മൂവാറ്റുപുഴ നഗരത്തിൽ കാമറകൾ സ്ഥാപിച്ചു
text_fieldsമൂവാറ്റുപുഴ: വാഹനയാത്രികർ ജാഗ്രതൈ. നഗരം നിരീക്ഷണ കാമറകളുടെ വലയത്തിൽ. മൂവാറ്റുപുഴ നഗരത്തിലെ അഞ്ചിടത്ത് നിരീക്ഷണ കാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചുതുടങ്ങി.
നഗരത്തിലെ അടക്കം പ്രധാന കേന്ദ്രങ്ങളായ ആവോലി, ആനിക്കാട്, വാളകം, പ്രൈവറ്റ് ബസ്റ്റാൻഡ്, കടാതി, കക്കടാശേരി, വാഴപ്പിള്ളി എന്നിവിടങ്ങളിലാണ് കാമറ കണ്ണുതുറന്നിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ)കാമറകൾ സ്ഥാപിക്കുന്നത്. പൊലീസിന്റയും നഗരസഭയുടെയും നിലവിലെ നിരീക്ഷണ കാമറകൾക്ക് പുറമെയാണ് പുതിയവ സ്ഥാപിച്ചത്.
ഈ മാസം പകുതിയോടെ കാമറകൾ പൂർണമായും പ്രവർത്തിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാനത്ത് ഇത്തരത്തിൽ 700 കാമറകൾ സ്ഥാപിക്കാനാണ് പദ്ധതി. ജില്ല കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കെൽട്രോണിനാണ് പദ്ധതി നിർവഹണ ചുമതല. നിരീക്ഷണ കാമറകൾക്കിടയിൽ വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം വിശകലനം ചെയ്ത് അമിതവേഗം കണ്ടെത്തും.
ഓട്ടോമാറ്റിക്കായി നിയമലംഘനം പിടികൂടുന്ന കാമറകൾ സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി മുടക്കം തടസ്സമാകില്ല. ഹെൽമറ്റ് ഇല്ലാതെയും രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളും കുടുങ്ങും.
കൺട്രോൾ റൂമിലെ കമ്പ്യൂട്ടറുകളിൽ നിയമലംഘകർക്കുള്ള പിഴയുടെ ചെലാൻ ഓട്ടോമാറ്റിക്കായി തയാറാകും. 800 മീറ്റർ പരിധിയിലുള്ള നിയമലംഘനങ്ങൾ വരെ ഒപ്പിയെടുക്കാൻ ശേഷിയുള്ളതാണ് കാമറ.
നാല് മീറ്റർ ഉയരത്തിലെ തൂണുകളിലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങൾ പകർത്തി സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോയെന്ന ദൃശ്യം നൽകും. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും പിടികൂടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.