കടലിൽ അപകടത്തിൽപെട്ട 11 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
text_fieldsകൊച്ചി: എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ ബോട്ടിലകപ്പെട്ട 11 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.
തമിഴ്നാട് കുളച്ചലിൽനിന്നുള്ള ഡിവൈൻ വോയിസ് എന്ന മത്സ്യബന്ധന ബോട്ടിൽ കുടുങ്ങിയ തൊഴിലാളികളെയാണ് കരക്കെത്തിച്ചത്. കുളച്ചൽ ഫിഷറീസ് അസി. ഡയറക്ടർ മുംബൈ മാരിടൈം റെസ്ക്യൂ കോഓഡിനേഷൻ സെൻററിൽ നൽകിയ വിവരമനുസരിച്ചായിരുന്നു ഓപറേഷൻ.
ബോട്ട് തീരത്തുനിന്ന് 27 നോട്ടിക്കൽ മൈൽ അകലെ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകികൊണ്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് കപ്പലായ അഭിനവും ഡ്രോണിയർ എയർക്രാഫ്റ്റും ചേർന്ന് സംയുക്ത സമുദ്ര-വ്യോമ തിരച്ചിൽ സംഘടിപ്പിക്കുകയും ബോട്ട് കണ്ടെത്തുകയും ചെയ്തു. കനത്ത മഴയും ശക്തമായ കാറ്റും മൂലം കടലിലെ സാഹചര്യം ദുർഘടമായത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.
എന്നാൽ, മൂന്നു മണിക്കൂർ നീണ്ട അപകടകരമായ ഓപറേഷന് ശേഷം എല്ലാവരെയും രക്ഷപ്പെടുത്തുകയായിരുന്നു. പ്രാഥമിക ചികിത്സക്കുശേഷം ഇവരെ പ്രാദേശിക മത്സ്യബന്ധന അതോറിറ്റികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.