കോളജ് ജപ്തി ചെയ്യാനൊരുങ്ങി ബാങ്ക്; ചർച്ചക്കൊടുവിൽ പിൻമാറി
text_fieldsകരുമാല്ലൂർ: ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയ മാഞ്ഞാലി എസ്.എൻ ജിസ്റ്റ് കോളജ് ജപ്തി ചെയ്യാനുള്ള നീക്കത്തിൽ നിന്ന് സ്വകാര്യ ബാങ്ക് അധികൃതർ താൽക്കാലികമായി പിൻമാറി. കൊട്ടക് മഹീന്ദ്ര ബാങ്ക് അധികൃതരും കോളജ് മാനേജ്മെന്റ് പ്രതിനിധികളും തമ്മിൽ ചർച്ചയെ തുടർന്നാണ് ജപ്തി നടപടി മൂന്ന് മാസത്തേക്ക് മരവിപ്പിച്ചത്. ബാങ്കിന് ഒരു കോടി രൂപ നൽകിയതായി കോളജ് അധികൃതർ അറിയിച്ചു.
ആറു വർഷം മുമ്പുള്ള കോളജ് ഭരണ സമിതിയാണ് ബാങ്കിന്റെ എറണാകുളം ശാഖയിൽ നിന്ന് ആറു കോടി വായ്പ എടുത്തത്. ഒരു രൂപ പോലും തിരിച്ചടക്കാതെ വന്നതോടെ മുതലും പലിശയും ചേർന്ന് 19 കോടിയായി. ഒക്ടോബർ 15ന് ബാങ്ക് ജപ്തി നടപടിയുമായെത്തിയപ്പോൾ മാനേജ്മെന്റ് ഒരു മാസത്തെ സാവകാശം ചോദിച്ചു. ഒരു കോടിക്കുള്ള ചെക്കും നൽകിയതോടെ ജപ്തി നടപടികളിൽ നിന്ന് തൽക്കാലം ഒഴിവായി. കാലാവധി അവസാനിക്കുകയും കോളജ് മാനേജ്മെന്റ് നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങുകയും ചെയ്തതോടെയാണ് വ്യാഴാഴ്ച ബാങ്ക് അധികൃതർ പൊലീസ് സന്നാഹത്തോടെ വീണ്ടും ജപ്തി നടപടിയുമായെത്തിയത്.
കോളജിന്റെ രണ്ട് പ്രധാന കവാടത്തിലുമുണ്ടായിരുന്ന സുരക്ഷ ജീവനക്കാരെ ഒഴിവാക്കി പൊലീസ് ഗേറ്റടച്ച് നിയന്ത്രണം ഏറ്റെടുത്തു. വിവരമറിഞ്ഞെത്തിയ കോളജ് ട്രസ്റ്റികൾ ബാങ്ക് അധികൃതരുമായി വീണ്ടും ചർച്ച നടത്തി. കോളജ് പൂട്ടിയാൽ നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്തിലാകുമെന്ന ആശങ്കയിൽ രക്ഷിതാക്കളും സ്ഥലത്തെത്തി. പൊലീസ് ആരെയും അകത്ത് പ്രവേശിപ്പിച്ചില്ല. ഇതോടെ, ഗേറ്റിൽ തടിച്ചുകൂടിയ രക്ഷിതാക്കളും വിദ്യാർഥികളും ബഹളം വച്ചു. 11 മണിയോടെ കോളജ് അധികൃതർ ഒരു കോടി രൂപ അടക്കാൻ തയ്യാറാതോടെ തൽക്കാലം ജപ്തി നടപടി നിർത്തുകയായിരുന്നു. എന്നാൽ, ഒരു കോടി രൂപക്കുള്ള ചെക്ക് കൈപ്പറ്റാൻ ബാങ്ക് അധികൃതർ തയ്യാറായില്ല. കോളജ് അധികൃതർ തുക കൊട്ടക്ക് മഹീന്ദ്ര ബാങ്കിൽ അടച്ച് രസീത് ഹാജരാക്കിയ ശേഷമാണ് ഇളവ് അനുവദിച്ചത്. വായ്പ തിരിച്ചടക്കുന്നതിൽ മുൻ ഭരണസമിതി വീഴ്ച വരുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കോളജ് അധികൃതർ പറയുന്നു. ബാധ്യത തീർക്കുമെന്നും വിദ്യാർഥികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.