ബ്രഹ്മപുരത്ത് ബി.പി.സി.എൽ മാലിന്യ സംസ്കരണ പ്ലാന്റ് മാർച്ചിൽ -മന്ത്രി എം.ബി. രാജേഷ്
text_fieldsകളമശ്ശേരി: ബ്രഹ്മപുരത്ത് 2024 മാർച്ചിൽ ബി.പി.സി.എല്ലിന്റെ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്.
കളമശ്ശേരിയിൽ നടക്കുന്ന കാർഷികോത്സവത്തിൽ ‘കൃഷിക്ക് ഒപ്പം കളമശ്ശേരിയും തദ്ദേശഭരണ സ്ഥാപനങ്ങളും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
180 ടൺ മാലിന്യം സംസ്കരിച്ച് പ്രകൃതിവാതകം ഉണ്ടാക്കാൻ ശേഷിയുള്ള പ്ലാന്റാണ് നിർമിക്കുന്നത്.
കേരളത്തിലെ 10 ജില്ലകളിലും വൻകിട മാലിന്യം സംസ്കരിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കുമെന്നും കേരളത്തെ സമ്പൂർണ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യമെന്നും 4000 കർഷകരെ കോർത്തിണക്കി കളമശ്ശേരിയിൽ സംഘടിപ്പിക്കുന്ന കാർഷികമേള സ്വന്തം മണ്ഡലമായ തൃത്താലയിലും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ഏലൂരിലെ ഹരിതകർമ സേന അംഗങ്ങൾക്ക് ഓഹരി വിഹിതമായി 8,09,600 രൂപയും ബോണസായി 7000 രൂപയും മന്ത്രിമാരായ എം.ബി രാജേഷും പി. രാജീവും ചേർന്ന് കൈമാറി. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.
ആലങ്ങാട് ബ്ലോക്ക്- നഗരസഭ ചെയർപേഴ്സൻമാരായ സീമ കണ്ണൻ, എ.ഡി. സുജിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ രമ്യ തോമസ്, പി.എം. മനാഫ്, സുരേഷ് മുട്ടത്തിൽ, ശ്രീലത ലാലു, ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വ. യേശുദാസ് പറപിള്ളി, കെ.വി. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.