തുറമുഖ ഗോഡൗണിലെ ചരക്കിറക്ക് തർക്കം; ചർച്ച വീണ്ടും പരാജയപ്പെട്ടു
text_fieldsമട്ടാഞ്ചേരി: കൊച്ചി തുറമുഖത്തെ കോൺകോഡ് ഗോഡൗണിൽനിന്നുള്ള സാധനങ്ങൾ ഇറക്കുന്നതിനെച്ചൊല്ലി ഇരു യൂനിയനുകൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് ജില്ല ലേബർ ഓഫിസർ വിളിച്ച അനുരഞ്ജന ചർച്ചയും ഫലംകണ്ടില്ല. കഴിഞ്ഞ ദിവസം അസി. ലേബർ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് ജില്ല ലേബർ ഓഫിസർ അനുരഞ്ജന ചർച്ചക്ക് യൂനിയൻ നേതാക്കളെ വിളിച്ചത്. എന്നാൽ, ഇരു യൂനിയൻ നേതൃത്വങ്ങളും തങ്ങളുടെ വാദങ്ങളിൽ ഉറച്ചുനിന്നതോടെ ചർച്ച അലസുകയായിരുന്നു.
നിലവിൽ ഡെപ്യൂട്ടി ലേബർ കമീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സി.ടി.ടി.യു കോൺകോഡ് ഗോഡൗണിലെ ജോലികൾ ചെയ്യുന്നതെന്നാണ് സി.ടി.ടി.യു വൈസ് പ്രസിഡന്റ് പി.എസ്. ആഷിക്ക് പറയുന്നത്. എന്നാൽ, ജോലിക്ക് തങ്ങൾക്കും അവകാശമുണ്ടെന്നാണ് സി.ഐ.ടി.യു നേതാക്കളുടെ വാദം.
ഇരുവിഭാഗങ്ങളുടെയും തർക്കത്തിൽ വലയുന്നത് സാധനങ്ങൾ ലേലത്തിലെടുത്ത സംരംഭകനായ ഷാജറാണ്.
ഷാജർ നിലവിൽ പ്രതിദിനം 6500 രൂപ വീതം പോർട്ടിൽ ഡമറേജ് ഇനത്തിൽ നൽകിക്കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ചക്കുള്ളിൽ സാധനങ്ങൾ ഗോഡൗണിൽനിന്ന് മാറ്റിയില്ലെങ്കിൽ ഷാജറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്ന സാഹചര്യമാണ്. സാധനങ്ങൾ കയറ്റുന്നതിന് സൗകര്യം ഒരുക്കിത്തരണമെന്ന് ലേബർ ഓഫിസറോടും യൂനിയൻ നേതാക്കളോടും ഷാജർ ആവശ്യപ്പെട്ടെങ്കിലും ഫലംകണ്ടില്ല. ഈ സാഹചര്യത്തിൽ കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.
തുറമുഖത്തെ കോൺകോഡ് ഗോഡൗണിൽനിന്നുള്ള സാധനങ്ങൾ സി.ഐ.ടി.യു, സി.ടി.ടി.യു യൂനിയനുകളുടെ തർക്കംമൂലമാണ് ഇറക്കാൻ കഴിയാത്ത സാഹചര്യമുണ്ടായത്. കൊച്ചി തുറമുഖത്തുനിന്ന് ലേലം ചെയ്ത് വിറ്റ സാധനങ്ങളാണ് കോൺകോഡ് ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ളത്. വെലിങ്ടൻ ഐലൻഡ് ക്ഷേമനിധി ബോർഡാണ് ഇവിടെ തൊഴിലാളികളെ നിയോഗിക്കുന്നത്. എം.എൽ.എയുമായി സി.ടി.ടി.യു യൂനിയൻ നേതാക്കൾ ചർച്ചചെയ്ത് പരിഹാരമുണ്ടാക്കണമെന്ന ധാരണയിലാണ് വെള്ളിയാഴ്ച നടന്ന യോഗം പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.