സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ല; കടുങ്ങല്ലൂർ വില്ലേജ് ഓഫിസ് കയറിയിറങ്ങി ജനം വലയുന്നു
text_fieldsകടുങ്ങല്ലൂർ: സർട്ടിഫിക്കറ്റുകൾക്കും മറ്റു സേവനങ്ങൾക്കുമായി എത്തുന്ന ജനങ്ങൾ വില്ലേജ് ഓഫിസ് കയറിയിറങ്ങി വലയുന്നു. സർട്ടിഫിക്കറ്റുകൾ കൃത്യമായി ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സേവനത്തിന് എത്തുന്നവർ പലപ്പോഴും വില്ലേജ് ഓഫിസറോ മറ്റ് ഉദ്യോഗസ്ഥരോ ഇല്ല എന്ന മറുപടി കേട്ട് തിരിച്ചുപോകേണ്ട ഗതികേടിലാണ്. ഒരു കാര്യത്തിന് പലവട്ടം ഓഫിസ് കയറി ഇറങ്ങിയാലും പ്രശ്നപരിഹാരമോ ഉദ്യോഗസ്ഥരിൽനിന്ന് തൃപ്തികരമായ മറുപടിയോ ലഭിക്കാറില്ല.
അത്യാവശ്യ സർട്ടിഫിക്കറ്റുകൾപോലും കൃത്യമായി നൽകാൻ വില്ലേജ് ഓഫിസർ തയാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വില്ലേജ് ഓഫിസറടക്കം ഉദ്യോഗസ്ഥർ പലപ്പോഴും ഓഫിസിൽ ഉണ്ടാകാറില്ലെന്നും പരാതിയുണ്ട്. ഓഫിസിൽ വന്നാൽ തന്നെ പല കാരണങ്ങൾ പറഞ്ഞ് സർട്ടിഫിക്കറ്റുകൾ നൽകുന്നത് നീട്ടിക്കൊണ്ടുപോവുകയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇത് സംബന്ധിച്ച് മേലുദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകളും വയോധികരുമെല്ലാം വില്ലേജ് ഓഫിസിൽ കയറിയിറങ്ങി കഷ്ടപ്പെടുന്നത് പതിവുകാഴ്ചയാണ്. എന്നാൽ, ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രശ്നമെന്ന് വില്ലേജ് ഓഫിസർ പറയുന്നു.
ജില്ലയിൽ ഭൂമി തരംമാറ്റലുൾപ്പെടെയുള്ള അപേക്ഷകൾ ഏറ്റവും കൂടുതലുള്ള വില്ലേജുകളിൽ രണ്ടാമത്തേതാണ് കടുങ്ങല്ലൂർ വില്ലേജ് ഓഫിസ്. എന്നിട്ടും ജീവനക്കാരുടെ അനുവദിക്കപ്പെട്ട അംഗസംഖ്യപോലും ഓഫിസിൽ ഇല്ലത്രെ. ജില്ല തല ഇടപെടലുണ്ടായാലേ പ്രശ്നപരിഹാരമാകൂവെന്ന് ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.