ശ്വാസമെടുത്തു തുടങ്ങി'; സജ്ന ഇനി ആശ്വാസതീരത്തേക്ക്
text_fieldsകൊച്ചി: വൈദ്യശാസ്ത്രരംഗത്തെ അത്യപൂർവവും അതിസങ്കീർണവുമായ ട്രോമാറ്റിക് ട്രക്കിയൽ ട്രാൻസെക്ഷൻ ശസ്ത്രക്രിയയിലൂടെ രണ്ടായി മുറിഞ്ഞ ശ്വാസനാളം തുന്നിച്ചേർത്ത് ഇരുപത്തിരണ്ടുകാരിക്ക് എറണാകുളം ലൂർദ് ആശുപത്രിയിൽ പുനർജന്മം. ആലപ്പുഴയിലെ നാഷനൽ കയർ ട്രെയിനിങ് ആൻഡ് ഡിസൈൻ സെൻററിൽ കോഴ്സിെൻറ ഭാഗമായി പരിശീലനത്തിന് എത്തിയതായിരുന്നു ലക്ഷദ്വീപ് സ്വദേശിയായ സജ്ന സബാഹ്. പരിശീലനത്തിനിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന യന്ത്രത്തിൽ ഷാൾ കുടുങ്ങി കഴുത്തിൽ വരിഞ്ഞുമുറുകിയാണ് അപകടമുണ്ടായത്. ശ്വാസോച്ഛ്വാസം നിലച്ച് ബോധരഹിതയായി നിലത്തുവീണ സജ്നയെ അധ്യാപകരും സഹപാഠികളും ചേർന്ന് തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.
മുറിഞ്ഞുപോയ ശ്വാസനാളിയുടെ താഴെ ഭാഗത്ത് ഒരു ദ്വാരം ഉണ്ടാക്കി താൽക്കാലികമായി ശ്വാസോച്ഛ്വാസം നിലനിർത്താനുള്ള അടിയന്തര ശസ്ത്രക്രിയ (ട്രക്കിയോസ്റ്റോമി) മെഡിക്കൽ കോളജിൽ ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സക്ക് ലൂർദ് ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. മെഡിക്കൽ സൂപ്രണ്ടും സർജറി വിഭാഗം മേധാവിയുമായ ഡോ. സന്തോഷ് ജോൺ എബ്രഹാം, പ്ലാസ്റ്റിക് സർജൻ ഡോ. ചാക്കോ സിറിയക്, വാസ്കുലർ സർജൻ ഡോ. വിമൽ ഐപ്, അനസ്തേഷ്യവിഭാഗം ഡോ. ശോഭാ ഫിലിപ്, ഡോ. ഗായത്രി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം അത്യപൂർവമായി മാത്രം സംഭവിക്കുന്ന ഈ അതിസങ്കീർണമായ അപകടാവസ്ഥയിൽനിന്ന് സജ്നയുടെ ജീവൻ രക്ഷിക്കുന്നതിനുള്ള വിദഗ്ധ രൂപരേഖ തയാറാക്കി ചികിത്സ ആരംഭിച്ചു.
പ്രവർത്തനരഹിതമായ സ്വനപേടകം (വോക്കൽ കോഡ്) പ്രവർത്തനക്ഷമമാക്കുക എന്നതായിരുന്നു ശസ്ത്രക്രിയയുടെ ആദ്യഘട്ടം. തുന്നിച്ചേർത്ത ശ്വാസനാളി കൂടിച്ചേരുന്നതുവരെ സജ്നക്ക് കൃത്യമായ ശ്വാസോച്ഛ്വാസവും ഭക്ഷണവും നൽകുക എന്നത് മെഡിക്കൽ സംഘത്തിന് തികഞ്ഞ വെല്ലുവിളിയായിരുന്നു. ശസ്ത്രക്രിയയുടെ നാലാംനാൾ കൂട്ടിച്ചേർത്ത ശ്വാസനാളിയിലൂടെ സജ്ന ശ്വസിച്ചുതുടങ്ങി. ഏഴുദിവസത്തെ തീവ്രപരിചരണത്തിനു ശേഷം വാർഡിലേക്ക് മാറ്റിയ സജ്ന സംസാരശേഷി വീണ്ടെടുക്കുകയും വായിലൂടെ ആഹാരം കഴിച്ചുതുടങ്ങുകയും ചെയ്തു.
അത്യപൂർവമായി മാത്രം സംഭവിക്കുന്ന ശ്വാസനാളി മുറിഞ്ഞുണ്ടാകുന്ന ഇത്തരം അപകടങ്ങളിൽ 80 ശതമാനം ആളുകൾക്കും സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടപ്പെടുകയാണ് പതിവെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതുവരെ റിപ്പോർട്ട് ചെയ്ത കണക്കുകൾപ്രകാരം കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തേതുമാണ് ഈ ശസ്ത്രക്രിയ എന്ന് ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.