സി.എൻ. മോഹനന് രണ്ടാമൂഴം; കുന്നത്തുനാട്ടിലെ സി.പി.എം അണികളിൽ ആവേശം
text_fieldsകോലഞ്ചേരി: ജില്ല സെക്രട്ടറി സ്ഥാനത്ത് സി.എൻ. മോഹനന് രണ്ടാമൂഴം; കുന്നത്തുനാട്ടിലെ പാർട്ടി അണികളിൽ ആവേശം.
വിദ്യാർഥിരാഷ്ട്രീയത്തിലൂടെ സജീവമായ അദ്ദേഹം ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് രണ്ടാം വട്ടവുമെത്തുമ്പോൾ കോലഞ്ചേരി ഏരിയ കമ്മിറ്റിക്കും അഭിമാനം. പൂതൃക്ക ചാപ്പുരയിൽ പരേതരായ നാരായണെൻറയും ലക്ഷ്മിയുടെയും മൂന്നാമത്തെ മകനാണ് ഇദ്ദേഹം.
വിദ്യാർഥി, യുവജന രംഗങ്ങളിലൂടെയാണ് സി.പി.എമ്മിൽ കടന്നുവന്ന സി.എൻ 1994 മുതൽ 2000 വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറായി. '92-'93ൽ അഖിലേന്ത്യ വൈസ് പ്രസിഡൻറായിരുന്നു. 2000-2005ൽ സി.പി.എം കോലഞ്ചേരി ഏരിയ സെക്രട്ടറിയായി. 2012ൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 11 വർഷം ദേശാഭിമാനി കൊച്ചി യൂനിറ്റ് മാനേജറായിരുന്നു. 2016 ഡിസംബർ മുതൽ ജി.സി.ഡി.എ ചെയർമാനായി പ്രവർത്തിച്ചു. തുടർന്ന് 2018 ജൂൺ 20ന് സി.പി.എം ജില്ല സെക്രട്ടറിയായി.
ജില്ല സെക്രട്ടറിയായിരുന്ന പി. രാജീവ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്. കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജിൽനിന്ന് ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവുമെടുത്തു.
കുറച്ചുകാലം അഭിഭാഷകനായും പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറായിരിക്കെ നടന്ന കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ പൊലീസിനെതിരെ മുൻനിരയിൽനിന്ന് സമരം നയിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗമായിരിക്കെ ഭാരത് ബന്ദിന് പുത്തൻകുരിശിൽ പൊലീസിെൻറ മർദനമേറ്റു.
പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ അന്നത്തെ ഏരിയ സെക്രട്ടറിയായിരുന്ന സി.എ. വർഗീസിനെയും സി.എന്നിനെയും രണ്ടുദിവസം തുടർച്ചയായി മർദിച്ച സംഭവം ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. വടവുകോട് ഫാർമേഴ്സ് ബാങ്ക് ജീവനക്കാരി കെ.എസ്. വനജയാണ് ഭാര്യ. ചാന്ദ്നി, വന്ദന എന്നിവർ മക്കൾ. മരുമകൻ: അമൽ ഷാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.