സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
text_fieldsചെങ്ങമനാട്: ദേശീയപാത ചെങ്ങമനാട് ദേശം കവലയിൽ നിയന്ത്രണം വിട്ട ദീർഘദൂര സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ദേശം മസ്ജിദുൽ ഇഹ്സാന് സമീപം വ്യാഴാഴ്ച രാത്രി 10.50ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് മീഡിയനിൽ ഇടിച്ചുകയറി മറുവശത്തെ ട്രാക്കിൽ കടന്ന് എതിർദിശയിൽ നിന്ന് വരുകയായിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചുകയറിയായിരുന്നു.
ബസിലെ ഡ്രൈവർമാരായ ചാവക്കാട് സ്വദേശികളായ അരുൺ (28), അനൂപ് (30), കണ്ടെയ്നർ ലോറിയിലെ ഡ്രൈവർ ചേർത്തല പൂച്ചാക്കൽ തോട്ടുചിറ വീട്ടിൽ രജീഷ് (38) എന്നിവർക്കാണ് പരുക്കേറ്റത്.
ഗുരുവായൂർ വഴി എറണാകുളം- കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന 'റിയ റോസ്' ബസാണ് നിയന്ത്രണം വിട്ടത്. ഒന്നര കിലോമീറ്റർ ദൂരത്തുള്ള കോട്ടായി'ഭാരത് ബെൻസി'ൽ സർവീസ് കഴിഞ്ഞ് ആലുവ ഭാഗത്തേക്ക് പോകുകയായിരുന്നു ബസ് അങ്കമാലി ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു. വഴിയോരത്തെ രണ്ട് കച്ചവട സ്ഥാപനങ്ങൾ പൂർണമായും തകർന്നു. കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടന്നതും വഴിയിൽ യാത്രക്കാരില്ലാതിരുന്നതും കാരണം വൻ ദുരന്തം ഒഴിവായി.
പരിക്കേറ്റവരെ കേരള ആക്ഷൻ ഫോഴ്സ് വോളണ്ടിയർ ടി.വി അരുണിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു. അരുൺ, അനൂപ് എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും, രജീഷിനെ ദേശം സി.എ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അരുണിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.
അപകടത്തിൽ ആലുവ തുരുത്ത് സ്വദേശി യൂസുഫിന്റെ മീൻ കടയും ആലങ്ങാട് മാളികം പീടിക സ്വദേശി ഹമീദിന്റെ ചായക്കടയും പൂർണമായി തകർന്നു. രണ്ട് ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. വൈദ്യുതി പോസ്റ്റും അപകടത്തിൽ നിലംപൊത്തി. തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ നാല് മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പൊലീസും അഗ്നി രക്ഷസേനയുമെത്തിയാണ് രക്ഷാപ്രവർത്തനവും നടത്തിയത്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.