മേയാൻ വിടുന്ന പോത്തുകൾ ദുരിതം വിതക്കുന്നു
text_fieldsചൂർണിക്കര: പാടശേഖരങ്ങളിൽ മേയാൻ വിടുന്ന പോത്തുകൾ ദുരിതമാകുന്നു. കൊയ്ത്ത് കഴിഞ്ഞതും കൃഷി ചെയ്യാത്തതുമായ പാടശേഖരങ്ങളിലാണ് നിയന്ത്രണമില്ലാതെ പോത്തുകളെ അഴിച്ചുവിടുന്നത്. ചൂർണിക്കര പഞ്ചായത്തിലെ വിശാലമായ ചവർപാടം, കട്ടേപ്പാടം പാടശേഖരങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് പോത്തുകൾ മേയുന്നത്. ഇവ പലപ്പോഴും റോഡിലേക്കും സമീപ പുരയിടങ്ങളിലേക്കും കയറിച്ചെല്ലുകയാണ്.
റോഡുകളിൽ വാഹനങ്ങൾക്ക് ഭീഷണിയായ ഇവ പുരയിടങ്ങളിൽ വലിയ നാശനഷ്ടമാണ് പലപ്പോഴും വരുത്തിവെക്കുന്നത്. രാത്രി മിക്ക പോത്തുകളും റോഡുകളിൽ കയറിനിൽക്കലാണ് പതിവ്. കഴിഞ്ഞദിവസം ചവർപാടം ഭാഗത്ത് അമ്പാട്ടുകാവിൽ രാത്രിയിൽ ഇരുചക്രവാഹനം പോത്തിനെ ഇടിച്ചു. രാത്രിയിൽ റോഡിൽ കയറിനിന്ന പോത്തിനെ ഇരുചക്രവാഹന യാത്രക്കാരന് കാണാനായില്ല.
അപകടത്തിൽ വാഹനം തകരുകയും യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ രാത്രി റെയിൽവേ ഉദ്യോഗസ്ഥൻ സുരേന്ദ്രന്റെ വീട്ടിൽ പോത്ത് കയറി ചെടികൾ നശിപ്പിച്ചു. ഏതാനും മാസം മുമ്പ് ഇത്തരത്തിൽ പൊതുശല്യം രൂക്ഷമായിരുന്നു. ഇതേതുടർന്ന് പഞ്ചായത്ത് ഭരണസമിതി രാത്രിയിൽ നേരിട്ടിറങ്ങി അലഞ്ഞുനടന്ന കാലികളെ പിടികൂടിയിരുന്നു. ഉടമകൾക്കെതിരെ നടപടികളും സ്വീകരിച്ചു.
പ്രശ്നപരിഹാരത്തിന് അടിയന്തര നടപടിയെടുക്കാൻ തയാറാകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാബു പുത്തനങ്ങാടി ജില്ല കലക്ടർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.