദുരിതങ്ങൾ ഏറെ നേരിട്ടെങ്കിലും എറണാകുളം ലിസി ആശുപത്രിയിൽനിന്ന് പുഞ്ചിരിയോടെ മടങ്ങിയത്.
ജൂലൈ 19നാണ് കുഞ്ഞിെൻറ പിറവി. കൺജനീറ്റല്‍ ഡയഫ്രമാറ്റിക് ഹെര്‍ണിയ നേരത്തേ കണ്ടെത്തിയതിനാല്‍ നിയോനാറ്റോളജി, പീഡിയാട്രിക് സര്‍ജറി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീം തിയറ്ററില്െവച്ചുതന്നെ കുഞ്ഞിനെ എന്‍.ഐ.സി.യു വെൻറിലേറ്ററിലേക്ക് മാറ്റി.
ഡോ. ടോണി മാമ്പിള്ളിയുടെ നേതൃത്വത്തിലായിരുന്നു ആദ്യഘട്ട തീവ്രപരിചരണം. പിറ്റേന്ന് ചീഫ് പീഡിയാട്രിക് സര്ജന് ഡോ. ജോയ് മാമ്പിള്ളിയുടെ നേതൃത്വത്തില്‍ ഡയഫ്രമാറ്റിക് ഹെര്‍ണിയ ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് രണ്ടാഴ്ചയോളം വെൻറിലേറ്ററില്‍. ഇതിനിടയില്‍ ശ്വാസകോശ ധമനികളിലെ പ്രഷര്‍ കൂടുതലാണെന്ന് കണ്ടെത്തി ചികിത്സ ആരംഭിച്ചു. അപ്പോഴാണ് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായത്. തുടര്‍ന്ന് നാലു ദിവസം നവജാത ശിശുക്കളില്‍ അതിദുഷ്കരമായ പെരിറ്റോണിയല്‍ ഡയാലിസിസിന് കുഞ്ഞിനെ വിധേയനാക്കി.
45 ദിവസത്തിനുശേഷമാണ് ഓക്സിജൻ സഹായമില്ലാതെ കുഞ്ഞ് ശ്വസിച്ചത്. പാല് കുടിപ്പിക്കാന്‍ തുടങ്ങിയപ്പോഴേക്കും തുടര്‍ച്ചയായി ഛര്‍ദിയെത്തുടര്‍ന്ന് ആമാശയത്തിന് വലുപ്പം കുറവാണെന്നും ഗാസ്ട്രോ ഇസോഫാഗല്‍ റിഫ്ലക്സ് ഡിസീസ് എന്ന അവസ്ഥയാണെന്നും മനസ്സിലായി. മരുന്നിനൊപ്പം സാവധാനം പാലിെൻറ അളവും കൂട്ടി. അങ്ങനെ കണ്ണിമ ചിമ്മാതെ എല്ലാവരും കാത്തിരുന്ന സൗഖ്യത്തിെൻറ തീരത്തേക്ക് അവന് തുഴഞ്ഞെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.