വീടുകളിൽ ബയോപോട്ടുകൾ വരുന്നു
text_fieldsമൂവാറ്റുപുഴ: വിവാദങ്ങൾക്കും പരാതികൾക്കുമൊടുവിൽ നഗരസഭയിലെ മാലിന്യസംസ്കരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ 20 ലക്ഷം രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഉറവിട മാലിന്യ സംസ്കരണത്തിനായി വീടുകളിലേക്ക് ബയോപോട്ടുകൾ വിതരണം ചെയ്തു. 600 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ വിതരണോദ്ഘാടനം നിർവഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.എ. സഹീർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ഷാലിന ബഷീർ, ബിന്ദു സുരേഷ് എന്നിവർ പങ്കെടുത്തു. വീടുകളിലെ മാലിന്യം വളമാക്കി മാറ്റുന്നതാണ് ബയോപോട്ടുകൾ. ഇതിനാവശ്യമായ അനുബന്ധസാമഗ്രികളും വിതരണം ചെയ്തു. 2500 രൂപ വിലവരുന്ന ബയോപോട്ടുകൾ 180 രൂപക്കാണ് വിതരണം ചെയ്തത്. ഇതുകൂടാതെ വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പ്ലാസ്റ്റിക് വേർതിരിച്ച് സംസ്കരിക്കുന്നതിന് പ്ലാസ്റ്റിക് ഷ്രെഡിങ് മെഷീനുകളും സ്ഥാപിച്ചു. ഇവയുടെ പ്രവർത്തനം അടുത്തയാഴ്ച ആരംഭിക്കും. നഗരത്തിലെ മാലിന്യസംസ്കരണം അവതാളത്തിലായിട്ട് നാളുകളായി.
നേരേത്ത നഗരസഭ നേരിട്ട് നടത്തിയിരുന്ന മാലിന്യസംസ്കരണം സ്വകാര്യ ഏജൻസിയെ ഏൽപിച്ചതോടെയാണ് കുത്തഴിഞ്ഞത്. ഇതിനു പുറമെ പരാതികളും വ്യാപകമായി. മാലിന്യം നീക്കം ചെയ്യാൻ നിശ്ചയിച്ചതിനെക്കാൾ കൂടുതൽ തുക ഈടാക്കിയതും പല സ്ഥലങ്ങളിൽനിന്ന് ഇവ നീക്കം ചെയ്യാതെ ഇരുന്നതും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.