'നോട്ട'ക്ക് വോട്ടുചെയ്യാനൊരുങ്ങി ബ്രഹ്മപുരത്തുകാർ
text_fieldsകാക്കനാട്: ഇത്തവണ നോട്ടക്ക് വോട്ട് ചെയ്യാനൊരുങ്ങി ബ്രഹ്മപുരം നിവാസികൾ. ബ്രഹ്മപുരം മാലിന്യപ്ലാൻറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് നാട്ടുകാർ നോട്ടക്ക് വോട്ട് ചെയ്യുന്നത്. പലതവണ സമരം നടത്തിയിട്ടും അധികൃതരുമായി ബന്ധപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വേറിട്ട പ്രതിഷേധത്തിനൊരുങ്ങുന്നത്.
കൊച്ചി നഗരസഭയിലെ മാലിന്യം സംസ്കരിക്കുന്നതിന് 12 വർഷം മുമ്പാണ് ബ്രഹ്മപുരത്ത് പ്ലാൻറ് ആരംഭിച്ചത്. പിന്നീട് ജില്ലയിലെ പത്തോളം നഗരസഭകളുടെയും പഞ്ചായത്തുകളുടെയും മാലിന്യവും ഇവിടെ തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. മനുഷ്യ വിസർജ്യം അടക്കമുള്ളവ ഇവിടെ ഉപേക്ഷിക്കുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു.
വർഷത്തിൽ മൂന്ന് തവണ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതും ഇടക്കിടെ ഉണ്ടാകുന്ന തീപിടിത്തവും മൂലമുണ്ടാകുന്ന വിഷവാതകം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത്.
പ്രധാനമന്ത്രി അടക്കമുള്ളവർക്ക് കത്തെഴുതിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് സമീപവാസികൾ വ്യക്തമാക്കി. മഴക്കാലത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നതും സർവ സാധാരണമായതോടെയാണ് സമ്മതിദാനാവകാശം പ്രതിഷേധ സമരമാക്കി മാറ്റാൻ നാട്ടുകാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് പ്രദേശത്ത് മുഴുവൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.