തീരജനതയുടെ പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെടുന്നില്ല -ചെന്നിത്തല
text_fieldsപള്ളുരുത്തി: ചെല്ലാനത്തെ കടൽകയറ്റം മൂലം ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എൽ.ഡി.എഫ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ചെല്ലാനത്ത് കടൽക്ഷോഭം ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കടൽകയറ്റം രൂക്ഷമായി അനുഭവപ്പെട്ട സൗദി, ചെറിയകടവ്, ബസാർ, കമ്പനിപ്പടി എന്നിവിടങ്ങൾ അദ്ദേഹം സന്ദർശിച്ചു.
പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ സർക്കാർ ഒന്നും ചെയ്യുന്നില്ല. ചെല്ലാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം. പുലിമുട്ട് സ്ഥാപിക്കുന്നതിന് എൽ.ഡി.എഫ് സർക്കാർ എതിരാണ്. കടൽകയറ്റത്തിന് പുലിമുട്ട് മാത്രമാണ് ശാശ്വത പരിഹാരം. യുദ്ധകാലാടിസ്ഥാനത്തിൽ പുലിമുട്ട് നിർമിക്കണം.
കോൺഗ്രസ് സർക്കാർ ഭരണത്തിലേറിയാൽ ചെല്ലാനത്ത് പുലിമുട്ട് നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മുൻ മന്ത്രി ഡൊമിനിക് പ്രസേൻറഷൻ, മുൻ മേയർ ടോണി ചമ്മണി, ഷാജി കുറുപ്പശ്ശേരി, ജോൺ പഴേരി, എം.പി. ശിവദത്തൻ, പി.ജെ. പ്രദീപ്, ശ്രീനി എസ്. പൈ, ഷാജി തോപ്പിൽ, മേരി ലിസി, വൽസ ഫ്രാൻസിസ് എന്നിവർ രമേശ് ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്നു.
ചെല്ലാനത്ത് പുലിമുട്ടുകൾ സ്ഥാപിക്കും- മന്ത്രി
കൊച്ചി: രൂക്ഷ കടൽക്ഷോഭം നേരിടാൻ ചെല്ലാനത്ത് പുലിമുട്ടുകൾ സ്ഥാപിക്കും. ഇതിനാവശ്യമായ നടപടി വേഗത്തിലാക്കാൻ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി ബന്ധെപ്പട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഓഖി ചുഴലിക്കാറ്റിന് ശേഷമാണ് ചെല്ലാനത്ത് കടൽക്ഷോഭ ഭീഷണി വർധിച്ചത്. ഇത് തടയുന്നതിന് കടൽഭിത്തി നിർമിക്കാനും ജിയോ ട്യൂബുകൾ വിന്യസിക്കാനും ജലവിഭവ വകുപ്പ് നടപടിയെടുത്തിരുന്നു. എന്നാൽ, കടൽക്ഷോഭം ശക്തമായി തുടരുന്നതിനാൽ ലക്ഷ്യമിട്ട പുരോഗതി കൈവരിക്കാനായില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ അഭിപ്രായംകൂടി പരിഗണിച്ച് പുലിമുട്ടുകൾ സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.